പെണ്ണേ മണവാട്ടി പെണ്ണേ
പെണ്ണേ മൊഞ്ചുള്ള പെണ്ണേ
കളികുട്ടി പ്രായം കഴിഞ്ഞു നിന്റെ
കല്ല്യാണ രാത്രി ഇതാ വന്നൂ..
കല്ല്യാണ രാത്രി ഇതാ വന്നൂ..
ഒപ്പനയുടെ മൊഞ്ചും കോൽക്കളിയുടെ നാടൻ ശീലുകളും അന്തരീക്ഷത്തിൽ നിറഞ്ഞു. താളത്തിനൊപ്പം ചുവടു വച്ച തോഴിമാരും നാണത്താൽ നഖ ചിത്രം വരച്ച മണവാട്ടിയും കാണികൾക്ക് വിരുന്നായി. കല്യാണ രാവ് കിനാവ് കണ്ടു വരുന്ന മണവാളൻ ഹരം പകർന്നു. ഹൂസ്റ്റണിലെ ഈദ് ആഘോഷം നാടിന്റെ തനി പകർപ്പായി.
ഒരു മാസം നീണ്ട വ്രതാനുഷ്ഠാനങ്ങൾക്ക് പരിസമാപ്തി കുറിച്ചു കൊണ്ട് ഹൂസ്റ്റണിലെയും പരിസര പ്രദേശങ്ങളിലെയും മലയാളി മുസ്ലിങ്ങളുടെ കൂട്ടായ്മയായ "ഐഡിയൽ ഫ്രണ്ട്സ്" ഈദ് ആഘോഷം ഖൽബിൽ പൊഴിച്ചത് തേൻ മഴ.
ഒപ്പന , കോൽക്കളി, തുടങ്ങിയ പരമ്പരാഗത കലാപരിപാടികൾക്ക് പുറമെ ഖുർ ആൻ പാരായണം, “സോഷ്യൽ മീഡിയ സ്വാധീനം” എന്ന വിഷയത്തിൽ ഡിബേറ്റ്, എന്നിവ ഉണ്ടായിരുന്നു. 150 ഓളേം പേർ പങ്കെടുത്ത ചടങ്ങ് വിശ്വാസികൾക്ക് പുതിയ അനുഭവമായി.
ജഡ്ജ് സുരേന്ദ്രൻ പട്ടീൽ, പോലീസ് ക്യാപ്റ്റൻ മനോജ് പൂപാറയിൽ, ഷുഗർ ലാൻഡ് സിറ്റി കൗൺസിൽ സ്ഥാനാർഥിയും ആഴ്ചവട്ടം പത്രാധിപരും സാമൂഹ്യ പ്രവർത്തകനുമായ ഡോ. ജോർജ് കാക്കനാട് എന്നിവർ ആശംസകൾ നേർന്നു.
സലീം, അജീദ്, മൊയ്തീൻ, മു്ജേഷ്, ജലാൽ, ഉമർ, ഹസീൻ, ഡോ. ഹാഷിം, നബീസ, അനീഷ്യ, ഷെമീന, നിഷ, റജില, ഷെമി , ഷഹീന, ഡോ. ബിനുഷ എന്നിവരുടങ്ങിയ കോർ ടീമും വളണ്ടിയർ ടീമുമാണ് ഈദ് പ്രോഗ്രാം ഓർഗനൈസ് ചെയ്യാനും വിജയിപ്പിക്കാനും സഹായിച്ചത്.