Image

വഖഫ് കേസില്‍ മുനമ്പം നിവാസികൾക്ക് കക്ഷി ചേരാം; അനുമതി നൽകി കോഴിക്കോട് വഖഫ് ട്രിബ്യൂണല്‍

Published on 07 April, 2025
വഖഫ് കേസില്‍ മുനമ്പം നിവാസികൾക്ക് കക്ഷി ചേരാം; അനുമതി നൽകി  കോഴിക്കോട് വഖഫ് ട്രിബ്യൂണല്‍

കോഴിക്കോട്: വഖഫ് കേസില്‍ മുനമ്പം നിവാസികള്‍ക്ക് കക്ഷി ചേരാന്‍ കോഴിക്കോട് വഖഫ് ട്രിബ്യൂണല്‍ അനുമതി നല്‍കി. മൂന്നംഗ വഖഫ് ട്രിബ്യൂണലാണ് വിധി പറഞ്ഞത്. ഫറൂഖ് കോളേജ് മാനേജ്‌മെന്റ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയില്‍ കക്ഷി ചേരണമെന്ന മുനമ്പം നിവാസികളുടെ ആവശ്യമാണ് വഖഫ് ട്രിബ്യൂണല്‍ അംഗീകരിച്ചത്. സംസ്ഥാന വഖഫ് ട്രിബ്യൂണലിന്റെ നടപടികള്‍ക്കെതിരേ രണ്ട് ഹര്‍ജികളാണ് ഫറൂഖ് കോളേജ് മാനേജ്‌മെന്റ് അസോസിയേഷന്‍ സമര്‍പ്പിച്ചത്. മുനമ്പത്തേത് വഖഫ് ഭൂമിയാണെന്നുള്ള വഖഫ് ബോര്‍ഡിന്റെ 2019-ലെ ഉത്തരവും വഖഫ് രജിസ്റ്ററില്‍ സ്ഥലം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവും റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഫറൂഖ് കോളേജ് ഹര്‍ജി നല്‍കിയത്.

നിസാര്‍ കമ്മീഷൻ റിപ്പോര്‍ട്ട് വന്നതോടെ സര്‍വേ പോലും നടത്താതെ സ്വമേധയാ സ്ഥലം ഏറ്റെടുത്തുവെന്നും ഫറൂഖ് കോളേജ് അറിയിച്ചിരുന്നു. ഫറൂഖ് കോളേജിന്റെ ഹര്‍ജികള്‍ പരിഗണിക്കുമ്പോള്‍ മുനമ്പം നിവാസികള്‍ക്ക് പറയാനുള്ള ഭാഗവും വഖഫ് ട്രിബ്യൂണല്‍ കേള്‍ക്കും. നാളെ കേസിലെ തുടര്‍വാദങ്ങള്‍ ആരംഭിക്കും.

 ഫറൂഖ് കോളേജിന് ഭൂമി വില്‍ക്കാനുള്ള അധികാരത്തെ തുടര്‍ന്നാണ് മുനമ്പത്തെ ഭൂമി വാങ്ങിയതെന്നും 35 വര്‍ഷത്തിന് ശേഷമുണ്ടായ ആക്ഷേപമാണിതെന്നും വിധി വഖഫ് സംരക്ഷണ സമിതിക്കുള്ള തിരിച്ചടിയാണെന്നും കേസില്‍ കക്ഷി ചേരാനെത്തിയ മുനമ്പം നിവാസികളുടെ പ്രതിനിധി ജോസഫ് റോക്കി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക