കായിക കേരളത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് കാലിക്കറ്റ് സര്‍വകലാശാലയോട് അനുബന്ധിച്ചു സ്‌പോര്‍ട്‌സ് ഇന്‍സ്റ്റിട്യൂട്ട് തുടങ്ങും. വിവിധ കായിക ഇനങ്ങളില്‍ ഡിപ്ലോമ കോഴ്‌സുകള്‍ ആരംഭിക്കും. സ്‌പോര്‍ട്‌സ് സയന്‍സ്, മാനേജ്‌മെന്റ്, എന്‍ജിനീയറിങ് ഉള്‍പ്പെടെ അഞ്ച് ഇനങ്ങളില്‍ ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ തുടങ്ങും. സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങള്‍ക്കു പകരം ചെയര്‍മാന്‍മാര്‍ വരും.സംസ്ഥാന സ്‌പോര്‍ട്‌സ് മന്ത്രി വി.അബ്ദുറഹ്‌മാന്‍ പറഞ്ഞു. കോഴിക്കോട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലും പ്രസ്സ് ക്ലബും ചേര്‍ന്നു ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സ്‌പോര്‍ട്‌സ് കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കോഴിക്കോട് ഇൻഡോർ സ്റ്റേഡിയ ത്തിൽ സ്പോർട്സ് കോൺക്ലേവ് സംസ്ഥാന സ്പോർട്സ് മന്ത്രി വി.അബ്ദു റഹ്മാൻ ഉദ്ഘാടനം ചെയ്യുന്നു.
ലോക നിലവാരമുള്ള പഠനസൗകര്യങ്ങളായിരിക്കും സ്‌പോര്‍ട്‌സ് ഇന്‍സ്റ്റിട്യൂട്ടില്‍ വരിക. സംസ്ഥാനത്തെ കായിക പരിശീലകരുടെ കുറവു നികത്തുവാന്‍ ഡിപ്ലോമ കോഴ്‌സുകള്‍ തുടങ്ങും. ബിരുദമെടുത്തവരെയാണ് ഉദ്ദേശിക്കുന്നത്. അക്കാദമിക് രംഗത്ത് മുന്നേറാന്‍ ആഗ്രഹിക്കുന്ന കായിക താരങ്ങള്‍ക്ക് പി.ജി. കോഴ്‌സുകള്‍ ഫലപ്രദമാകും. ഓസ്‌ട്രേലിയ, ക്യൂബ, സ് പെയിന്‍ തുടങ്ങിയ രാജ്യങ്ങളിലെ കായിക വിദഗ്ദ്ധരുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിക്കഴിഞ്ഞു. മന്ത്രി വിശദീകരിച്ചു.
കോഴിക്കോട്ട് നടന്ന സ്പോർട്സ് കോൺക്ളേവിൽ പങ്കെടുത്തവർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലുന്നു.
സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ സമഗ്ര അഴിച്ചു പണി ഉണ്ടാകും. കൗണ്‍സിലും സ്‌പോര്‍ട്‌സ് ഡയറക് ടറേറ്റും ഏകോപിപ്പിക്കും. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റിനു കീഴില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ വരും. രണ്ടു ജില്ലകളുടെ ചുമതലയായിരിക്കും ഓരോ ചെയര്‍മാന്‍മാര്‍ക്കും. ഒളിംപിക്‌സ് മത്സര ഇനങ്ങളാകും ഇവര്‍ ഏകോപിപ്പിക്കുക. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കേണ്ട ചുമതല കൗണ്‍സില്‍ സെക്രട്ടറിക്കാണ്.
വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ തടയുന്നതിന് ഇ-സര്‍ട്ടിഫിക്കറ്റ് സംവിധാനം ഉടന്‍ വരുമെന്നും മന്ത്രി പറഞ്ഞു. 'കായിക കേരളം കുതിപ്പും കിതപ്പും' എന്ന വിഷയത്തിലായിരുന്നു കോണ്‍ക്ലേവ്. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ.രാജഗോപാല്‍ അധ്യക്ഷത വഹിച്ചു.
സനിൽ പി.തോമസ് സ്പോർട്സ് മന്ത്രി വി.അബ്ദുറഹ്മാനൊപ്പം
ഏതാനും കായിക സംഘടനകള്‍ സ്ഥിരം പ്രശ്‌നം സൃഷ്ടിക്കുന്നതായി സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ്, മുന്‍ രാജ്യാന്തര ഫുട്‌ബോള്‍താരം യു. ഷറഫലിയും മുന്‍ പ്രസിഡന്റ് ടി.പി.ദാസനും ചൂണ്ടിക്കാട്ടി. ആശയപരമായ വിയോജിപ്പ് അംഗീകരിക്കാം. എന്നാൽ ഇവിടെ പലതും ആമാശയപരമായ വിയോജിപ്പാണെന്ന് ടി.പി. ദാസന്‍ ചൂണ്ടിക്കാട്ടി. ചരിത്രത്തില്‍ ആദ്യമായി ദേശീയ ഗെയിംസിന് കേരള ടീമിനു വിമാനയാത്ര ഒരുക്കിയതുപോലെ മാറ്റങ്ങള്‍ ഉണ്ടാകുന്നുണ്ടെന്ന് ഷറഫലി ഓര്‍മ്മിപ്പിച്ചു. പക്ഷേ, ചില സംഘടനകളിലെ പിളര്‍പ്പും സ്ഥാപിത താല്‍പര്യങ്ങളും കുതിപ്പിനു തടസ്സമാകുന്നു.
സായ് മേഖലാ ഡയറക്ടര്‍ ഡോ.ജി.കിഷോര്‍, ഈ ലേഖകന്‍ എന്നിവര്‍ ഷറഫലിക്കും ടി.പി.ദാസനും പുറമെ വിഷയങ്ങള്‍ അവതരിപ്പിച്ചു. ചന്ദ്രിക എഡിറ്ററും പ്രമുഖ സ്‌പോര്‍ട്‌സ് ലേഖകനുമായ കമാല്‍ വരദൂര്‍ മോഡറേറ്റര്‍ ആയിരുന്നു. പ്രസ്സ് ക്ലബ് സെക്രട്ടറി പി.കെ. സജിത്ത്, പ്രസിഡന്റ് ഇ.പി.മുഹമ്മദ്, പ്രപു പ്രേംനാഥ്, പ്രഫ.ബഷീര്‍, ഡോ.റോയ് വി ജോണ്‍, ജോയിസ് മാത്യു, ടി.ടി.കുര്യന്‍ എന്നിവര്‍ പ്രസംഗിച്ചു.