Image

ത്രിദിനം (കവിത: വേണു നമ്പ്യാർ)

Published on 07 April, 2025
ത്രിദിനം (കവിത: വേണു നമ്പ്യാർ)

ജന്മദിനം

എന്റെ ജന്മദിനം പ്രമാണിച്ച് ആരും എനിക്കു വേണ്ടി മെഴുകുതിരികൾ കത്തിച്ചില്ല
ആരും കേക്കിന്റെ മധുരം
എന്റെ ചുണ്ടിൽ പുരട്ടിയില്ല
ആരും ഓർത്തില്ലെന്നു
മാത്രമല്ല, ഒരു സമ്മാനപ്പൊതിയും
എന്നെ തേടിയെത്തിയില്ല
അവഗണനയുടെ ഉപകാരസ്മരണയ്ക്ക്
ഞാൻ ബന്ധുമിത്രാദികൾക്കെല്ലാം
ആശംസാസന്ദേശങ്ങൾ അയച്ചു
മറുപടിയായി ഒരു ഇമോജി പോലും എന്നെ തേടിയെത്തിയില്ല
മരിച്ചവന്റെ സ്വപ്നത്തിലെ
ജന്മദിനം എത്ര ആശ്വാസപ്രദം!

ഓർമ്മദിനം

ഇന്നും അവളെക്കുറിച്ച്
ഓർക്കുവാൻ കഴിയുന്നില്ല
അന്യരുടെ കണ്ണിലാണ്
അവൾ പോയത്
അവൾ ഇന്നും എന്നും
എന്റെ ഹൃദയത്തിൽ ജീവിച്ചിരുപ്പുണ്ട്
അവളെ ഓർക്കേണ്ടി വരുന്നതു
അവളുടെ ആത്മാവിനോട്
ചെയ്യുന്ന ഒരു കൊടുംപാതകമാകും
ഞാനും അവളും തമ്മിൽ
ഒരു അകൽച്ചയുമില്ല
അടുപ്പമുണ്ടെന്ന് കൊട്ടിഘോഷിച്ചാൽ
അതും ഒരു കൊടുംപാതകമാകും!

ചരമദിനം

ഇന്നലെ പടിയിറങ്ങിപ്പോയ
അജ്ഞാതരുടെ മുഖചിത്രങ്ങൾ
ഇന്നത്തെ ദിനപത്രത്തിലെ
പതിനഞ്ചാം പേജിലുണ്ട്
.
അവയൊക്കെ
ബ്ലാക്ക് ആന്റ് വൈറ്റിൽ
സ്റ്റാമ്പ് സൈസ് വലിപ്പത്തിൽ
സ്വന്തം മരണത്തിന്റെ തന്നെ
നുറുങ്ങുന്ന ചിത്രപര്യായങ്ങളായി
പരിലസിച്ചു

അവയിലൂടെ മരണത്തെ 
ഞാൻ രുചിച്ചു നോക്കി
അനിശ്ചിതത്വത്തിലെ
നിശ്ചിതത്വം തൊട്ടറിഞ്ഞു
ജീവൻ നില നിർത്താൻ വേണ്ടി
കഴിക്കുന്ന മരുന്നുകൾക്കെല്ലാം
എക്സ്പയറി തീയ്യതി ഒന്നല്ലല്ലോ
എന്നു ഞാൻ സമാശ്വസിച്ചു

കയ്പിന്റെ ഈ പാനപാത്രം 
തട്ടിനീക്കുവാൻ
എന്റെ കരങ്ങൾക്ക് ശക്തി പോരാ
സ്രഷ്ടാവിന്റെ ബധിരകർണ്ണങ്ങളിൽ
അയുക്തി കലർന്ന എന്റെ പ്രാർത്ഥന 
പതിയുമൊ?
ഒരവിശ്വാസിയായ ഞാൻ
സ്വയം ഉരുകി തീരുന്ന
ഒരു മെഴുകുതിരിയായി
ഉള്ളുരുകി പ്രാർത്ഥിക്കയാണ്:
നടക്കുക അവിടത്തെ ഇഷ്ടമത്രെ;
എങ്കിലും ആകുമെങ്കിൽ ഇതെന്നിൽ നിന്ന് ..........!

കടലോളമല്ലോ 
നിന്റെ കൃപയ്ക്ക്
വിസ്താരം 
എന്റെ വെളിച്ചത്തിന്
സീമയുണ്ടെന്നറിയാം
പരിധിയില്ലാത്ത ഇരുട്ടിനു
മുന്നിൽ കീഴടങ്ങാനുള്ള ശക്തി
ഈ ദുർബ്ബലന് നീ തരില്ലേ?

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക