വാഷിംഗ്ടൺ, ഡി.സി: ചൈന അമേരിക്കയുടെ താരിഫുകൾക്ക് തിരിച്ചടി നൽകിയാൽ, ബുധനാഴ്ച മുതൽ 50% അധിക നികുതി കൂടി ചുമത്തുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തിങ്കളാഴ്ച ചൈനയ്ക്ക് അന്ത്യശാസനം നൽകി. നേരത്തെ, ചൈനീസ് ഉത്പന്നങ്ങൾക്ക് 20% നികുതി ചുമത്തിയതിന് പുറമെ, 34% അധിക നികുതിയും ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതിന് മറുപടിയായി ചൈനയും അമേരിക്കൻ ഉത്പന്നങ്ങൾക്ക് 34% നികുതി ചുമത്തി. പുതിയ നികുതി കൂടി വന്നാൽ ചൈനക്ക് മേൽ 104 ശതമാനം താരിഫ് ആകും.
ട്രംപിൻ്റെ ഈ ഭീഷണി വന്നതോടെ ഓഹരി വിപണിയിൽ വലിയ ചാഞ്ചാട്ടമുണ്ടായി. എസ് & പി 500 സൂചിക താഴ്ന്ന് 'ബെയർ മാർക്കറ്റ്' എന്ന അവസ്ഥയിലേക്ക് വരെ എത്തി. ട്രംപിൻ്റെ വ്യാപാര യുദ്ധം സമ്പദ്‌വ്യവസ്ഥയെ കൂടുതൽ മോശമാക്കുമെന്ന ആശങ്ക നിക്ഷേപകർക്കിടയിൽ ശക്തമായിട്ടുണ്ട്. എന്നാൽ നിലവിലുള്ള താരിഫുകൾ വഴി ഇതിനോടകം തന്നെ അമേരിക്കയ്ക്ക് കോടിക്കണക്കിന് ഡോളർ വരുമാനം ലഭിച്ചിട്ടുണ്ടെന്ന് ട്രംപ് ന്യായീകരിച്ചു. ചൈന അവരുടെ താരിഫ് പദ്ധതികൾ പിൻവലിച്ചില്ലെങ്കിൽ അവരുമായുള്ള ചർച്ചകൾ അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയിലേക്ക് വരുന്ന സാധനങ്ങൾക്ക് ട്രംപ് പുതിയ നികുതികൾ ചുമത്തിയത് ആഗോള വിപണിയെ വല്ലാതെ തളർത്തി. ഇത് ലോകമെമ്പാടുമുള്ള ഉത്പാദന ശൃംഖലയെ തകർത്തേക്കാം, വിലക്കയറ്റം കൂട്ടിയേക്കാം, വലിയ സാമ്പത്തിക മാന്ദ്യത്തിന് കാരണമായേക്കാം എന്ന ആശങ്കയാണ് വിപണിയിലെ തകർച്ചക്ക് കാരണം. "വിപണി ഇനിയും താഴേക്ക് പോകാതിരിക്കാൻ ഒരു സാധ്യതയും കാണുന്നില്ല," എന്ന് ഡോഷ് ബാങ്കിലെ വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു.
ട്രംപ് നികുതികൾ പിൻവലിക്കാൻ തയ്യാറായില്ല എന്നുമാത്രമല്ല ഫെഡ് പലിശ നിരക്ക് കുറയ്ക്കണമെന്ന് അദ്ദേഹം തിങ്കളാഴ്ച രാവിലെ സമൂഹമാധ്യമത്തിൽ നിർദേശിച്ചു. എന്നാൽ പലിശ നിരക്ക് കുറയ്ക്കുന്നത് വിലക്കയറ്റത്തിന് കാരണമാകുമെന്ന് ഫെഡറൽ റിസർവ് ചെയർമാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്ക് കനത്ത നികുതി ചുമത്തുന്നത് വില കൂട്ടുമെന്ന് പലരും പറഞ്ഞിട്ടും ട്രംപ് അത് കാര്യമാക്കിയില്ല. നികുതികൾ "വളരെ നല്ല കാര്യമാണ്" എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.