Image

വെള്ളപ്പള്ളി നടേശന്റെ 'മലപ്പുറം മുസ്ലീം രാജ്യ'വും മോദി-സംഘി സ്തുതിയും (എ.എസ് ശ്രീകുമാര്‍)

Published on 08 April, 2025
വെള്ളപ്പള്ളി നടേശന്റെ 'മലപ്പുറം മുസ്ലീം രാജ്യ'വും മോദി-സംഘി സ്തുതിയും (എ.എസ് ശ്രീകുമാര്‍)

പാക്കിസ്ഥാന്‍ എന്ന മുസ്ലീം രാഷ്ട്രത്തിന്റെ പിറവിക്ക് കാരണമായ ഇന്ത്യാ വിഭജനം ഭാരതത്തിന്റെ മതേതര മൂല്യസംഹിതകള്‍ക്കേറ്റ കനത്ത ആഘാതമാണ്. എന്നാല്‍ ജന്‍മംകൊണ്ടതു മുതല്‍ പാകിസ്ഥാന്‍ ഗതികിട്ടാതെ സംഘര്‍ഷ ഭരിതമായി തുടരുന്നു. മതഭീകരവാദവും ദാരിദ്ര്യവും ആഭ്യന്തര കലാപങ്ങളും അവിടെ കൊടികുത്തിവാഴുന്നു. ഇന്ത്യ ഒട്ടേറെ കാര്യങ്ങളില്‍ നേട്ടങ്ങളുണ്ടാക്കിയപ്പോള്‍ ന്യൂക്ലിയര്‍ ബോംബുണ്ടാക്കിയാണ് പാകിസ്ഥാന്‍ അതിന് മറുപടി പറയാന്‍ ശ്രമിച്ചത്. ലോക ഭൂപടത്തില്‍ പാകിസ്ഥാന്‍ ഇന്ന് അപ്രസക്തമാണ്. ആ രാജ്യം ഇങ്ങനെ എത്രകാലം മുന്നോട്ടുപോകുമെന്ന് ലോകം  ഉറ്റുനോക്കുകയും ചെയ്യുന്നു.

മലപ്പുറം ജില്ല പ്രത്യേക രാജ്യവും സംസ്ഥാനവുമായാണ് ചിലയാളുകള്‍ കാണുന്നതെന്നും സ്വതന്ത്രമായി വായു ശ്വസിച്ചും അഭിപ്രായം പറഞ്ഞും ഇവിടെ ജീവിക്കാനാകില്ലെന്നുള്ള വെള്ളാപ്പള്ളി നടേശന്റെ വാക്കുകളില്‍നിന്ന് അദ്ദേഹം ഉദ്ദേശിച്ചത് മുസ്ലീങ്ങളെയാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. സാമൂഹിക പരിഷ്‌കര്‍ത്താവായ ശ്രീനാരായണഗുരുവിന്റെ പൈതൃകം പേറുന്നുവെന്ന് അവകാശപ്പെടുന്ന എസ്.എന്‍.ഡി.പി യോഗത്തിന്റെ അധ്യക്ഷനായ വ്യക്തിയുടെ ഈ അഭിപ്രായ പ്രകടനം ഇന്ത്യയുടെ വിഭജന മുറിവുണ്ടാക്കിയ വേദന പോലെ തന്നെ കേരളത്തിന്റെ മതമൈത്രിക്ക് ദോഷം ചെയ്യുന്നതാണ്.

ഹിന്ദുക്കളുടെ രക്ഷാകര ദൗത്യം മൊത്തത്തില്‍ ഏറ്റെടുത്തിട്ടുള്ള ബി.ജെ.പി വെള്ളാപ്പള്ളിയെ അകമഴിഞ്ഞ് പിന്തുണയ്ക്കുമ്പോള്‍ മതേതര കക്ഷികള്‍ അസ്വസ്ഥതയോടെ മലപ്പുറം രാജ്യമെന്ന പരാമര്‍ശത്തെ അപലപിക്കുന്നു. എസ്.എന്‍.ഡി.പി യോഗം നിലമ്പൂര്‍ യൂണിയന്‍ ഏപ്രില്‍ 5-ാം തീയതി സംഘടിപ്പിച്ച ചുങ്കത്തറയിലെ ശ്രീനാരായണ കണ്‍വന്‍ഷനില്‍ വെള്ളാപ്പള്ളി നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.

''സ്വതന്ത്രമായ വായു ശ്വസിച്ചുകൊണ്ട് മലപ്പുറത്ത് നിങ്ങള്‍ക്ക് ജീവിക്കാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. സ്വതന്ത്രമായി ഒരു അഭിപ്രായം പറയാന്‍ പോലും നിങ്ങള്‍ക്ക് സാധിക്കുകയില്ല. മലപ്പുറം ഒരു പ്രത്യേക രാജ്യമാണ്. പ്രത്യേകം ചിലയാളുകളുടെ സംസ്ഥാനമാണ്. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടി ഇത്രയും നാളായിട്ടുപോലും സ്വാതന്ത്ര്യത്തിന്റെ ഗുണഫലങ്ങളുടെ ആനൂകൂല്യം ഈ പിന്നോക്ക വിഭാഗങ്ങള്‍ക്ക് മലപ്പുറത്ത് ലഭിച്ചിട്ടുണ്ടോ..?'' എന്ന് വെള്ളാപ്പള്ളി ചോദിക്കുന്നു.

മലപ്പുറത്ത് ഈഴവര്‍ക്കായി തൊഴിലുറപ്പ് മാത്രമേയുള്ളൂ. പിന്നാക്ക വിഭാഗക്കാര്‍ക്ക് ഒരു പള്ളിക്കൂടമോ കോളേജോ ഹയര്‍ സെക്കന്‍ഡറി സ്‌കൂളോ ഇല്ല. വെറും വോട്ടുകുത്തി യന്ത്രങ്ങളായി ഇവിടെ ഈഴവ സമുദായം മാറിയെന്നും വെള്ളാപ്പള്ളി പറഞ്ഞു. സംസ്ഥാനത്താകെ ഈ സാഹചര്യം നിലനില്‍ക്കുന്നുണ്ട്. ഒന്നിച്ച് നില്‍ക്കാത്തതാണ് ഈ ദുരന്തത്തിന് കാരണം. ഇവിടെ ചിലര്‍ എല്ലാം സ്വന്തമാക്കുകയാണ്. ഈഴവര്‍ക്ക് തൊഴിലുറപ്പ് പദ്ധതിയില്‍ മാത്രമാണ് ഇടമുള്ളത്. സാമൂഹിക, രാഷ്ട്രീയ നീതി മലപ്പുറത്തെ ഈഴവര്‍ക്കില്ല. കണ്ണേ കരളെയെന്ന് പറഞ്ഞ് തിരഞ്ഞെടുപ്പ് വേളയില്‍ ചിലരെത്തി വോട്ട് തട്ടിയെടുക്കുകയാണെന്നും വെള്ളാപ്പള്ളി ആരോപിക്കുകയുണ്ടായി.

''വെള്ളാപ്പള്ളി നടേശന്റെ മലപ്പുറത്തെക്കുറിച്ചുള്ള പരാമര്‍ശത്തെ ഒരു പൂച്ചക്കുഞ്ഞുപോലും പിന്തുണച്ചില്ല. പ്രസക്തിയില്ലാത്ത വൃത്തികെട്ട പ്രസ്താവനയാണത്. പ്രസ്താവന ഇറക്കിയാല്‍ ഭൂമി കുലുങ്ങുമെന്നായിരിക്കും അവര്‍ പ്രതീക്ഷിച്ചിരിക്കുന്നത്. ഒന്നും നടക്കില്ല. ശ്രദ്ധ ലഭിക്കാനും വാര്‍ത്ത സൃഷ്ടിക്കാനും വേണ്ടിയാണ് ഇത്തരം പ്രസ്താവനകള്‍...'' എന്ന് മുസ്ലീം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചപ്പോള്‍, ''മലപ്പുറത്തെപ്പറ്റി വെള്ളാപ്പള്ളി പറഞ്ഞത് യാഥാര്‍ഥ്യമാണ്. അതില്‍ എന്താണു തെറ്റ്....'' എന്നാണ് ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ പറഞ്ഞത്. ഇത് തന്നെയാണ് സംഘടനാ തലത്തില്‍ ബി.ജെ.പിയുടെയും നിലപാട്.

വെള്ളാപ്പള്ളിയുടെ പരാമര്‍ശത്തിനെതിരെ വിവിധ കോണുകളില്‍ നിന്നും വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. ആ വിദ്വേഷ പരാമശം ചര്‍ച്ചയാക്കി വിവാദം കൊഴുപ്പിക്കേണ്ടെന്ന നിലപാടിലാണ് സി.പി.എം. നിരവധി സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും അദ്ദേഹത്തിന്റെ പ്രസ്താവനയെ ശക്തമായി അപലപിക്കുകയും വിവിധ പൊലീസ് സ്റ്റേഷനുകളില്‍ പരാതികള്‍ നല്‍കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ പോലീസ് നിയമോപദേശം തേടുകയുണ്ടായി. വിവാദ പ്രസംഗത്തില്‍ വെള്ളാപ്പള്ളിക്കെതിരെ കേസെടുക്കാന്‍ സാധിക്കില്ലെന്നായിരുന്നു നിയമോപദേശം. വെള്ളാപ്പള്ളി നടേശന്‍ ഏതു വിഭാഗത്തെയാണ് ആക്ഷേപിച്ചതെന്ന് പ്രസംഗത്തില്‍ വ്യക്തതയില്ലെന്നതാണ് കാരണം.

എന്നാല്‍ വെള്ളാപ്പള്ളിക്കെതിരെയുള്ള പ്രതിഷേധം ശക്തമായതോടെ നിലപാട് തിരുത്തി വെള്ളാപ്പള്ളി നടേശന്‍ രംഗത്തെത്തി. മലപ്പുറം മുസ്ലീങ്ങളുടെ രാജ്യം എന്ന് പറയാന്‍ കഴിയില്ല. തന്റെ പ്രസംഗത്തിന്റെ ഒരുഭാഗം അടര്‍ത്തിയെടുത്ത് താന്‍ മുസ്ലീം വര്‍ഗീയവാദിയാണെന്ന് സമര്‍ത്ഥിക്കുവാന്‍ മാധ്യമങ്ങള്‍ ശ്രമിച്ചുവെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. താന്‍ പ്രതിനിധീകരിക്കുന്ന സമുദായത്തിന്റെ ദുഖമാണ് പറഞ്ഞതെന്നും വെള്ളാപ്പള്ളി നടേശന്‍ വിശദീകരിച്ചു. 'ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്...' എന്ന ശ്രീനാരായണ ഗുരുദേവന്റെ തത്വം ഉയര്‍ത്തിപ്പിടിക്കുന്ന എസ്.എന്‍.ഡി.പി യോഗത്തിന് മതവിരോധം സാധ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്തായാലും പറഞ്ഞതൊന്നും തിരിച്ചെടുക്കാന്‍ വെള്ളാപ്പള്ളിക്കാവില്ല. പാക്കിസ്ഥാന്‍ ഉണ്ടായതുപോലെ മലപ്പുറം കേന്ദ്രമാക്കി മുസ്ലീങ്ങള്‍ക്ക് പ്രത്യേക സംസ്ഥാനം വേണമെന്ന പ്രചാരണം പണ്ട് ചില കേന്ദ്രങ്ങളില്‍ നിന്ന് ഉയര്‍ന്നിരുന്നു. അതിന് വലിയ ആയുസും ഉണ്ടായിരുന്നില്ല. ജനസംഖ്യാനുപാതികമായി മലപ്പുറം ജില്ല വിഭജിച്ച് തിരൂര്‍ ജില്ല പ്രഖ്യാപിക്കണമെന്ന് മുസ്ലീം ലീഗ് അടക്കമുള്ള സംഘടനകള്‍ ആവശ്യപ്പെടുന്നുണ്ടെന്നത് മറ്റൊരു കാര്യം. എസ്.ഡി.പി.ഐ ആണ് ഈ ആവശ്യം ശക്തമായി ഉന്നയിക്കുന്നത്.

ഇന്ത്യയില ഹിന്ദു ജനസംഖ്യ കുറഞ്ഞെന്നും മുസ്ലീം, ക്രൈസ്തവ ജനസംഖ്യ കൂടിയെന്നും പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗണ്‍സില്‍ കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ തയ്യാറാക്കിയ വര്‍ക്കിങ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 1950 മുതല്‍ 2015 വരെയുള്ള കാലയളവില്‍ ഹിന്ദു ജനസംഖ്യ 7.82 ശതമാനം കുറഞ്ഞെന്നാണ് റിപ്പോര്‍ട്ട്. മുസ്ലീം ജനസംഖ്യ 1950-നെ അപേക്ഷിച്ച് 43.15 ശതമാനവും ക്രൈസ്തവര്‍ 5.38 ശതമാനവും സിഖുകാര്‍ 6.58 ശതമാനവും വര്‍ധിച്ചുവത്രേ. 2011-ലെ സെന്‍സസ് പ്രകാരം മലപ്പുറം ജില്ലയിലെ ആകെ ജനസംഖ്യ ജനസംഖ്യ 4,112,920 ആണ്. 70.24 ശതമാനമുള്ള മുസ്ലീങ്ങളാണ് ഏറ്റവും കൂടുതല്‍. ഹിന്ദു-27.60 ശതമാനം, ക്രിസ്ത്യന്‍-1.98 ശതമാനം എന്നിങ്ങനെയാണ് മറ്റ് വിഭാഗങ്ങളുടെ കണക്ക്.

1985 മുതല്‍ 1987 വരെ മലപ്പുറം ജില്ലാ കലക്ടറായിരുന്ന പശ്ചിമ ബംഗാള്‍ സ്വദേശി സയന്‍ ചാറ്റര്‍ജി ഐ.എ.എസ് സ്ഥലംമാറി പോകുമ്പോല്‍ പറഞ്ഞത് ഇത്രയേറെ സ്നേഹവും സാഹോദര്യവുമുള്ള മറ്റൊരു ജില്ല ഇന്ത്യാ രാജ്യത്തില്ല എന്നാണ്. മലപ്പുറത്തോടുള്ള ഇഷ്ടം കൊണ്ട് ജോലിയില്‍നിന്ന് വിരമിച്ചിട്ടും മലപ്പുറത്ത് സ്ഥിരതാമസമാക്കിയ തിരുവനന്തപുരം സ്വദേശിയായ കവി മണമ്പൂര്‍ രാജന്‍ ബാബുവിന്റെ അഭിപ്രായമിങ്ങനെ... ''മലപ്പുറത്തിന്റെ സവിശേഷമായ സ്‌നേഹമാണ് എന്നെ മലപ്പുറത്ത് തന്നെ നിലനിര്‍ത്തിയത്. എന്റെ നാട്ടുകാര്‍ എന്നെ തിരിച്ച് കൊണ്ടുവരാന്‍ യോഗം ചേര്‍ന്നിട്ട് പോലും ഞാന്‍ മലപ്പുറം വിടാത്തത് ഈ നാടിന്റെ സ്നേഹം അനുഭവിച്ച് തന്നെ ജീവിച്ച് മരിക്കാനാണ്...''

ഇങ്ങനെ മലപ്പുറത്തെ ഇഷ്ടപ്പെടുന്നവര്‍ നിരവധിയാണ്. മലപ്പുറമില്ലാത്ത കേരളത്തെപ്പറ്റി ചിന്തിക്കുന്ന ന്യൂനപക്ഷത്തിനെ എവിടെയെങ്ങിലും കണ്ടേക്കാം. അവര്‍ വിഘടനവാദികളും സാമൂഹിക വിരുദ്ധരുമാണ്. കേരളത്തിന്റെ പൊതുബോധം അതല്ലല്ലോ. എന്നാല്‍ വെള്ളാപ്പള്ളി അവകാശപ്പെട്ടതുപോലെ അവിടെ ഞെങ്ങി ഞെരുങ്ങി ശ്വാസംമുട്ടി ജീവിക്കേണ്ട ഒരു സാഹചര്യമുണ്ടെന്ന് പറയാനാവില്ല. ഇത്തരമൊരു പരമാമര്‍ശം അനവസരത്തിലുള്ളതാണ്. വെള്ളാപ്പള്ളിയുടെ മകന്‍ തുഷാര്‍ വെള്ളാപ്പള്ളി നയിക്കുന്ന 'ഭാരത് ധര്‍മ ജനസേന' ബി.ജെ.പി മുന്നണിയായ എന്‍.ഡി.എയുടെ ഘടകക്ഷിയാണല്ലോ. ഇടയ്ക്ക് മോദിയെ സുഖിപ്പിക്കാന്‍ ഇങ്ങനെ ചില മുസ്ലീം വിരുദ്ധ സംഘി സ്തുതികള്‍ അച്ഛന്‍ വെള്ളാപ്പള്ളിക്ക് ആലപിക്കേണ്ടി വരും. അതിനെ ആ രീതിയില്‍ കണ്ടാല്‍ മതി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക