Image

താരിഫ് മരവിപ്പിക്കുന്ന പ്രശ്നമില്ലെന്നു ട്രംപ്; ചൈന അയഞ്ഞില്ലെങ്കിൽ 50% കൂടി താരിഫ് അടിക്കും(പിപിഎം)

Published on 08 April, 2025
താരിഫ് മരവിപ്പിക്കുന്ന പ്രശ്നമില്ലെന്നു ട്രംപ്;  ചൈന അയഞ്ഞില്ലെങ്കിൽ 50% കൂടി താരിഫ് അടിക്കും(പിപിഎം)

ചില രാജ്യങ്ങളുമായി ചർച്ച നടക്കുന്നതിനിടയിൽ  താരിഫ് മരവിപ്പിക്കുന്ന പ്രശ്നമില്ലെന്നു പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് വ്യക്തമാക്കി. താരിഫുകൾ മൂലം വിപണിയിൽ അരാജകത്വ ആശങ്ക ഉയർന്ന നേരത്താണിത്. 

ന്യായമായ കരാറുകൾ സാധ്യമാക്കുമെന്നു ഇസ്രയേലി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായുള്ള ചർച്ചയ്ക്കിടയിൽ ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. "പല രാജ്യങ്ങളും നമ്മളുമായി ചർച്ച നടത്തുന്നുണ്ട്. അവയൊക്കെ ന്യായമായ കരാറുകൾ ആയിരിക്കും. ചിലർ വൻ തോതിൽ താരിഫ് നൽകേണ്ടി വരും."

ചൈന തീരുവ ഉയർത്തിയതിനെ ട്രംപ് വിമർശിച്ചു. "നാളെ 12 മണിക്ക് ആ താരിഫ് അവർ പിൻവലിച്ചില്ലെങ്കിൽ അതിനു മുകളിൽ 50% കൂടി നമ്മൾ അടിക്കും. വൈറ്റ് ഹൗസിൽ ഉണ്ടായിരുന്നവരുടെ സഹായം കൊണ്ട് ചൈന സമ്പന്ന രാജ്യമായി."

യുഎസ് നേരിടുന്ന വമ്പിച്ച കടം വ്യാപാര അസന്തുലിതാവസ്ഥ മൂലം ഉണ്ടായതാണെന്ന വാദം ട്രംപ് ആവർത്തിച്ചു. "പ്രസിഡന്റ് ഷിയുമായി എനിക്ക് വളരെ നല്ല ബന്ധമുണ്ട്. ചൈനയോട് ഏറെ ബഹുമാനവുമുണ്ട്. പക്ഷെ ഈ പോക്ക് ശരിയല്ല. മറ്റൊരു പ്രസിഡന്റും ഈ നടപടികൾ എടുക്കില്ല.

"ഇതൊക്കെ ചെയ്യുന്നതിൽ എനിക്ക് അഭിമാനമുണ്ട്. നമ്മളെ എല്ലാവരും കൂടി നശിപ്പിച്ചു. നമുക്കിപ്പോൾ 36 ട്രില്യൻ ഡോളർ കടമുണ്ട്."

ചൈനയോട് സംസാരിക്കുമെന്ന് ട്രംപ് വ്യക്തമാക്കി. പലരോടും സംസാരിക്കും. "ചില താരിഫുകൾ ചർച്ചയെ ആശ്രയിച്ചിരിക്കും. ചിലതു മാറ്റുകയില്ല. എല്ലാ രാജ്യങ്ങളിൽ നിന്നും ന്യായമായ ഡീലുകൾ കിട്ടും. നൽകാത്തവരുമായി നമുക്ക് ഏർപ്പാടൊന്നും ഉണ്ടാവില്ല."

യുഎസുമായി മത്സരിക്കാൻ രൂപം നൽകിയ ഇയുവിന്റെ വ്യാപാര രീതികളെ ട്രംപ് വിമർശിച്ചു. യുഎസ് വാഹന വ്യവസായത്തിനു യൂറോപ്യൻ മാർക്കറ്റിൽ പ്രവേശനം പരിമിതമാണ്.

"ഇയു സമീപനം കർക്കശമാണെന്നു ട്രംപ് പറഞ്ഞു. "അവർ നമുക്ക് ദോഷം ചെയ്തു. ജപ്പാനെ പോലെയാണ് അവർ -- നമ്മുടെ കാറുകൾ എടുക്കില്ല. കാർഷിക ഉത്പന്നങ്ങൾ വാങ്ങില്ല. യുഎസിലേക്ക് അവർ മില്യൺ കണക്കിനു കാറുകൾ അയക്കുന്നു. പക്ഷെ നമ്മുടെ ഒരു കാറും ഇയുവിൽ വിൽക്കുന്നില്ല."

Trump rejects 'pause' in tariffs

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക