ട്രംപ് ഭരണകൂടം കഴിഞ്ഞയാഴ്ച്ച ലോകത്തിനു മേൽ അടിച്ചേൽപ്പിച്ച തീരുവകൾക്കു ന്യായമായി തന്റെ ഗവേഷണം എടുത്തു ചേർത്തത്തിൽ അമ്പരപ്പ് പ്രകടിപ്പിച്ചു പ്രമുഖ സാമ്പത്തിക വിദഗ്ദ്ധൻ. തന്റെ ഫോർമുല വൈറ്റ് ഹൗസ് 'ഏറെ തെറ്റായാണ്' ഉപയോഗിച്ചതെന്നു യൂണിവേഴ്സിറ്റി ഓഫ് ഷിക്കാഗോ എക്കണോമിക്സ് പ്രഫസർ ബ്രെന്റ് നീമാൻ പറയുന്നു.
"ഓരോ രാജ്യത്തിന്റെയും മേൽ ചുമത്തിയ ഭീമമായ താരിഫ് കണക്കുകൂട്ടാൻ അവർ മൊത്തം തെറ്റായാണ് അത് ഉപയോഗിച്ചത്," ന്യൂ യോർക്ക് പോസ്റ്റിൽ അദ്ദേഹം എഴുതി. "കൃത്യമായി ഉപയോഗിച്ചെങ്കിൽ ഇതിന്റെ നാലിലൊന്നു മാത്രമേ വരുമായിരുന്നുള്ളൂ."
ട്രംപ് താരിഫുകൾ പ്രഖ്യാപിച്ചപ്പോൾ എങ്ങിനെയാണ് ഇത്ര ഭീമമായ നിരക്കുകൾ കണക്കു കൂട്ടി എടുത്തതെന്നു താൻ അത്ഭുതപ്പെട്ടെന്നു നീമാൻ പറയുന്നു. "പിറ്റേന്നു യുഎസ് ട്രേഡ് റെപ്രെസെന്ററ്റീവ് അതിന്റെ രീതി വെളിപ്പടുത്തിയത്. അവരുടെ കണക്കുകൂട്ടൽ ന്യായീകരിക്കാൻ ഞാൻ ഉൾപ്പെടെ നാലു സാമ്പത്തിക വിദഗ്ദ്ധർ നടത്തിയ പഠനം അവർ ഉദ്ധരിച്ചിരുന്നു.
"പക്ഷെ അതെല്ലാം തെറ്റി. വളരെ തെറ്റി."
ഗവൺമെന്റിന്റെ വ്യാപാര നയവുമായും സമീപനവുമായും താൻ യോജിക്കുന്നില്ലെന്നു നീമാൻ പറഞ്ഞു. "മുഖവിലയ്ക്ക് എടുത്താൽ പോലും ഞങ്ങളുടെ കണ്ടെത്തൽ അനുസരിച്ചു താരിഫുകൾ നാടകീയമായി കുറഞ്ഞു നിൽക്കേണ്ടതാണ്. ഏതാണ്ട് നാലിലൊന്നു മാത്രം."
എവിടന്നാണ് ആ 25% വന്നത്?
ജോ ബൈഡൻ ഭരണകൂടത്തിൽ ട്രഷറി ഉദ്യോഗസ്ഥൻ ആയിരുന്ന നീമാൻ പറയുന്നത് ട്രംപ് ഭരണകൂടം തന്റെ ഫോര്മുലയ്ക്കൊപ്പം തെറ്റായി ഒരു 25% കൂടി ചേർത്തു എന്നാണ്. "എവിടന്നാണ് ആ 25% വന്നത്?" നീമാൻ ചോദിക്കുന്നു. "ഞങ്ങളുടെ ഗവേഷണവുമായി അതിനെന്തു ബന്ധം? എനിക്ക് മനസിലാവുന്നില്ല."
പ്രമുഖ വ്യാപാര പങ്കാളികളുമായുള്ള വ്യാപാര കമ്മി നികത്താൻ ബദൽ താരിഫ് അടിക്കുക എന്ന ആശയമാണ് ഏറ്റവും വലിയ അബദ്ധമെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.
"അത് ന്യായമായ ലക്ഷ്യമല്ല. വ്യാപാര കമ്മി ഉണ്ടാവുന്നത് സംരക്ഷണ നയം കൊണ്ടാവണം എന്നില്ല. അത് അന്യായ മത്സരത്തിന്റെ തെളിവല്ല."
Expert says Trump misused his research