Image

ഷെറിന് രണ്ടാഴ്ചത്തെ പരോള്‍ , സ്വാഭാവിക നടപടിയെന്ന് ജയില്‍ വകുപ്പ്

Published on 08 April, 2025
ഷെറിന് രണ്ടാഴ്ചത്തെ  പരോള്‍ , സ്വാഭാവിക നടപടിയെന്ന് ജയില്‍ വകുപ്പ്

തിരുവനന്തപുരം: ഭാസ്‌കര കാരണവര്‍ വധക്കേസ് കുറ്റവാളി ഷെറിന് രണ്ടാഴ്ചത്തെ പരോള്‍ അനുവദിക്കാന്‍ ജയില്‍ വകുപ്പ് തീരുമാനം. ഈ മാസം അഞ്ചു മുതല്‍ 23 വരെയാണ്  പരോള്‍. ശിക്ഷായിളവ് നല്‍കി ഷെറിനെ മോചിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം നേരത്തേ വിവാദമായിരുന്നു.

ഇത് സ്വാഭാവിക നടപടിയെന്നാണ് ജയില്‍ വകുപ്പ് അധികൃതരുടെ പ്രതികരണം. ശിക്ഷാ ഇളവ് നല്‍കി മോചിപ്പിക്കാനുള്ള മന്ത്രിസഭാ തീരുമാനം ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് മരവിപ്പിക്കുകയായിരുന്നു. ജീവപര്യന്തം തടവിന്റെ ഏറ്റവും കുറഞ്ഞ കാലയളവായ 14 വര്‍ഷം പൂര്‍ത്തിയതിനു പിന്നാലെ ശിക്ഷാ ഇളവ് നല്‍കി ഷെറിനെ സ്വതന്ത്രയാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഇരുപതും ഇരുപത്തിയഞ്ചും വര്‍ഷമായി തടവില്‍ കിടക്കുന്ന പലരുടെയും അപേക്ഷ ചവറ്റുകുട്ടയില്‍ കിടക്കുമ്പോള്‍ ഷെറിന് കിട്ടിയ പരിഗണനയ്ക്ക് പിന്നില്‍ ഒരു മന്ത്രിയുടെ കരുതല്‍ എന്ന ആക്ഷേപം പോലും ഉയര്‍ന്നിരുന്നു. 14 വര്‍ഷത്തെ ശിക്ഷാകാലയളവിനുള്ളില്‍ ഇതുവരെ 500 ദിവസം ഷെറിന് പരോള്‍ ലഭിച്ചിട്ടുണ്ട്.

ഷെറിനെ വിട്ടയയ്ക്കുന്നതിനെതിരെ ഗവര്‍ണര്‍ക്കും പരാതി ലഭിച്ചിരുന്നു. ഇതില്‍ ഗവര്‍ണര്‍ വിശദീകരണം ചോദിക്കുമെന്ന സൂചനയും സര്‍ക്കാരിനു ലഭിച്ചിരുന്നു. മന്ത്രിസഭാ തീരുമാനം ഗവര്‍ണറുടെ അംഗീകാരത്തിനു വിടാനുള്ള ഫയല്‍ ദിവസങ്ങള്‍ക്കകം മുഖ്യമന്ത്രിയുടെ ഓഫിസിലേക്കു കൈമാറിയെങ്കിലും സാഹചര്യം എതിരായിരുന്നു.

ഇതിനിടെ സഹതടവുകാരിയെ മര്‍ദിച്ചതിന് മാര്‍ച്ചില്‍ ഷെറിനെതിരെ കേസുമെടുത്തിരുന്നു. കണ്ണൂരിലെ വനിതാ ജയിലിലാണ് ഷെറിന്‍ ഇപ്പോഴുള്ളത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക