2008ലെ മുംബൈ ഭീകരാക്രമണത്തിൽ 157 പേർ കൊല്ലപ്പെട്ട സംഭവത്തിൽ തന്നെ ഇന്ത്യയ്‌ക്ക് കൈമാറരുതെന്ന് ആവശ്യപ്പെട്ട് തഹാവൂർ റാണ നൽകിയ ഹർജി യുഎസ് സുപ്രീം കോടതി തിങ്കളാഴ്ച തള്ളി. തന്നെ ഇന്ത്യയ്‌ക്ക് കൈമാറുന്നത് അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് തഹാവൂർ റാണ യുണൈറ്റഡ് സ്റ്റേറ്റ്സ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. തിങ്കളാഴ്ച പുതുക്കിയ സുപ്രീം കോടതി രേഖയിൽ "ഹർജി കോടതി തള്ളി" എന്ന് രേഖപ്പെടുത്തിയിരിക്കുന്നു.
ഇന്ത്യയിൽ താൻ പീഡിപ്പിക്കപ്പെടുമെന്നാണ് റാണ ഹർജിയിൽ പറഞ്ഞത്. പാകിസ്ഥാനിൽ നിന്നുള്ള മുസ്‌ലിമായ താൻ ഇന്ത്യയിൽ പീഡിപ്പിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് റാണ വാദിച്ചു. ഇതിനായി യുകെയിലെ ഒരു കേസും അദ്ദേഹം ഉദ്ധരിച്ചു.
"കള്ളപ്പണം വെളുപ്പിച്ചതിന് ശിക്ഷിക്കപ്പെട്ട ഒരാളെ പീഡിപ്പിക്കപ്പെടുമെന്ന ഭയം ലണ്ടൻ കോടതി അംഗീകരിച്ചതിനെ തുടർന്ന് ഇന്ത്യയിലേക്ക് നാടുകടത്തുന്നത് തടഞ്ഞു. ആ വ്യക്തിയെ ഇന്ത്യയിലേക്ക് നാടുകടത്താൻ സാധ്യമല്ലെങ്കിൽ, ഹർജിക്കാരനായ റാണയെ പീഡിപ്പിക്കാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ അദ്ദേഹത്തെയും നാടുകടത്തരുത്," റാണയുടെ അഭിഭാഷകനായ ടിൽമാൻ ജെ. ഫിൻലി ഹർജിയിൽ പറഞ്ഞു.
ജസ്റ്റിസ് എലീന കഗൻ മാർച്ച് മാസത്തിൽ ഈ ഹർജി തള്ളിയിരുന്നു. റാണ ചീഫ് ജസ്റ്റിസ് ജോൺ റോബർട്ട്സിന് അപ്പീൽ നൽകുകയും വിഷയം വെള്ളിയാഴ്ച കോൺഫറൻസിനായി പോസ്റ്റ് ചെയ്യുകയും ചെയ്തു.
കോടതിയുടെ വിധി തിങ്കളാഴ്ച പ്രസിദ്ധീകരിച്ചു.
ലഷ്കറെ തയിബയും ഐഎസ്ഐയുമായി അടുത്ത ബന്ധമുണ്ടായിരുന്ന റാണ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്മാരിലൊരാളായ ഭീകരൻ ഡേവിഡ് കോൾമാൻ ഹെഡ‌്‌ലിയുടെ അടുത്ത അനുയായിയാണ്. ഹെഡ്‌ലിക്ക് ഇന്ത്യയിലെത്താനും മുംബൈയിലെ ലക്ഷ്യസ്ഥാനങ്ങൾ കണ്ടെത്താനും വീസ സംഘടിപ്പിച്ചു നൽകിയത് റാണയുടെ സ്ഥാപനമായിരുന്നു. ഹെഡ്‌ലിക്ക് റാണ സഹായം നൽകിയെന്നാണ് ഇന്ത്യയുടെ വാദം.
ആക്രമണങ്ങൾക്ക് ഭൗതിക സഹായം നൽകിയെന്ന കുറ്റത്തിൽ യുഎസ് കോടതി റാണയെ വെറുതെ വിട്ടെങ്കിലും, മറ്റ് രണ്ട് കുറ്റങ്ങൾക്ക് അദ്ദേഹത്തെ 10 വർഷത്തിലധികം തടവിന് ശിക്ഷിച്ചിരുന്നു.
കോവിഡ്-19 നെത്തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് അദ്ദേഹത്തെ ജയിൽ മോചിതനാക്കാൻ ഉത്തരവിട്ടിരുന്നു. എന്നാൽ ഇന്ത്യയിലേക്ക് നാടുകടത്തുന്നതിനായി വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടു. യുഎസ് അധികൃതരുമായുള്ള ഒത്തുതീർപ്പ് കരാറിൽ ഹെഡ്‌ലിക്ക് നാടുകടത്തലിൽ നിന്ന് സംരക്ഷണം ലഭിച്ചിട്ടുണ്ട്. റാണ തൻ്റെ നാടുകടത്തലിനെതിരെ അപ്പീൽ നൽകിയിരുന്നു. ചീഫ് ജസ്റ്റിസിൻ്റെ അപ്പീൽ തള്ളിയതോടെ അദ്ദേഹത്തിൻ്റെ നിയമപരമായ എല്ലാ വഴികളും അടഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫെബ്രുവരിയിലെ വൈറ്റ് ഹൗസ് സന്ദർശന വേളയിൽ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് റാണയെ ഇന്ത്യയിലേക്ക് നാടുകടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. റാണ പിന്നീട് നാടുകടത്തൽ തടയുന്നതിനായി സുപ്രീം കോടതിയെ സമീപിച്ചു. ഫെബ്രുവരി ആദ്യം, തഹാവൂർ റാണയെ ഇന്ത്യയ്ക്ക് കൈമാറുമെന്ന് യുഎസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്‌ചയ്ക്ക് ശേഷം നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
English summery:
Tahawwur Rana claimed he is a Pakistani Muslim and would be killed if sent to India; U.S. Supreme Court rejects his plea.