Image

ഇറാൻ-യുഎസ് നേരിട്ടുള്ള ചർച്ച ശനിയാഴ്ച്ച ഒമാനിൽ; പരാജയപ്പെട്ടാൽ ഗുരുതര ഭവിഷ്യത്തെന്നു ട്രംപ് (പിപിഎം)

Published on 08 April, 2025
ഇറാൻ-യുഎസ് നേരിട്ടുള്ള ചർച്ച ശനിയാഴ്ച്ച ഒമാനിൽ; പരാജയപ്പെട്ടാൽ ഗുരുതര ഭവിഷ്യത്തെന്നു ട്രംപ് (പിപിഎം)

യുഎസും ഇറാനും നേരിട്ടുള്ള ചർച്ചകൾ ആരംഭിച്ചെന്നു പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് വെളിപ്പെടുത്തി. ശനിയാഴ്ച്ച 'വളരെ ഉന്നത തലത്തിൽ' ആദ്യത്തെ ഔദ്യോഗിക ചർച്ച ഉണ്ടാവുമെന്നും അദ്ദേഹം അറിയിച്ചു. ഇറാന്റെ ആണവ പരിപാടി സംബന്ധിച്ച ചർച്ചയിൽ തീർപ്പുണ്ടായില്ലെങ്കിൽ ആ രാജ്യം വളരെ ഗുരുതരമായ പ്രത്യാഘാതം നേരിടുമെന്ന് പറയാനും അദ്ദേഹം മടിച്ചില്ല.

ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായുള്ള ചർച്ചയ്ക്കു ശേഷമാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.

ടെഹ്‌റാൻ റിപ്പോർട്ടുകൾ അനുസരിച്ചു ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറഗ്ചിയും ട്രംപിന്റെ സുഹൃത്തും മിഡിൽ ഈസ്റ്റ് ദൂതനുമായ സ്റ്റീവ് വിറ്റ് കോഫും ആയിരിക്കും ചർച്ചകൾ നയിക്കുക. മധ്യസ്ഥത വഹിക്കുന്ന ഒമാന്റെ തലസ്ഥാനമായ മസ്‌കറ്റിൽ ആയിരിക്കും ചർച്ചകൾ. 

ചർച്ചകൾ നേരിട്ടാണെന്നു ഇറാൻ സമ്മതിക്കുന്നില്ല. അബ്ബാസ് അറഗ്ചി അതിനെ പരോക്ഷം എന്നു വിളിക്കുന്നു. "ഇതൊരു പരീക്ഷണമാണ്," അദ്ദേഹം പറഞ്ഞു. "പന്ത് അമേരിക്കയുടെ കളത്തിലാണ്."

റഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ചർച്ച നടത്തിയത് വിറ്റ് കോഫ് തന്നെ ആയിരുന്നു. അതിനു ഫലമൊന്നും കണ്ടിട്ടില്ല. ട്രംപിന്റെ റിയൽ എസ്റ്റേറ്റ് പങ്കാളി നയതന്ത്ര വൈദഗ്ധ്യമൊന്നും തെളിയിച്ചിട്ടില്ല.

ട്രംപ് നേരത്തെയും ഇറാനെ ചർച്ചകൾക്കു ക്ഷണിച്ചിരുന്നു. ഇറാൻ അദ്ധ്യാത്‌മിക പരമാധികാരി ആയത്തൊള്ള അലി ഖമെയ്‌നി അത് തള്ളി.  

ചർച്ചകൾ പരാജയപ്പെട്ടാൽ സൈനിക നടപടി ഉണ്ടാവുമെന്ന സൂചനയാണ് ട്രംപ് നൽകിയത്. അതൊഴിവാക്കാൻ യുഎസും ഇസ്രയേലും ആഗ്രഹിക്കുന്നു എന്നദ്ദേഹം അടിവരയിട്ടു പറഞ്ഞു.

Trump announces US-Iran talks

 

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക