ന്യൂഡല്‍ഹി: പവര്‍ ബാങ്ക് കണ്ടെത്തിയതിനെ തുടര്‍ന്ന് അലാസ്‌ക വിമാനത്താവളത്തില്‍ എട്ട് മണിക്കൂര്‍ തടഞ്ഞുവച്ച ദുരനുഭവത്തെക്കുറിച്ച് ഇന്ത്യന്‍ സംരംഭക ശ്രുതി ചതുര്‍വേദി എക്‌സിലൂടെ പങ്ക് വെച്ചു.
പബ്ലിക് റിലേഷന്‍സ് സ്ഥാപനമായ ചൈപാനിയുടെ സ്ഥാപകയാണ് ശ്രുതി ചതുര്‍വേദി. എട്ട് മണിക്കൂര്‍ തടഞ്ഞുവെക്കുകയും ഉദ്യോഗസ്ഥന്‍ ശരീര പരിശോധന നടത്തുകയും ചെയ്തു. അലാസ്‌കയിലുള്ള ആങ്കറേജ് വിമാനത്താവളത്തില്‍ വെച്ചാണ് ദുരനുഭവം നേരിട്ടതെന്ന് അവര്‍ അറിയിച്ചു.
'പൊലീസും എ.ഫ്ബി.ഐയും വളരെ മോശമായാണ് പെരുമാറിയത്. ഫോണ്‍, വാലറ്റ് ഉള്‍പ്പെടെയുള്ള സ്വകാര്യ വസ്തുക്കള്‍ പിടിച്ചെടുക്കുകയും വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി പരിശോധന നടത്തുകയും ചെയ്തു. ഫോണ്‍ വിളിക്കാന്‍ പോലും അനുവാദം നല്‍കിയില്ല. വിശ്രമമുറി ഉപയോഗിക്കാന്‍ അനുമതി നിഷേധിക്കുകയും വിമാനയാത്ര ഒഴിവാക്കുകയും ചെയ്തു. ആ അവസ്ഥ ഭീകരമാണ്'. വിദേശകാര്യ മന്ത്രാലയത്തെ ടാഗ് ചെയ്തുകൊണ്ടാണ് പോസ്റ്റ് ഷെയര്‍ ചെയ്തത്.