ഫിലാഡല്‍ഫിയാ, യു.എസ്.എ.: 2023 ജൂലൈ മാസത്തെ സെന്റര്‍ ഫോര്‍ മൈഗ്രേഷന്‍ ഓഫ് ന്യൂയോര്‍ക്ക് വിജ്ഞാപനാനുസരണം ഒരുകോടി 17 ലക്ഷം ജനങ്ങള്‍ അനധികൃതമായി വിവിധ രാജ്യങ്ങളില്‍നിന്നും അമേരിക്കയില്‍ കുടിയേറിയതായി പറയുന്നു. 2022 ജനുവരി മാസത്തെ ഹോംലാന്‍ഡ് സെക്യൂരിറ്റി ജനസ്ഥിതി വിവരാണുസരണം ഒരുകോടി 10 ലക്ഷം അനധികൃതര്‍ യാതൊരുവിധമായ രേഖകളും ഇല്ലാതെ അമേരിക്കയില്‍ രഹസ്യമായി ഉള്ളതായും 2 കോടി 60 ലക്ഷം വിദേശികള്‍ നിയമാനുസരണം കുടിയേറിയതായും വെളിപ്പെടുത്തിയിട്ടുണ്ട്. പരസ്പരബന്ധം ഇല്ലാതെയുള്ളതായ വിവിധ ഗവണ്മെന്റ് ഏജന്‍സികളുടെ ഗണിതശാസ്ത്രത്തിന്റെ നിഷ്ഠത സംശയാസ്പദംതന്നെ.
പോലീസ് കാവലുള്ള പിടിക്കപ്പെട്ട അനധികൃത കുടിയേറ്റക്കാര്‍
അനധികൃത കുടിയേറ്റക്കാരെ മാതൃരാജ്യങ്ങളിലേയ്ക്കു മടക്കി അയയ്ക്കുമെന്നും അതിര്‍ത്തി പ്രദേശങ്ങളില്‍ ശക്തമായ ബോര്‍ഡര്‍ സെക്യൂരിറ്റി പോലീസിനെ കൂടുതലായി നിയമിക്കുമെന്നും ഇലക്ഷനുമുമ്പായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ ജനതയ്ക്കു ഉറപ്പായി വാഗ്ദാനം ചെയ്തിരിക്കുന്നു. ഇലക്ഷന്‍ പ്രതിജ്ഞ പൂര്‍ത്തീകരണ തുടക്കങ്ങള്‍തന്നെ 9980 കൊടും കുറ്റവാളികള്‍ അടക്കം 14111 അനധികൃത കുടിയേറ്റക്കാരെ മടക്കിയയച്ചതായി മാര്‍ച്ച് 13 ലെ ഇമിഗ്രേഷന്‍ കസ്റ്റംസ് ആന്‍ഡ് എന്‍ഫോഴ്‌സ്‌മെന്റ് (ഐ.സി.ഇ.) പ്രസ്സ് റിലീസ് കൃത്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഫ്‌ളോറിഡായില്‍നിന്നും 1722 കിലോമീറ്റര്‍ (1070 മൈല്‍സ്) എയര്‍ ഡിസ്റ്റന്‍സ് ഉള്ള എല്‍ സാല്‍വഡോറിലേക്ക് നാടുകടത്തല്‍ നിറുത്തല്‍ ചെയ്യണമെന്ന കോര്‍ട്ട് ഓര്‍ഡറിനെ ലംഘിച്ചു ട്രംപ് ഭരണകൂടം കൊലയാളികളും ബലാല്‍സംഗ കേസുകളും ഉള്ള 17 കുറ്റവാളികളെ സധൈര്യം ഡിപ്പോര്‍ട്ട് ചെയ്തതായി സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാക്രോ റുപിയോ മാധ്യമങ്ങലോടു വെളിപ്പെടുത്തി.
ശക്തമായ യു.എസ്. മെക്‌സിക്കോ അതിര്‍ത്തിയിലുള്ള കമ്പിവേലി ഭേദിച്ച് അമേരിക്കയില്‍
എത്തുവാനുള്ള അനധികൃത കുടിയേറ്റക്കാരുടെ ഉദ്യമം
2009 മുതല്‍ 2024 വരെയുള്ള കാലഘട്ടം 16000 ത്തിലധികം അനധികൃത ഇന്‍ഡ്യന്‍ പൗരന്മാരെ വിവിധ ഗ്രൂപ്പുകളായി ഡിപ്പോര്‍ട്ട് ചെയ്തതായി ബ്രിട്ടീഷ് ബോര്‍ഡ് കാസ്റ്റിംഗ് കോര്‍പ്പറേഷന്‍ (ബി.ബി.സി.) പ്രക്ഷേപണം ചെയ്തിട്ടുണ്ട്. മാര്‍ച്ച് 30, ഞായറാഴ്ച 12 ഇന്‍ഡ്യക്കാരുമായി യു.എസ്. മിലിട്ടറി പ്ലെയിന്‍ പനാമയില്‍നിന്നും ഇന്‍സ്റ്റാന്‍ബുള്‍ വഴി ഡെല്‍ഹി ഇന്ദിരാഗാന്ധി എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്തതായും പോലീസ് സഹായത്തോടെ പഞ്ചാബിലും ഉത്തര്‍പ്രദേശിലും ഹരിയാനയലിലുമുള്ള സ്വന്തം വീടുകളില്‍ എത്തിച്ചതായും ന്യൂസ് നയന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
15.51 ലക്ഷം ജനസംഖ്യയുള്ള ഫിലദല്‍ഫിയ സിറ്റിയില്‍ 12,500 ല്‍ അധികം ഇന്‍ഡ്യയില്‍ ജനിച്ചവരില്‍ കൃത്യമായും അനധികൃതമായിട്ടുള്ള കുടിയേറ്റക്കാരെ അനായാസമായി കണ്ടെത്തുക അസാധ്യമാണ്. ന്യൂയോര്‍ക്ക്, ചിക്കാഗോ, ലോസാഞ്ചലസ്, ഫിലദല്‍ഫിയ, ഹൂസ്റ്റണ്‍ അടക്കമുള്ള ജനനിബിഡമായ വന്‍ നഗരങ്ങളിലുള്ള സുഹൃത്തുക്കളോടൊപ്പമോ ബന്ധുക്കളോടൊപ്പമോ വസിക്കുന്ന അനധികൃതര്‍ കൃത്യമായി അനുദിനം ജോലിക്കു എത്തിച്ചേരുന്നു. ഉദ്യോഗാര്‍ത്ഥികളുടെ അഭാവം നിമിത്തം വന്‍ വിഭാഗം ബിസിനസ്സ് ഉടമകള്‍ കൃത്യമായ അമേരിക്കന്‍ വാസത്തിനുള്ള അനുമതി ലഭിച്ചവരെന്നോ വര്‍ക്ക് പെര്‍മിറ്റ് ഉള്ളവരെന്നോ അന്വേഷിക്കുന്നതും അപൂര്‍വ്വം ആയിരിക്കും.
അനധികൃത കുടിയേറ്റക്കാരുടെ അമേരിക്കന്‍ അതിര്‍ത്തിയിലുള്ള പലായനം
32 ശതമാനം അമേരിക്കന്‍ ജനത അനധികൃത കുടിയേറ്റക്കാരെ മടക്കി അയയ്ക്കണമെന്ന അഭിപ്രായം പ്രകടിപ്പിച്ചതായി സി.എം.എസ്. റിപ്പോര്‍ട്ടില്‍ അടിവരയിട്ടു രേഖപ്പെടുത്തിയിട്ടുണ്ട്. കുറ്റകൃത്യങ്ങളില്‍പ്പെട്ട അനധികൃതരെ മാതൃരാജ്യത്തേയ്ക്ക് ജയില്‍ശിക്ഷ ശേഷം ഡിപ്പോര്‍ട്ട് ചെയ്യണമെന്നു 97 ശതമാനം സാധാരണ അമേരിക്കന്‍ ജനത ആവശ്യപ്പെടുമ്പോള്‍ പ്രബലമായ റിപ്പബ്‌ളിക്കന്‍ പാര്‍ട്ടിയും ഡെമോക്രാറ്റിക്ക് പാര്‍ട്ടിയും വിഭിന്ന അഭിപ്രായഗതിയിലാണ്. കൃത്യമായ രേഖകള്‍ ഇല്ലാത്ത വിദേശികളെ തിരിച്ചയയ്ക്കണമെന്നു 54 ശതമാനം റിപ്പബ്ലിക്കന്‍ പാര്‍ട്ടി മെമ്പേഴ്‌സ് ആവശ്യപ്പെടുമ്പോള്‍ 10 ശതമാനം മാത്രം ഡെമോക്രാറ്റിക് പാര്‍ട്ടി അംഗങ്ങള്‍ സപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂ.
ക്രമാനുസരണമായ വാഹന പരിശോധനയോടൊപ്പം ഉടമയുടെയും യാത്രക്കാരുടെയും ഇമിഗ്രേഷന്‍ സ്റ്റാറ്റസ് പരിശോധിയ്ക്കണമെന്ന് 81 ശതമാനം റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങള്‍ ആവശ്യപ്പെടുമ്പോള്‍ അനുകൂല നിലപാടില്‍ 33 ശതമാനം മാത്രം ഡെമോക്രാറ്റിക്ക് പാര്‍ട്ടി അംഗങ്ങള്‍.
2022, ജനുവരി 19 ന് യു.എസ്. - കനേഡിയന്‍ അതിര്‍ത്തിയില്‍ പൂര്‍ണ്ണമായി മഞ്ഞുമൂടിക്കിടക്കുന്ന അതിശൈത്യ മേഖലയായ മിനിസോറ്റായുടെ നോര്‍ത്ത് വെസ്റ്റ് പ്രദേശത്തുകൂടി ഗുജറാത്ത് സ്റ്റേറ്റിലുള്ള പട്ടേല്‍ കുടുംബത്തിന്റെ കൂരിട്ടിന്റെ മറവിലെ അതിദാരുണമായ അനധികൃത അന്ത്യയാത്രയുടെ ഓര്‍മ്മകള്‍ ഓരോ ഇന്‍ഡ്യക്കാരന്റെയും മനസ്സില്‍ മങ്ങാതെ സഹതാപപൂര്‍വ്വം ജ്വലിച്ചുകൊണ്ടിരിക്കുന്നു.
അമിതമായ അമേരിക്കന്‍ അഭിനിവേശനം ഇന്‍ഡ്യക്കാരും പ്രത്യേകിച്ച് ഗുജറാത്തികളും മലയാളികളും അന്തസോടെ ഒരു പരിധിവരെ കൈവെടിഞ്ഞു ജന്മനാട്ടില്‍ത്തന്നെ പുലരുവാനുള്ള പ്രക്രിയകള്‍ പ്രാവര്‍ത്തികമാക്കണം.