Image

കണിക്കനൽപ്പൂവ് (രമാ പിഷാരടി)

Published on 07 April, 2025
കണിക്കനൽപ്പൂവ് (രമാ പിഷാരടി)

ചക്രവാകസ്വരങ്ങൾക്കുമപ്പുറം-
ദു:ഖനൈഷാധവർത്തമാനങ്ങളിൽ
കയ്പനെല്ലിക്കപോലെ തിരിയുന്നൊരീ-
ധരിത്രിയൊരേകാന്തയോഗിനി

കത്തിയാളുന്ന സൂര്യനെപ്പോലിതാ-
ശബ്ദതീക്ഷ്ണകൗമാരം തിളയ്ക്കവേ;
ശബ്ദശൂന്യം നടുങ്ങി ഭൂമി കണി-
വച്ചുവോ ദയാപൂർവ്വമീപൂവിനെ…

സ്നേഹമോ സിരാധാരയിൽ നിന്നു-
ണർന്നേകഭാവ-വർണ്ണത്തിൻ്റെ രക്തമോ,
ജീവനിൽ നിന്നടർന്ന് പോകും ചെറു-
ലോഹിനിയിലെ മന്ത്രവിന്യാസമോ?

ഏതിൽ നിന്നീ തരംഗപ്രവാഹങ്ങൾ?
ഏതിലാണിന്നയനകാലശ്രുതി
ഏതിൽ ജാഗ്രത് സുഷുപ്തി കിനാവുകൾ
ഏതിലീവിഷു വാഴ്വ്, സമാഗമം

ഏതിലിന്നീ പ്രപഞ്ചസാരംഗികൾ
താളമിട്ട് പോകുന്നു കിഴക്കിനെ-
കോരിവയ്ക്കുന്നു ചക്രവാളത്തിൻ്റെ
ദീപരേഖ ജ്വലിച്ച പുലരിയിൽ

യാഗശാലയ്ക്കുമപ്പുറം നേരിൻ്റെ-
ഭൂപടത്തിലുണ്ടാക്കണിപ്പൂവുകൾ
തീ പടർന്നല്പമെങ്കിലും, കണ്ണിലെ-
സ്നേഹധാരയിലുപ്പലിഞ്ഞെങ്കിലും

പാതിമിന്നലടരെടുത്തെങ്കിലും
പാതിയിലുണ്ട് മൺപാത്രമാർദ്രത,
വേര്, പച്ചപ്പൊരാനന്ദഭൈരവി,
ദൂരെ വിണ്ണിൻ്റെ നക്ഷത്രജാലകം!

കയ്യിലെ തണുപ്പമ്മയ്ക്കൊരക്ഷരം
സ്വർണ്ണമോതിരം, കാലണത്തുട്ടുകൾ
കണ്ണിലാകെയുറങ്ങും കിനാവുകൾ
കൺതുറക്കെ ചിരിച്ച ബാല്യാങ്കണം

ഇത്തിരിക്കനൽപ്പൂവ്, മഷിപ്പച്ച-
കൊത്തിവയ്ക്കുന്ന വാക്കിതൾച്ചില്ലകൾ
നിത്യസങ്കീർത്തനത്തിൻ്റെ പാട്ടുകാർ
പക്ഷികൾ, പൂർവ്വരാഗം,   വിഷുക്കണി... 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക