2025 ഏപ്രിൽ 5-ന് ശ്രീരാമന്റെയും ശ്രീ സ്വാമിനാരായണിന്റെയും ജന്മ വാർഷികമായ രാം നവമി, സ്വാമിനാരായൺ ജയന്തി എന്നിവയോട് അനുബന്ധിച്ചുള്ള ശുഭകരമായ അവസരത്തിലാണ് കാനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ബിഎപിഎസ് സ്വാമി നാരായൺ ക്ഷേത്രം സന്ദർശിച്ചത്. പ്രധാനമന്ത്രിയെ ബിഎപിഎസ് കാനഡയുടെ ഡയറക്ടർ ബോർഡ് ഊഷ്മളമായി സ്വീകരിക്കുകയും പരമ്പരാഗത ഹിന്ദു രീതിയിൽ 'അഭിഷേക് മണ്ഡപത്തിൽ' വെച്ച് വരവേൽക്കുകയും ചെയ്തു. മുതിർന്ന ബിഎപിഎസ് സ്വാമിമാർ പ്രധാനമന്ത്രിയുടെ കയ്യിൽ പുണ്യ നൂൽ കെട്ടിയും കഴുത്തിൽ ഹാരമണിയിച്ചും നെറ്റിയിൽ കുറി തൊട്ടുമാണ് സ്വീകരിച്ചത്.
കാനഡയിലും ലോകമെമ്പാടും സമാധാനത്തിനും ക്ഷേമത്തിനും വേണ്ടി പ്രാർത്ഥിച്ചുകൊണ്ട് നിലകണ്ഠ വർണി മഹാരാജിന്റെ പുണ്യമായ അഭിഷേക ചടങ്ങിൽ അദ്ദേഹം പങ്കെടുത്തു. മന്ദിർ സന്ദർശന വേളയിൽ കാനഡ പ്രധാനമന്ത്രി ക്ഷേത്രത്തിന്റെ സങ്കീർണ്ണമായ കല്ലിലെ കൊത്തുപണികളും ആത്മീയമായ ഗാംഭീര്യവും കണ്ട് അത്ഭുതപ്പെടുകയും ആരതി ചടങ്ങിൽ പങ്കെടുക്കുകയും പ്രധാന ശ്രീകോവിലിലെ വിഗ്രഹങ്ങൾക്ക് പൂക്കളും പഴങ്ങളും സമർപ്പിക്കുകയും ചെയ്തു.
മഹന്ത് സ്വാമി മഹാരാജ് എഴുതിയ സത്സങ് ദിക്ഷ വേദപുസ്തകത്തിന്റെ പ്രത്യേക ബഹുഭാഷാ എഡിഷനും പ്രധാനമന്ത്രിക്ക് സമ്മാനിച്ചു. മഹന്ത് സ്വാമി മഹാരാജ് ഇന്ത്യയിൽ നിന്ന് അയച്ച കത്തും പ്രധാനമന്ത്രിയെ വായിച്ച് കേൾപ്പിച്ചു.
വളരെ സന്തോഷവാനായ പ്രധാനമന്ത്രി അതിഥി പുസ്തകത്തിൽ ഇങ്ങനെ എഴുതി: "നിങ്ങളുടെ പ്രാർത്ഥനകൾക്കും എന്നെ സ്വീകരിച്ചതിനും എൻ്റെ വലിയ നന്ദി. കാനഡയ്ക്കും ഇന്ത്യയ്ക്കും എല്ലാ രാജ്യങ്ങൾക്കും സമാധാനവും, ഒത്തൊരുമയും, സൗഹൃദവും, നല്ലപോലെ ജീവിക്കാനുള്ള സാഹചര്യവും ഉണ്ടാക്കാൻ ഞാൻ ഉറപ്പായും ശ്രമിക്കും."
സാമൂഹിക സേവനം, മതസൗഹാർദ്ദം, സാംസ്കാരിക സംരക്ഷണം, യുവജന വികസനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിൽ അതിന്റെ പങ്ക് ഉൾപ്പെടെ കനേഡിയൻ സമൂഹത്തിന് ബിഎപിഎസ് ശ്രീ സ്വാമിനാരായൺ മന്ദിർ നൽകുന്ന തുടർച്ചയായ സംഭാവനകളെ മാർക്ക് കാർണി അംഗീകരിക്കുകയും സമാധാനം, സന്നദ്ധസേവനം, ദേശീയ ഐക്യം എന്നിവയുടെ പ്രതീകമായി മന്ദിർ എങ്ങനെ തുടരുന്നു എന്നതിൽ അദ്ദേഹം പ്രശംസ പ്രകടിപ്പിക്കുകയും ചെയ്തു .
ഹിന്ദു മന്ദിറിലെത്തിയ ജനങ്ങളുമായും ഹൈന്ദവ നേതാക്കളുമായും കൈകൊടുത്തും വിശേഷങ്ങൾ ചോദിച്ചറിഞ്ഞും അൽപ സമയം ചിലവിട്ട ശേഷമാണ് പ്രധാനമന്ത്രിയും സംഘവും തിരികെ മടങ്ങിയത്.
English summery:
Canadian Prime Minister visits BAPS temple in Toronto; welcomed with traditional Hindu rituals.