വാഷിംഗ്‌ടൺ: യു എസിന്റെയും ലോകത്തിന്റെയും ശ്രദ്ധ പിടിച്ചു പറ്റിയ കേസിൽ യു എസ് സുപ്രീം കോർട്ടിൽ ആശ്വാസമായി. തെറ്റായി നാടു കടത്തിയെന്നു ഗവൺമെന്റ് സമ്മതിക്കുന്ന കിൽമാർ അർമാൻഡോ അബ്‌റീഗോ ഗാർസ്യയെ തിങ്കളാഴ്ച്ച അർധരാത്രിക്കു മുൻപ് എൽ സാൽവദോറിൽ നിന്നു തിരിച്ചു കൊണ്ടുവരണമെന്ന കീഴ്കോടതി വിധി ചീഫ് ജസ്റ്റിസ് ജോൺ റോബെർട്സ് താത്കാലികമായി സ്റ്റേ ചെയ്തു.
മാർച്ചിൽ അബ്‌റീഗോ ഗാർസ്യ ഒരു സാൽവദോറൻ കൊള്ള സംഘത്തിൽ അംഗമാണെന്ന് ആരോപിച്ചു തടഞ്ഞു വയ്ക്കുകയും പിന്നീട് ടെക്സസിലെ ഡീറ്റെൻഷൻ സെന്ററിലേക്ക് മാറ്റുകയും ചെയ്തു. ഇയാളെ ഏലിയൻ എനിമീസ് ആക്ട് പ്രകാരം എൽ സാൽവദോറിലേക്കു നാട് കടത്തി.
എന്നാൽ തിങ്കളാഴ്ച, തെറ്റിദ്ധാരണ മൂലമാണ് ഗാർസ്യയെ നാട് കടത്തിയതെന്നു ഫെഡറൽ ഗവെർന്മെന്റ് സുപ്രീം കോടതിയെ ബോദ്ധ്യപ്പെടുത്താൻ ശ്രമിച്ചു. മെരിലാൻഡ് നിവാസിയായ ഇയാളെ ടെക്സസിലെ തടഞ്ഞു വയ്ക്കൽ കേന്ദ്രത്തിൽ നിന്നാണ് വെനസ്വേലൻ കുറ്റവാളികൾക്കൊപ്പം എൽ സാൽവദോറിലേക്കു അയച്ചത്. ഇയാൾക്ക് യു എസ് പൗരത്വം ഉള്ള ഭാര്യയും അഞ്ചു വയസു പ്രായമുള്ള ഒരു കുട്ടിയും ഉണ്ട്.
ഗാർഷ്യയുടെ അഭിഭാഷകൻ പറയുന്നതനുസരിച്ചു ഇയാളുടെ ഇമ്മിഗ്രേഷൻ സ്റ്റാറ്റസ് മാറി എന്ന് ഇമ്മിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് അധികാരികൾ ഇയാളെ തടഞ്ഞു വയ്ക്കുമ്പോൾ പറഞ്ഞിരുന്നു. ഇയാളെ നാടു കടത്തിയതിന് ശേഷമാണ് ആ നടപടി തെറ്റിദ്ധാരണ മൂലം ഉണ്ടായതാണെന്ന് യുഎസ് അധികാരികൾ തിരിച്ചറിഞ്ഞതെന്നു പറയുന്നു.
അബ്‌റീഗോ ഗാർസിയ്ക്കു 16 വയസുള്ളപ്പോൾ, 2011 ലാണ് അയാൾ കൊള്ള സംഘങ്ങളുടെ ഭീഷണി മൂലം യുഎസിലേക്ക് കടന്നത് എന്നാണ് അയാളുടെ അപ്പീലിൽ പറയുന്നത്. കൊള്ള സംഘമായ എം എസ് 13 ലെ അംഗമാണെന്നു ആരോപിച്ചാണ് ഇയാൾക്കെതിരെ യു എസ് നടപടി എടുത്തത്. ഇയാളുടെ അറ്റേർണി സൈമൺ സാൻഡോവൾ മോഷൻബെർഗ് ആരോപണങ്ങൾ നിഷേധിച്ചു. എന്നാൽ ഒരു തീരുമാനം എടുക്കുവാൻ ഒരു ജഡ്‌ജിനെ കഴിയൂ എന്ന് പറഞ്ഞു.
അപ്പീൽ സുപ്രീം കോടതിക്ക് മുന്നിൽ തിങ്കളാഴ്ച എത്തി. നാലാം സർക്യൂട് കോടതിയും യു എസ് ഡിസ്ട്രിക്ട് ജഡ്ജ് പൗള സ്കിനൈസിന്റെ വിധി അനുകൂലിച്ചു. ഫോർത് കോർട്ട് ഓഫ് അപ്പീൽസ് ഏകകണ്ഠമായി ട്രംപ് ഭരണകൂടത്തിന്റെ അപ്പീൽ നിരസിക്കുകയും തിങ്കളാഴ്ച അർദ്ധ രാത്രിക്കു മുൻപ് അബ്‌റീഗോ ഗാർസിയയെ കൊണ്ടുവരണമെന്നു വിധിക്കയും ചെയ്തു.
ഗവൺമെന്റിനു തെറ്റ് പറ്റിയെന്നു പറയാനാവില്ല എന്ന് യുഎസ് സർക്യൂട് ജഡ്ജ് ജെയ്‌മി വിൽക്കിന്സണ് വിധിച്ചു. എന്നാൽ ഒരു തെറ്റ് പറ്റിയതാണെങ്കിൽ തിരുത്തണം എന്നും പറഞ്ഞു. ഈ വിധിയോട് അനുകൂലിച്ച യു എസ് സർക്യൂട് ജഡ്‌ജിമാരായ റോബർട്ട് കിങ്ങും സ്‌റ്റെഫനി ടാക്കറും അബ്‌റീഗോ ഗാർസിയ ഒരു ഗ്യാങ് മെമ്പറാണെന്നു തെളിയിക്കുവാൻ ഗവൺമെന്റിനു കഴിഞ്ഞില്ല, തെളിയിക്കുവാൻ ശ്രമിച്ചതുമില്ല എന്നാണ് വ്യക്തമാവുന്നതെന്നു പറഞ്ഞു.
ഒരു യു എസ് പ്രസിഡന്റിന് വിദേശ നയതന്ത്രജ്ഞന്റെ റോൾ നിർവഹിക്കാനാവില്ലെന്നും പ്രസിഡന്റ് ഈ കേസിൽ നേരിട്ട് ബന്ധപ്പെട്ടാൽ അങ്ങനെ വ്യാഖാനിക്കപ്പെടുമെന്നും സോളിസിറ്റർ ജനറൽ ഡി ജോൺ സൗർ വാദിച്ചു.
"യു എസ് ഭരണഘടന ഫെഡറൽ കോർട്ടുകൾക്കു അല്ല, പ്രസിഡന്റിനാണ് രാജ്യത്തെ തീവ്രാവാദികളിൽ നിന്ന് രക്ഷപ്പെടുത്താനും തീവ്രവാദികളെ നാട് കടത്താനുമുള്ള ചുമതലകൾ നൽകിയിരിക്കുന്നത്. യു എസിനു ഇത്തരം സജീവമായ കേസുകളിൽ വിജയം മുൻകൂട്ടി ഉറപ്പു നൽകാനാവില്ല, പ്രത്യേകിച്ച് ഒരു കോടതിയിൽ തികച്ചും സങ്കീർണമായ അന്താരാഷ്ട്ര ചർച്ചകളിൽ ഗിവ് ആൻഡ് ടേക്ക് പ്രധാന വിഷയമാകുമ്പോൾ," സൗർ പറഞ്ഞു.
ഏലിയൻ എനിമീസ് ആക്ട് ഉദ്ധരിച് നിയമ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ സംഘങ്ങളെയും അംഗങ്ങളെയും നാട് കടത്താനാണ് ട്രംപ് ശ്രമിക്കുന്നത്. അങ്ങനെയാണ് അബ്‌റീഗോ ഗാർസിയയെയും അറസ്റ്റ് ചെയ്തതും അയാളെ നാട് കടത്തുവാൻ നടപടികൾ സ്വീകരിച്ചതും.