കുറച്ചു നിമിഷങ്ങൾ ഒച്ചയില്ലാതെ കടന്നുപോയി. സംഘമിത്രക്കൊന്നും മനസ്സിലായില്ല ...
" എലിവിഷമോ ?"
" അതെ മിത്ര എലിവിഷം , കുറേശ്ശേ ഭക്ഷണത്തിൽ ഉൾപ്പെടുത്തി . സംസാരിക്കാൻ സാധിക്കാത്ത കുട്ടികൾ .
പ്രത്യേകിച്ച് , ദ്രാവക രൂപത്തിൽ കൊടുക്കുമ്പോൾ കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ് . ഞാൻ കഴിഞ്ഞദിവസം പറഞ്ഞില്ലേ , ലിക്വിഡ് ഫുഡ് കൊടുക്കുന്നവർക്കാണ് ഈ ലക്ഷണങ്ങൾ കണ്ടതെന്ന് .. ?
" ഡോകട്ർ ഒന്നിവിടെ വരെ വരുമോ... "
" ഞാൻ കഴിയുന്നതും വേഗം എത്താം . വരുന്ന വഴിയിൽ ഓട്ടോപ്സിയുടെ റിസൾട്ട് കോപ്പി വാങ്ങണം . പോലീസും അവിടെ എത്തും . അവർക്കത് ആവശ്യമാണ് .
for further invesitgation.. "
ഇപ്പോൾ ഈ വിവരം ജനനിയോട് പറയേണ്ട .
കുറച്ചു സമയമായി അവർ ഉറങ്ങുകയാണ് .
ആരായിരിക്കും? വീണ്ടും വീണ്ടും ആ ചോദ്യം മനസ്സിലേക്ക് കടന്നു വന്നുകൊണ്ടിരുന്നു .
അടുക്കളയിൽ ഉള്ളവർ പ്രേമക്കാ , ഫിലോമിന..
സിസ്റ്റർ ജാനെറ്റ് മരുന്ന് എടുത്തു കൊടുക്കുന്നു. അവർക്കും ഫീഡിങ് ബോട്ടിലിൽ മരുന്നിന്റെ കൂടെ എന്തെങ്കിലും ചേർക്കാം ..
പിന്നെ ആശ അവൾ എല്ലായിടത്തുമുണ്ട് . എന്തെങ്കിലും....! കുട്ടിയുടെ മാതാവ് ..
പ്രഥമദൃഷ്ടിയാൽ അവർക്കാണ് സാദ്ധ്യത കൂടുതൽ .
പക്ഷെ പ്രേമക്കയുടെ മകൻ കാർത്തിക് അവിടെ താമസിക്കുന്നു .
ഫിലോമിന വളരെ വർഷങ്ങളായി അടുക്കളയിലുണ്ട്... ദിവസവും വന്നുപോകുന്ന ആളാണ് .സിസ്റ്റർ ജാനെറ്റും അവിടെയല്ല താമസം.
പിന്നെ ആശ.... സ്കൂൾ അടച്ചുപൂട്ടിയാൽ അവളുടെ ജോലി പോകില്ലേ ?
ഈ വൈഷമ്യം ചെറുതല്ല .
പോലീസ് എല്ലാവരെയും ചോദ്യം ചെയ്‌താൽ മറ്റു മാതാപിതാക്കളെ ഇതെങ്ങനെ ബാധിക്കും ..
ഏതെങ്കിലും ഓൺലൈൻ ചാനലുകാർ ഇതറിഞ്ഞാൽ പിന്നെ തീർന്നു ..
സ്കൂൾ അടച്ചുപൂട്ടേണ്ടി വരും .
ഇത്രയും നാൾ കഷ്ടപ്പെട്ടു നേടിയ യശസ്സ് മുഴുവൻ പോയിക്കിട്ടും .
ഇതിനെല്ലാം പുറമെ ജനനിയെ ഇത് തകർക്കും .
ഈ സ്കൂൾ തുടങ്ങിയത് അവരാണ് . സിത്താരയുടെ ഭദ്രത , സുരക്ഷിതത്വം, എല്ലാത്തിനും കോട്ടംതട്ടി .
ഡോക്ടർ ചന്ദ്രലേഖ റിപ്പോർട്ടിന്റെ കോപ്പിയുമായി എത്തി .
" പുറത്തുള്ളവർക്ക് റിപ്പോർട്ടിന്റെ കോപ്പി കൊടുക്കില്ല , പക്ഷെ ഞാൻ ഒരു പാത്തോളജിസ്റ് അല്ലേ , കൂടാതെ എന്റെ അഭിപ്രായ പ്രകാരമല്ലേ ഓട്ടോപ്സി ചെയ്തത് .
unofficially എനിക്കവർ കോപ്പി തന്നു .
ഇത് നമ്മൾ രണ്ടുപേരും ജനനിയുമല്ലാതെ ആരും അറിയേണ്ട .
അഭിനന്ദനെ ഡോക്ടർ സീതാലക്ഷ്മി വിളിച്ചു വിവരം പറഞ്ഞു.. "
ഡോക്ടറുടെ ശബ്‍ദം കേട്ടപ്പോൾ ജനനി എഴുന്നേറ്റു .
" റിപ്പോർട്ടിൽ എന്താണ് ഡോക്ടർ.. ? "
" Rodenticide Poisoning "
" എലിവിഷം മരണത്തിനു കാരണമാകുമോ .. ?
ജനനിയുടെ ചോദ്യത്തിന് ഡോക്ടർ വിശദമായി ചില കാര്യങ്ങൾ പറഞ്ഞു .
" തീർച്ചയായും , കാരണം അത് അവയവങ്ങൾക്ക്, പ്രത്യേകിച്ച് കരളിനും കിഡ്നികൾക്കും ഗുരുതരമായ കേടുപാടുകളുണ്ടാക്കും.
പിന്നെ ആൻറിഓകോഗുലന്റുകൾ, നോൺ-ആൻറിഓകോഗുലന്റുകൾ കരളിൽ രക്തം കട്ടപിടിക്കുന്ന ഘടകങ്ങളുടെ ഉത്പാദനത്തിലെ നിർണായക ഘടകമായ വിറ്റാമിൻ കെ യുടെ പ്രവർത്തനം തടസ്സപ്പെടുത്തും . രക്തചംക്രമണ വ്യൂഹത്തിൽ വിറ്റാമിൻ കെ യുടെ അഭാവം രക്തം കട്ടപിടിക്കുന്നത് കുറയ്ക്കുകയും ആന്തരിക രക്തസ്രാവം ഉണ്ടാവുകയും അത് മരണത്തിന് കാരണമാവുകയും ചെയ്യും .
പിന്നെ ശ്വാസകോശ വീക്കം അതായത് പൾമണറി ഏഡിമ . ഇതെല്ലം റിപ്പോർട്ടിലുണ്ട് .
കൂടാതെ വയറ്റിൽ എലിവിഷത്തിന്റെ അംശമുണ്ട് . അടുത്തയിടെ സിത്താരക്ക് പെട്ടെന്നുള്ള അപസ്മാരം, പേശി വിറയൽ ഇവയും അനുഭവപ്പെട്ടു .
അത് സാധാരണ വരുന്ന ഫിറ്റസ് അല്ലായിരുന്നു... "
ജനനിയും മിത്രയും ഇതുകേട്ട ആഘാതത്തിൽ തരിച്ചുനിന്നു .
അഭിനന്ദൻ ഓഫീസിൽ കയറി കുറച്ചു അത്യാവശ്യ കാര്യങ്ങൾ ചെയ്തിട്ടു സ്കൂളിലേക്ക് വന്നു .
അയാളുടെ കൈയ്യിൽ ചുവന്ന പട്ടു തുണിയാൽ കെട്ടിയ ഒരു കലശമുണ്ടായിരുന്നു . അതയാൾ ജനനിയെ ഏല്പിച്ചു .
ജനനി അത് കൈയിൽ പിടിച്ചു കണ്ണടച്ച് , അനങ്ങാതെ നിന്നു .
എന്റെ മോൾ സിത്താര ... അവൾ ഒരുപിടി ചാരമായി . അവൾക്ക് ഈ ലോകത്തിൽ നിന്നും വിടുതൽ ലഭിച്ചു . ഇനിയവൾ ഒരു കുഞ്ഞു നക്ഷത്രമാണ് . ഈ ലോകത്തേക്ക് ജനിച്ചിട്ടും ജീവിക്കാതെ വിട പറഞ്ഞവൾ ...
ജനനി മനസ്സിൽ ഓർത്തു .
പേറ്റുനോവിന്റെ വേദനയറിയുന്ന അമ്മയുടെ നെഞ്ചു പൊട്ടിയുള്ള നിലവിളിയുടെ ശബ്‍ദം പുറത്തേക്കു വന്നില്ല .
അവർ ആ കലശത്തിൽ അമർത്തി ചുംബിച്ചു. പിന്നെ അലമാര പതുക്കെ തുറന്ന് അതിന്റെ മുകളിലത്തെ തട്ടിൽ കൃഷ്ണന്റെ ഒരു ചിത്രം , കൂടാതെ ജനനിയുടെ മാതാപിതാക്കളുടെ ഒരു ഫോട്ടോ .
അവർ ആ കലശം അവിടെ വെച്ചു .
സിത്താരയുടെ , സ്ഥൂല ശരീരത്തില്‍ നിന്നും വേര്‍പ്പെട്ട സൂക്ഷ്മ ശരീരം ആ മുറിയിൽ ഉണ്ടെന്നു തോന്നി .
ഒരു വാക്കു പോലും ഉരിയാടാതെ ജനനി ആ കട്ടിലിൽ കുറച്ചു സമയം നോക്കി നിന്നു .
എന്നിട്ട് അഭിനനന്ദനോട് പറഞ്ഞു .
"നന്ദി , അത് ഞാൻ ഒരു വാക്കിൽ ഒതുക്കുന്നില്ല...
എന്റെ പ്രാർത്ഥനയിൽ നിങ്ങൾ എല്ലാവരുമുണ്ടാകും ."
അപ്രതീക്ഷിതമായി കാറ്റടിച്ചു . തളംകെട്ടി നില്‍ക്കുന്ന ദുഃഖത്തെ ഒഴുക്കിക്കളയാനെന്നവണ്ണം പുറത്തു ശക്തമായി മഴ പെയ്യാൻ തുടങ്ങി .
പോലീസ് ഉച്ചകഴിഞ്ഞു വന്നു . ഒരൊത്തുരുടെയും മൊഴി എടുക്കുമെന്ന് പറഞ്ഞു . ഒന്നും മറച്ചു വെക്കാതെ ഓർമ്മയിലുള്ളത് പറയണം .
അന്തേവാസികളുടെ ഇടയിൽ അത് പരിഭ്രാന്തി പരത്തി . ഓരോരുത്തരും ഭയപ്പെട്ടത് പോലീസ് അവരെ സംശയിക്കുമോ എന്നാണ് .
മിത്ര ഒരു മീറ്റിംഗ് വിളിച്ചു കൂട്ടി . ആദ്യത്തെ
ഒരു നിമിഷം എല്ലാവരും സിത്താരക്കായി പ്രാർത്ഥിച്ചു .
അതിനു ശേഷം എല്ലാവരോടുമായി സംഘമിത്ര പറഞ്ഞു .
"സിത്താരയുടെ മരണത്തെക്കുറിച്ച് ചില സംശയങ്ങൾ പോലീസീനുണ്ട് .. നമ്മൾ അവരോട് സഹകരിക്കണം . ഒന്നുകൊണ്ടും പേടിക്കേണ്ട . അവർ അവരുടെ ജോലി ചെയ്യന്നു .
അതിനു സമ്മുടെ സഹായവും സഹകരണവും ആവശ്യമുണ്ട് . എന്തെങ്കിലും അരുതാത്തതു നടന്നെങ്കിൽ അതിനു പിന്നിൽ ആരെന്നറിയണം . അല്ലെങ്കിൽ അത് ആവർത്തിക്കപ്പെഉച്ചയോടെ ജനനിയുടെ അച്ഛൻ രമേശ് പിള്ളയും ചെറിയച്ഛനും വന്നു . ഈ വിവരങ്ങൾ അറിഞ്ഞതും ജനനിയുടെ ഇപ്പോഴത്തെ അവസ്ഥ നോക്കാതെ അയാൾ പൊട്ടിത്തെറിച്ചു ..
" ഇതിനാണോ ജനനി നീ നമ്മുടെ കുഞ്ഞിനെ ഇന്ത്യക്ക് കൊണ്ടുവന്നത് , ഞാൻ ജോലിചെയ്തു സമ്പാദിച്ചതിന്റെ പാതിയിലധികം ഈ സ്കൂളിനായി ചിലവഴിച്ചത് ...!ഇവിടെ എന്താണ് നടക്കുന്നത് എന്നുപോലും നിങ്ങൾക്കാർക്കും ശ്രദ്ധിക്കാൻ സാധിച്ചില്ല.. "
കുറ്റപ്പെടുത്തലിന്റെ അവസാനം അയാൾ ഏങ്ങിക്കരയാൻ തുടങ്ങി .
" ഇത് എന്റെയും കൂടി കുറ്റമാണ് .
അന്ന് നിന്റെ പിടിവാശി ഞാൻ സമ്മതിക്കരുതായിരുന്നു.."
അഭിനന്ദൻ അയാളുടെ തോളിൽ കൈയിട്ടു പതുക്കെ പുറത്തേക്കു കൂട്ടിക്കൊണ്ടുപോയി .കൂടെ ചെറിയച്ഛനും .
അവർ അയാളെ ആശ്വസിപ്പിച്ചു .
ശബ്ദം പൊടുന്നനെ നഷ്ടപ്പെട്ടവളെപ്പോലെ ജനനി നിന്നു .. അവരുടെ മുഖം അപ്പോൾ കുറ്റബോധത്താൽ താണിരുന്നു .
ചുറ്റും നിറഞ്ഞ അന്ധകാരത്തിൽ തന്റെ കനത്ത മൗനം അഗ്നിയായി ആളിക്കത്തി തന്നെ ചാമ്പലാക്കിയിരുന്നെങ്കിൽ...
ഇനിയും ജീവിച്ചിരുന്നിട്ടും കാര്യമില്ല. ആർക്കുവേണ്ടി ? എന്തിനുവേണ്ടി ?
മുന്നറിയിപ്പില്ലാത്ത ഒരു കൊടുങ്കാറ്റ്, അത് ഉയർന്ന ടിക്കുമ്പോൾ തൊടുന്നതെല്ലാം ഒഴുക്കിലേക്ക് വലിച്ചെടുക്കപ്പെടുന്നു.
ആ കൊടുങ്കാറ്റാണ് ഇപ്പോൾ വീശുന്നത് .
ജനനിയുടെ അച്ഛൻ തിരികെ വന്നു .. അയാൾ ജനനിയെ ചേർത്ത് പിടിച്ചു . പിന്നെ ആശ്വസിപ്പിച്ചു .
" ഇത് കേട്ടപ്പോൾ സഹിച്ചില്ല , അതാണ് അങ്ങനെ പൊട്ടിത്തെറിച്ചത് . ഇത് ചെയ്തത് എന്തിനാണ് , ആരാണ് ചെയ്തത്.. കണ്ടുപിടിക്കണം ..
സിത്തുവിന്റെ ചിതാഭസ്മം എവിടെ നിമജ്ജനം ചെയ്യണമെന്ന് ആലോചിച്ചു പറയൂ , അത് കഴിഞ്ഞാൽ ഞാൻ തിരികെ പോകും .
" അതെ അവൾക്ക് ഹൃദയംഗമമായ ഒരു വിടവാങ്ങൽ നടത്തണം... "
ചെറിയച്ഛനാണു അത് പറഞ്ഞത് .
" നമ്മുടെ തറവാട്ടു വളപ്പിൽ ആകാം , അവിടെയല്ലേ അവളുടെ , മുത്തശ്ശനും മുത്തശ്ശിയും ... "
അയാൾ തുടർന്നു .
ജനനി അതിനു മറുപടി പറഞ്ഞില്ല .
" ചേട്ടാ , കുറച്ചു സമയം ജനനിക്കു കൊടുക്കൂ .. എല്ലാംകൂടി അവർക്കു ടൂ മച്ച് ആണ് "
മിത്രയുടെ അഭ്യർത്ഥനക്ക് അയാൾ മറുപടി പറഞ്ഞു.
"എന്താണെങ്കിലും ആലോചിച്ചു പറയൂ , ലീവ് അധികമില്ല. റിട്ടേൺ ടിക്കറ്റ് ബുക്ക് ചെയ്യണം... "
അവർ അധികം വൈകാതെ യാത്രപറഞ്ഞു പോയി .
തുടരും ....