Image

ഇന്ത്യയിൽ നിന്നു കൂടുതൽ ഐഫോണുകൾ യുഎസിലേക്ക് അയക്കാൻ ആപ്പിൾ ആലോചിക്കുന്നു (പിപിഎം)

Published on 08 April, 2025
ഇന്ത്യയിൽ നിന്നു കൂടുതൽ ഐഫോണുകൾ യുഎസിലേക്ക് അയക്കാൻ ആപ്പിൾ ആലോചിക്കുന്നു (പിപിഎം)

ചൈനയിൽ നിർമിച്ചു ഇറക്കുമതി ചെയ്യുന്ന  ഐഫോണുകളുടെ വില പ്രസിഡന്റ് ട്രംപിന്റെ താരിഫ് മൂലം കുതിച്ചുയരും എന്നതിനാൽ ഇന്ത്യയിൽ നിർമിക്കുന്ന കൂടുതൽ ഫോണുകൾ യുഎസിലേക്ക് അയക്കാൻ ആപ്പിൾ ആലോചിക്കുന്നു. ചൈനയിൽ നിന്നുള്ള ഇറക്കുമതിക്ക് 54% വരെ തീരുവ ചുമത്തിയിരിക്കെ ഐഫോൺ വില $2,000 കടക്കും എന്നാണ് ആശങ്ക.

ആപ്പിൾ ഈ വർഷം ഇന്ത്യയിൽ 25 മില്യൺ ഫോണുകൾ നിർമിക്കും എന്നാണ് ബാങ്ക് ഓഫ് അമേരിക്ക അനലിസ്റ്റ് വൻഷി മോഹൻ 'വോൾ സ്ട്രീറ്റ് ജേര്ണലി'നോട് പറഞ്ഞത്. ഇപ്പോൾ നിർമിക്കുന്നത് 15 മില്യൺ ആണ്.

ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്കു ട്രംപ് ചുമത്തിയത് 26% ആണ്. ചൈന ബദലായി അടിച്ച 34% താരിഫ് കുറച്ചില്ലെങ്കിൽ 50% ചുമത്തുമെന്നു ട്രംപ് തിങ്കളാഴ്ച്ച താക്കീതു നൽകിയിട്ടുമുണ്ട്. ചൊവാഴ്ച്ച വരെയാണ് അവർക്കു സമയം നൽകിയത്. ചൈന ചർച്ചയ്ക്കുള്ള സാധ്യത പ്രഖ്യാപിച്ചിട്ടില്ല.  

ആപ്പിൾ താരിഫിൽ നിന്ന് ആശ്വാസത്തിനു വൈറ്റ് ഹൗസിനെ സമീപിക്കും. ആദ്യ ഭരണത്തിൽ ട്രംപ് അവർക്കു ഇളവ് നൽകിയിരുന്നു.

താരിഫ് 54% ആണെങ്കിൽ പുതിയ മോഡൽ ഐഫോൺ വില $2,300 വരെ ഉയരും എന്നാണ് കണക്കാക്കിയിട്ടുള്ളത്.

ട്രംപിന്റെ കാഴ്ചപ്പാട് ഉൾക്കൊണ്ട് $500 ബില്യൺ യുഎസ് സമ്പദ് വ്യവസ്ഥയിൽ ചെലവിടാനും നിക്ഷേപിക്കാനും ആപ്പിൾ തയാറായിട്ടുണ്ട്. പുതുതായി 20,000 പേരെ ജോലിക്കെടുക്കും. ഹ്യുസ്റ്റണിൽ പുതിയ നിർമാണ സൗകര്യം ഉണ്ടാക്കും. എ ഐ സെർവറുകൾ അവിടെ നിർമിക്കുമെന്നു സി ഇ ഓ: ടിം കുക്ക് പറഞ്ഞു.

എന്നാൽ യുഎസിൽ നിർമിക്കുമ്പോൾ ചെലവേറും എന്നാണ് ആശങ്ക. യുഎസ് സംസ്ഥാനങ്ങളിൽ നിർമിച്ചാൽ $3,500 വരെ ഉയരാമെന്നു ഗവേഷകരായ വെഡ്‌ബുഷ് പറയുന്നു.  

ഐഫോണിന്റെ ഭാഗങ്ങൾ ഏറിയകൂറും ചൈനയിലാണ് നിർമിക്കുന്നത്. അടുത്ത കാലത്തായി പക്ഷെ കൂടുതൽ നിർമാണം ഇന്ത്യയിലേക്കു മാറ്റി. ഫോണുകളിൽ അപ്പോൾ മെയ്‌ഡ്‌ ഇൻ ഇന്ത്യ ലേബൽ അടിക്കാം.

എങ്കിലും പ്രാഥമിക നിർമാണം ചൈനയിൽ തന്നെയാണ്. നിർമാണ പങ്കാളികളായ ഫോക്സ്കോൺ ചൈനയിലാണ്.

ഐ പാഡ്, എയർപോഡ്, ആപ്പിൾ വാച്ച് തുടങ്ങിയ ഉത്പന്നങ്ങൾ വിയറ്റ്നാമിലാണ് നിർമിച്ചുവരുന്നത്. അവർക്കു ട്രംപ് 46% താരിഫ് ചുമത്തി.

 

Apple to increase iPhone production in India 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക