അഞ്ചാം പനി മൂലമുളള മൂന്നാമത്തെ മരണം റിപ്പോർട്ട് ചെയ്യപ്പെട്ട ഞായറാഴ്ച്ച ഹെൽത്ത് സെക്രട്ടറി റോബർട്ട് എഫ്. കെന്നഡി ജൂനിയർ രോഗം വ്യാപിച്ച പടിഞ്ഞാറൻ ടെക്സസിൽ സന്ദർശനത്തിനെത്തി. മികവ് തെളിയിച്ച മീസിൽസ് വാക്‌സിനെ എതിർക്കുന്ന കെന്നഡി, പകരം വൈറ്റമിൻ നൽകാൻ നിർദേശിക്കുന്നത് ഡോക്ടർമാരെ രോഷം കൊള്ളിച്ചിട്ടുണ്ട്.
അതിനിടെയാണ് ഒരു സ്കൂൾ കുട്ടി കൂടി മരിച്ചത്. മരിച്ച കുട്ടിക്ക് വാക്സിൻ എടുത്തിരുന്നില്ലെന്നു ടെക്സസിൽ ലുബോക്കിലെ യുഎംസി ഹെൽത്ത് സിസ്റ്റം വൈസ് പ്രസിഡന്റ് ആരണ് ഡേവിസ് പറഞ്ഞു. കുട്ടിക്ക് മറ്റു ആരോഗ്യ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല.
"ദുഖത്തിന്റെ നേരത്തു കുടുംബങ്ങളെയും സമൂഹത്തെയും ആശ്വസിപ്പിക്കാനാണ് ഞാൻ എത്തിയത്," കെന്നഡി എക്സിൽ കുറിച്ചു.
അതേ സമയം, എം എം ആർ വാക്സിൻ ആണ് ഏറ്റവും ഫലപ്രദമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
ടെക്സസിൽ മാത്രം വെള്ളിയാഴ്ച്ച വരെ 481 മീസിൽസ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ന്യൂ മെക്സിക്കോ, ഒക്‌ലഹോമ, കൻസാസ് എന്നിവിടങ്ങളിൽ നിന്നുള്ള കേസുകൾ കൂടി എടുത്താൽ മൊത്തം 569 ആയി.
ഫെബ്രുവരിയിൽ ടെക്സസിൽ ആദ്യം മരിച്ച സ്കൂൾ കുട്ടിക്ക് വാക്സിൻ എടുത്തിരുന്നില്ല. ന്യൂ മെക്സിക്കോയിൽ ആയിരുന്നു രണ്ടാമത്തെ മരണം. ടെക്സസിൽ രോഗം ബാധിച്ച ഒട്ടുമിക്കവർക്കും വാക്സിൻ എടുത്തിരുന്നില്ല.
എല്ലാവരും വാക്സിൻ എടുക്കണമെന്ന് ഫിസിഷ്യനായ യുഎസ് സെനറ്റർ ബിൽ കാസിഡി പറഞ്ഞു. "അഞ്ചാം പനിക്കു ചികിത്സയില്ല."
വാക്സിൻ വിരോധിയായ കെന്നഡി രോഗം വ്യാപിക്കുന്നത് തടയാനുളള നടപടികൾക്കു ഭംഗം വരുത്തുകയാണെന്നു ഡോക്ടർമാർ ആരോപിച്ചു.
Third measles death reported in US