മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടിലിറങ്ങിയ എമ്പുരാൻ സിനിമയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഡിജിപി ആർ ശ്രീലേഖ. എമ്പുരാൻ സമൂഹത്തിന് വളരെ മോശം സന്ദേശം നൽകുന്ന സിനിമയാണെന്ന് അവർ കുറ്റപ്പെടുത്തി. സിനിമ നിറയെ കൊലപാതകങ്ങളും വയലൻസുമുണ്ട് അതുകൊണ്ടു തന്നെ ഈ സിനിമ കുട്ടികൾ ഒരു കാരണവശാലും കാണരുതെന്നും ശ്രീലേഖ പറഞ്ഞു. ലൂസിഫർ കണ്ടു ഇഷ്ടമായതുകൊണ്ടാണ് എമ്പുരാൻ കാണാൻ പോയതെന്നും സിനിമ കണ്ടുകൊണ്ടിരുന്നപ്പോൾ ഇറങ്ങിപ്പോകാൻ തോന്നിയെന്നും ശ്രീലേഖ പറഞ്ഞു. എമ്പുരാൻ എന്ന സിനിമ വെറും എമ്പോക്കിത്തരം’ എന്ന തലക്കെട്ടോടെ സ്വന്തം യൂട്യൂബ് ചാനലിൽ പങ്കുവച്ച വീഡിയോയിലൂടെയായിരുന്നു ശ്രീലേഖയുടെ പ്രതികരണം.
ബിജെപി കേരളത്തിലേക്ക് വന്നാൽ വലിയ വിനാശം സംഭവിക്കും അതുകൊണ്ട് ആയുധ ഇടപാടുകളും സ്വർണം കടത്തലും കൊലയും ഒക്കെ ചെയ്യുന്ന ഒരു മാഫിയ തലവന് മാത്രമേ കേരളത്തെ രക്ഷിക്കാൻ കഴിയൂ എന്നാണു സിനിമയിൽ പറയുന്നതു. വർഷങ്ങൾക്കു മുൻപ് നടന്ന ഗോധ്ര കലാപത്തെ മുഴുവൻ കാണിക്കാതെ വളച്ചൊടിച്ച് കേരളത്തിൽ മതസ്പർദ്ധ ഉണ്ടാക്കാനും ഈ സിനിമ ശ്രമിക്കുന്നുവെന്നും അവർ കുറ്റപ്പെടുത്തി.
പൃഥ്വിരാജ് ‘ലൂസിഫറി’ൽ വന്നപ്പോൾ എനിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടു. കാരണം അത് വളരെ സട്ടിൽ ആയിട്ടുള്ള ഒരു വരവായിരുന്നു. പക്ഷേ ഇതിൽ മോഹൻലാലിനെക്കാൾ കൂടുതൽ പൃഥ്വിരാജ് നിറഞ്ഞു നിൽക്കുന്ന ഒരു സിനിമയാണ്. സയിദ് മസൂദ് എങ്ങനെ സയിദ് മസൂദ് ആയി എന്ന് കാണിക്കാൻ വേണ്ടി ഇതുപോലെ ഗോധ്ര കലാപം വലിച്ച് കൊണ്ടുവരികയും അത് വികലമായി കാണിക്കുകയും, അതായത് ആ ട്രെയിൻ കത്തുന്നത് ശരിക്കും കാണിക്കുന്നില്ല, അത് എഡിറ്റ് ചെയ്യുമ്പോഴും അതിന്റെ ഒന്നും മാറാൻ പോകുന്നില്ല. അതിന്റെ കഥ എന്ന് പറയുന്നത് ഇപ്പോഴും കഥയായിട്ട് തന്നെ ഇരിക്കും. സിനിമയുടെ സന്ദേശം ഇപ്പോഴും അതുപോലെ ഇരിക്കും, കുറെ സീനുകൾ മാറ്റിയതുകൊണ്ടോ അതിനകത്തെ മുഖ്യ വില്ലന്റെ പേര് മാറ്റിയതുകൊണ്ടോ കാര്യമില്ല. ഹനുമാന്റെ പേരിട്ട ബജ്‌രംഗി ഭായി എന്ന് പറയുന്ന ആളാണ് വില്ലൻ കഥാപാത്രം. അത് മാറ്റി ബൽരാജ് ഭയ്യ എന്നാക്കിയതുകൊണ്ട് ഒന്നും ഇത് മാറാൻ പോകുന്നില്ല കാരണം ഇതിനകത്ത് പറഞ്ഞിരിക്കുന്നത് വയലൻസ് ആണ്. ഇതിനകത്തുള്ളത് ബിജെപി വന്നു കഴിഞ്ഞാൽ നമ്മുടെ രാജ്യം കുട്ടിച്ചോറാകും. ഇപ്പോൾ മതസൗഹാർദത്തോടുകൂടി സ്നേഹത്തോടുകൂടി ഇരിക്കുന്ന കേരളം എന്ന് പറയുന്ന കൊച്ചു സംസ്ഥാനം ഇങ്ങനെ ഭാരതത്തിന്റെ ഭാഗമല്ലാതെ മാറികിടക്കുന്നത് തന്നെയാണ് സേഫ്, അത് ഭാരതത്തിന്റെ ഭാഗമാകണ്ട എന്നുള്ള തെറ്റായ ഒരു ധാരണ സമൂഹത്തിന് നൽകുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ എന്തുദ്ദേശത്തിലാണ് തന്റെ പേരക്കുട്ടിയെ ഈ സിനിമ കാണാൻ കൊണ്ടുപോയതെന്നു മനസ്സിലായില്ലെന്നും അവർ പറഞ്ഞു.
English summery:
Empuraan is just an exaggerated show-off; it's a film that sends a bad message to society. I felt like walking out halfway through," said former DGP R. Sreelekha.