പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞയാഴ്ച്ച 100 രാജ്യങ്ങളുടെ മേൽ അടിച്ചേൽപ്പിച്ച ഇറക്കുമതി തീരുവയുടെ പ്രത്യാഘാതത്തിൽ തിങ്കളാഴ്ച ലോകമൊട്ടാകെ വിപണികൾ തകർച്ച കണ്ടു. ചൈനയുടെ ശക്തമായ തിരിച്ചടിയും തകർച്ചയ്ക്ക് ആക്കം കൂട്ടിയപ്പോൾ, അതു കാണാൻ രസമുണ്ടെന്നാണ് ട്രംപ് പറഞ്ഞത്.
എല്ലാവരും ഇനി ചർച്ചയും വിട്ടുവീഴ്ചയും ആവശ്യപ്പെട്ടു അമേരിക്കയുടെ കാലിൽ വീഴും എന്നാണ് ട്രംപിന്റെ കാഴ്ചപ്പാട്. "അവർ ഒരു പാട് പണം തരേണ്ടി വരും."
വിലക്കയറ്റ സാദ്ധ്യതകൾ ട്രംപ് തള്ളിക്കളഞ്ഞു.
യുഎസിൽ രണ്ടു ദിവസത്തെ അവധിക്കു ശേഷം തിങ്കളാഴ്ച്ച വിപണികൾ തുറന്നപ്പോൾ ഡൗ ജോൺസിനു 3.33% നഷ്ടമായി -- 1,200 പോയിന്റ്. എസ്&പി 500, നാസ്ഡാഖ് എന്നിവ 3.5% വീതം വീണു.
എസ്&പി 500 ഫെബ്രുവരിയിലെ കുതിപ്പിൽ നിന്നു 17.4% കുറഞ്ഞതിനു പിന്നാലെ 3.5% കൂടി പതിക്കുമ്പോൾ നിർണായക 20% വീഴ്ചയിൽ എത്തും. വിപണിയിലെ ഗുരുതര പ്രതിസന്ധി സൂചിപ്പിക്കുന്ന തലമാണിത്.
വിപണികൾ വീണ്ടെടുപ്പിന്റെ സൂചനയൊന്നും നൽകുന്നില്ലെന്നു ഡോഷ് ബാങ്ക് തിങ്കളാഴ്ച്ച പറഞ്ഞു.
ചൈനയുടെ നിലപാട് കൂടി വ്യക്തമായതോടെ തിങ്കളാഴ്ച്ച രാവിലെ ഏഷ്യൻ വിപണികളിൽ തകർച്ച കണ്ടു. പ്രമുഖ ചൈനീസ് കമ്പനികൾ ഇടം കാണുന്ന ഹോംഗ് കോംഗ് സ്റ്റോക്ക് മാർക്കറ്റ് 12% വീണു. സാങ്കേതിക കേന്ദ്രമായ തായ്‌വാനിൽ 10% തകർച്ചയാണ് കണ്ടത്.
പാൻ-യൂറോപ്യൻ ഇൻഡക്സായ സ്റ്റോക്‌സ് യൂറോപ് 600നു 4% പതനം കണ്ടു.
യുഎസ് എണ്ണ വിലകൾ ഞായറാഴ്ച്ച ബാരലിന് $60 ആയി കുറവ് വന്നു. നാലു വർഷത്തിനിടയിൽ ഏറ്റവും കുറവ്. ഉപയോക്താവിനു മെച്ചം കിട്ടുമെങ്കിലും ഓയിൽ കമ്പനികൾ ക്ഷീണിക്കയും ഡ്രില്ലിംഗ് നിലയ്ക്കുകയും ചെയ്യാം. പിരിച്ചു വിടലും ഉണ്ടാവാം.
ജർമനിയിൽ തിങ്കളാഴ്ച്ച 9% കുറവിലാണ് ഡാകസ് തുറന്നത്. ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച് 5% താഴെയും.
ജപ്പാന്റെ ബെഞ്ച്മാർക് നിക്കി 225 ഇൻഡക്‌സ് 7.9% കുറവ് കണ്ടു. സാങ്കേതിക ഭീമൻ സോണിയുടെ ഓഹരി 10% കൂപ്പുകുത്തി.
Markets crash worldwide