ഇന്ന് എന്റെ രണ്ടാം വിവാഹമാണ്
ഇളയ മകൾക്ക് രണ്ടു വയസുള്ളപ്പോൾ എന്റെ ഭർത്താവ് ഒരു ആക്‌സിഡന്റിൽ മരണപ്പെട്ടു. മൂന്നു മക്കളായിരുന്നു ഞങ്ങൾക്ക്. ഭർത്താവിന്റെ പെട്ടന്നുള്ള വിയോഗം താങ്ങാൻ ആകുന്നതിനും അപ്പുറമായിരുന്നു. ഭർത്താവ് ജോലിചെയ്തു കൊണ്ടുവരുന്നതായിരുന്നു ഞങ്ങളുടെ ഏക വരുമാനം. എന്നെ ജോലിക്ക് പോകാൻ അദ്ദേഹം അനുവദിക്കില്ലായിരുന്നു. വേറൊന്നും കൊണ്ടല്ല... മക്കളുടെ കാര്യം നോക്കണം അതിന്റെ കൂടെ ജോലിക്കും കൂടി പോയാൽ നിന്നെക്കൊണ്ട് താങ്ങാൻ പറ്റത്തില്ല.. ഇതായിരുന്നു അദ്ദേഹം പറയുന്നത്.
അപ്രതീക്ഷിതമായുള്ള അദ്ദേഹത്തിന്റെ വേർപാട് എന്നെ വല്ലാതെ തളർത്തി... മാസങ്ങൾ കഴിഞ്ഞപ്പോൾ മുതൽ എന്നെ അറിയാവുന്നവരെല്ലാം മറ്റൊരു വിവാഹത്തിന് എന്നെ നിർബന്ധിച്ചു. ഒരുപാട് ആലോചനകളും വരുന്നുണ്ടായിരുന്നു. പക്ഷെ ഞാൻ സമ്മതിച്ചില്ല.... കാരണം എന്റെ മക്കളോട് അവർ എങ്ങനെ പെരുമാറും എന്ന കാര്യത്തിൽ എനിക്ക് ഭയമായിരുന്നു. അവരുടെ അച്ഛന്റെ സ്ഥാനത്തു മറ്റൊരാളെ അവർക്ക് ഉൾക്കൊള്ളാൻ കഴിയുമോ ഇതൊക്കെയായിരുന്നു എന്റെ ചിന്തകൾ.
മക്കൾക്ക് വേണ്ടി ജീവിക്കണം. അവരെ പഠിപ്പിച്ചു നല്ല നിലയിൽ എത്തിക്കണം.. അതുകൊണ്ട് തന്നെ ഞാൻ കല്യാണത്തിന് വിസമ്മതിച്ചു. മക്കളൊക്കെ വളർന്ന് വലുതായി സ്വന്തം കാലിൽ നിൽക്കാൻ തുടങ്ങിയിട്ട് നമുക്ക് ആലോചിക്കാം... ഞാൻ ബന്ധുക്കളോട് പറഞ്ഞു. പിന്നെ അവരെ വളർത്താനുള്ള ഒരു നെട്ടോട്ടമായിരുന്നു.
ഒരുപാട് നാളത്തെ അലച്ചിലിനൊടുവിൽ ഒരു സൂപ്പർമാർക്കെറ്റിൽ ജോലി കിട്ടി. അങ്ങനെ കിട്ടുന്ന തുച്ഛമായ വരുമാനവും വീട്ടുകാരുടെ സഹായവും എല്ലാംകൂടി ആയപ്പോൾ മക്കളെ നന്നായി പഠിപ്പിക്കാൻ എനിക്ക് സാധിച്ചു.
മക്കൾക്ക് എല്ലാവർക്കും ജോലിയായി.. എല്ലാവരും പുറം രാജ്യങ്ങളിലേക്ക് പോയി... വീട്ടിൽ ഞാൻ ഒറ്റക്കായി.. ഒന്ന് മിണ്ടാനോ പറയാനോ ആരുമില്ല. വളർത്തിവലുതാക്കിയ മക്കൾക്കൊക്കെ കൂടെ കൊണ്ടുനടക്കാൻ വലിയ നാണക്കേട് തോന്നി തുടങ്ങിയിരിക്കുന്നു.
വല്ലപ്പോഴും ഒരു ഫോൺ call അത്രേ ഉള്ളൂ.അങ്ങനെ ഇരുന്നപ്പോഴാണ് എന്റെ ആങ്ങള ഒരു ആലോചന കൊണ്ടു വരുന്നത്.. ഞാൻ പറഞ്ഞു എനിക്ക് മക്കളോടൊന്ന് സംസാരിക്കണം... അവർക്ക് ഇഷ്ടക്കുറവൊന്നും കാണില്ല എന്നാലും അവരോട് ചോദിക്കാതെ എങ്ങനെയാ.... ഞാൻ തന്നെ വിളിച്ചു മൂന്ന് മക്കളോടും കാര്യം പറഞ്ഞു. പക്ഷെ ഞാൻ വളർത്തിയ എന്റെ മക്കളുടെ പ്രതികരണം കേട്ട് ഞാൻ സത്യത്തിൽ ഇല്ലാതായി.. " അമ്മക്ക് നാണമില്ലേ ഇത് ഞങ്ങളോട് പറയാൻ.. ഈ പ്രായത്തിൽ കല്യാണമോ.. അയ്യേ എങ്ങനെ പുറത്തിറങ്ങി നടക്കും.
അമ്മക്ക് വീട്ടിൽ ഇരുന്നാ മതി മറ്റുള്ളവരെ face ചെയ്യേണ്ടത് ഞങ്ങളാണ്. ഞങ്ങൾക്ക് മനസമാധാനത്തോടെ ജീവിക്കണം മര്യാദക്ക് ആ മൂലക്കെങ്ങാനും കിടന്നോണം.. കല്യാണം കഴിക്കാൻ പറ്റിയ ഒരു പ്രായം..
മക്കളെ വളർത്തിയെടുക്കാൻ എല്ലാ സുഖങ്ങളും വേണ്ടെന്ന് വച്ചവളാണ് ഞാൻ... അവർക്ക് വേണ്ടി ജീവിച്ചു. പക്ഷെ ഒറ്റക്കായി പോയപ്പോൾ ഒന്ന് മിണ്ടാനും പറയാനും ആരുമില്ലാതെ ഞാൻ വിഷമിച്ചു. മക്കളെ പൊന്നുപോലെ വളർത്തി... അവർ തിരിച്ച് മത്സരിച്ച് സ്നേഹിക്കുമെന്ന് കരുതി അവർക്ക് വേണ്ടി പലതും വേണ്ടന്ന് വെച്ചു.
പക്ഷെ കാലം തന്ന ഏറ്റവും വലിയ പാഠം.... "നമ്മൾ ആദ്യം നമുക്കുവേണ്ടിയാണ് ജീവിക്കേണ്ടത് " മക്കൾക്ക് വേണ്ടിയാണ് മിക്ക മാതാപിതാക്കളും ജീവിക്കുന്നതും... അവർ പറയുന്ന ആഗ്രഹങ്ങളെല്ലാം എത്ര ത്യാഗം സഹിച്ചും സാധിച്ചു കൊടുക്കും.
പക്ഷെ ഓർക്കുക.... നമ്മൾ നമുക്ക് വേണ്ടി ജീവിക്കാൻ മറന്ന് പോകരുത്... ഇത് ഞാൻ മനസ്സിലാക്കിയത് ഇപ്പോഴാണ്... അതുകൊണ്ട് തന്നെ ഞാൻ ഒരു രണ്ടാം വിവാഹത്തിന് തയ്യാറായി... മക്കളുടെ അനുവാദം ചോദിച്ചതാണ് എനിക്ക് പറ്റിയ തെറ്റ്.
അങ്ങനെ വിവാഹം നടന്നു... പക്ഷെ നാണക്കേട് കൊണ്ടാവാം മക്കളാരും അതിൽ പങ്കെടുത്തില്ല. അദ്ദേഹത്തിന് ഒരു മോളുണ്ടായിരുന്നു..ഭാര്യ മരിച്ചുപോയി... മകൾ ജോലി ചെയ്യുകയാണ്. ആ മകളെ ഞാൻ എന്റെ മക്കളെ സ്നേഹിച്ചതുപോലെ സ്നേഹിക്കുന്നു.
ഇന്ന് എനിക്കൊരു ആവശ്യം വന്നാൽ അവൾ ഓടിയെത്തും.. എന്നെ പരിചരിക്കും. എന്റെ മക്കളിൽ നിന്ന് കിട്ടാത്ത സ്നേഹം ഞാൻ ആ മകളിൽ നിന്ന് അനുഭവിക്കുന്നു. ഞാൻ എടുത്ത ഏറ്റവും നല്ല തീരുമാനമായിരുന്നു ഈ രണ്ടാം വിവാഹം..
ആർക്കും ആരുടേയും പകരക്കാരനാവാൻ കഴിയില്ല...
പക്ഷെ...
"സ്നേഹം അത് സത്യമാണ്"💞
(കടപ്പാട്)