Image

ആരാധകര്‍ മാത്രമല്ല, പ്രേക്ഷകരും കാണാനിഷ്ടപ്പെടുന്ന വിക്രം; 'വീര ധീര ശൂരന്‍ പാര്‍ട്ട് 2' റിവ്യൂ

Published on 08 April, 2025
ആരാധകര്‍ മാത്രമല്ല, പ്രേക്ഷകരും കാണാനിഷ്ടപ്പെടുന്ന വിക്രം; 'വീര ധീര ശൂരന്‍ പാര്‍ട്ട് 2' റിവ്യൂ

ആരാധകര്‍ മാത്രമല്ല, പ്രേക്ഷകരും കാണാനിഷ്ടപ്പെടുന്ന വിക്രം. അതാണ് ' വീര ധീര ശൂരന്‍ പാര്‍ട്ട് 2' ല്‍ കാണാനാവുക. അതു മാത്രമല്ല ചിത്രത്തിന്റ കൗതുകം. ഒരു സിനിമയുടെ രണ്ടാം പാര്‍ട്ട് ആദ്യം ഇറങ്ങുക എന്നതു തന്നെ വലിയ കൗതുകമാണ്. പ്രേക്ഷകരില്‍ ജനിപ്പിക്കുന്ന ഈ കൗതുകമാണ് സിനിമയുടെ വിജയവും.

കാളി എന്ന തനി ഗ്രാമീണനായ പലചരക്ക് കച്ചവടക്കാരന്റെ ജീവിതത്തിലെ ഒരു ദിവസം നടക്കുന്ന ത്രില്ലടിപ്പിക്കുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. പെരിയവര്‍ എന്നറിയപ്പെടുന്ന രവിക്കും മകന്‍ കണ്ണനും ഗുണ്ടാപ്പണിയാണ്. അവര്‍ ഇരുവരെയും ഒരു എന്‍കൗണ്ടറിലൂടെ ഇല്ലാതാക്കാന്‍ നടക്കുന്ന പോലീസ് ഉദ്യോഗസ്ഥനാണ് അരുണ ഗിരി. കാത്തുകാത്തിരുന്ന് അങ്ങനെയൊരു ദിവസം അരുണഗിരിക്ക് ലഭിക്കുന്നു. രക്ഷപെടാന്‍ കഴിയാത്ത വിധം പെട്ടുകഴിഞ്ഞുവെന്ന് മനസ്സിലായ രവി തന്റെ സഹായത്തിന് കാളിയെ വിളിക്കുന്നു. ഉള്‍ഗ്രാമത്തില്‍ ഭാര്യവാണിയും രണ്ടു കുട്ടികളും അമ്മയുമായി കഴിയുന്ന കാളിയും പെരിയവരും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? പെരിയവരെ രക്ഷിക്കാന്‍ കാളിയെത്തുമോ എന്നീ ചോദ്യങ്ങള്‍ക്കുളള ഉത്തരമാണ് ചിത്രത്തിന്റെ പ്രമേയം.

കഥയുടെ തൊണ്ണൂറു ശതമാനവും രാത്രിയിലാണ് നടക്കുന്നത്. അടുത്ത രംഗത്തില്‍ എന്തു സംഭവിക്കുമെന്ന് പ്രേക്ഷകര്‍ക്ക് ആകാംക്ഷ തോന്നിപ്പിക്കുന്നവിധത്തിലാണ് ഓരോ സീനും. ഊഹിക്കാന്‍ കഴിയുന്നതിനും അപ്പുറം ട്വിസ്റ്റുകള്‍ കൊണ്ട് സമ്പന്നമാണ് ചിത്രം. കഥയെ കാച്ചിക്കുറുക്കി ഒരു രാത്രി നടക്കുന്ന സംഭവങ്ങളെ അതിന്റെ ഒറിജിനാലിറ്റിയോടെ അവതരിപ്പിക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. വൈകാരികതയോ തമാശയോ ഒന്നും അല്‍പ്പം പോലും കൂടുതലായി ചേര്‍ത്തിട്ടില്ല.

വര്‍ഷങ്ങള്‍ക്ക് മുമ്പ് റിലീസ് ചെയ്ത് തിയേറ്ററുകളില്‍ വെന്നിക്കൊടി പാറിച്ച 'സാമി', 'ധൂള്‍' തുടങ്ങിയ ചിത്രങ്ങളിലെ വിക്രമിനെയാണ് നമുക്ക് ഈ സിനിമയില്‍ കാണാന്‍ കഴിയുക. തനിഗ്രാമീണനായ കഥാപാത്രം കാളിയായി ചിയാന്‍ വിക്രം കസറിയിട്ടുണ്ട്. അഭിനയത്തിലും പൊടിപാറുന്ന ആക്ഷനിലും പഴയ വിക്രമിന്റെ തനിസ്വരൂപമാണ് തിരശ്ശീലയില്‍ പ്രേക്ഷകര്‍ക്ക് അനുഭവിക്കാന്‍ കഴിയുന്നത്. ഒരു ഗ്യാങ്ങ്‌സ്റ്റര്‍ ത്രില്ലര്‍ മൂവിക്കു വേണ്ട ആക്ഷന്‍ പ്രകടനം യഥേഷ്ടമുള്ള ചിത്രത്തില്‍ തീപാറുന്ന പ്രകടനം കാഴ്ച വയ്ക്കാന്‍ വിക്രമിനായിട്ടുണ്ട്.

ചിത്രത്തില്‍ എടുത്തു പറയേണ്ടത് മറ്റൊരു കഥാപാത്രമായ കണ്ണനെ അവതരിപ്പിച്ച മലയാള താരം സുരാജ് വെഞ്ഞാറമൂടിനെ കുറിച്ചാണ്. തന്റെ തമിഴ് അരങ്ങേറ്റം വിക്രത്തിനൊപ്പം ഗംഭീരമാക്കാന്‍ സുരാജിന് കഴിഞ്ഞു. സ്വന്തം ശബ്ദത്തില്‍ ഡബ്ബ് ചെയ്തു കൊണ്ട് വിക്രത്തിനും എസ്.ജെ സൂര്യയ്ക്കുമൊപ്പം തകര്‍പ്പന്‍ പ്രകടനം തന്നെ അദ്ദേഹം കാഴ്ച വച്ചു. ഭാഷയുടെ പരിമിതികളെ കാറ്റില്‍ പറത്തിക്കൊണ്ടാണ് അദ്ദേഹത്തിന്റെ പ്രകടനവും ഡബ്ബിങ്ങും. അരുണഗിരിയെന്ന പോലീസ് ഉദ്യോഗസ്ഥനായി എത്തുന്ന എസ്.ജെ സൂര്യയും വിക്രത്തിനൊപ്പം നില്‍ക്കുന്ന കിടലന്‍ കഥാപാത്രമായി തിളങ്ങി. പ്രത്യേകിച്ച് ഡയലോഗ് ഡെലിവറിയില്‍.

കാളിയുടെ ഭാര്യയായി എത്തുന്നത് സാര്‍പ്പാട്ട പരമ്പര ഫെയിം ദുഷാര വിജയനാണ്. വിക്രമും ദുഷാരയും തമ്മിലുള്ള സ്‌ക്രീന്‍ കെമിസ്ട്രിയും മികച്ചതായി. ശ്രീജ വിജയ്, മാലാ പാര്‍വതി, മരുതി പൃഥ്വിരാജ് എന്നിവര്‍ക്കൊപ്പം ചെറിയ കഥാപാത്രങ്ങളായി എത്തിയവരും മികച്ച പ്രകടനമാണ് കാഴ്ച വച്ചത്.

ചിത്രത്തിന്റെ ആകെയുള്ള മൂഡിന് ചേരുന്ന സംഗീതവും പശ്ചാത്തല സംഗീതവും നിര്‍വഹിച്ച  ജി. വി പ്രകാശ്, തേനി ഈശ്വറിന്റെ ഛായാഗ്രഹണവും പ്രസന്ന ജി.കെയുടെ എഡിറ്റിങ്ങും ചിത്രത്തിന് മുതല്‍ക്കൂട്ടായി. രാത്രിയില്‍ നടക്കുന്ന കഥയ്ക്കനുയോജ്യമായ ദൃശ്യഭാഷ്യമൊരുക്കിയ തേനി ഈശ്വര്‍ പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു.

പ്രേക്ഷകര്‍ക്കിഷ്ടപ്പെടുന്ന രീതിയില്‍ വിക്രം അവതരിച്ച ചിത്രം. ' വീര ധീര ശൂരന്‍ പാര്‍ട്ട് 2' ഒരിക്കലും പ്രേക്ഷകനെ നിരാശപ്പെടുത്തില്ല. ധൈര്യമായി ടിക്കറ്റെടുത്തോളൂ. രണ്ടു മണിക്കൂര്‍ ത്രില്ലടിപ്പിക്കുന്ന തിയേറ്റര്‍ എക്‌സ്പീര്യന്‍സ് നേരിട്ട് അനുഭവിക്കാം.  

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക