പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചുമത്തിയ ആഗോള ഇറക്കുമതി തീരുവകൾ നടപ്പാകാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ ചൊവാഴ്ച്ച ഉച്ചതിരിഞ്ഞു യുഎസ് വിപണികളിൽ വീണ്ടും ഇടിവുണ്ടായി. യുഎസ് ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിൽ രണ്ടാം സ്ഥാനമുളള ചൈനയുടെ മേൽ ട്രംപ് പ്രഖ്യാപിച്ച 104% താരിഫാണ് ചൊവാഴ്ച അർധരാത്രി നിലവിൽ വന്നത്.
വ്യാപാര യുദ്ധത്തിനു തയാറാണെന്നു സൂചിപ്പിച്ചു കൊണ്ട് ട്രംപിന്റെ പുതിയ താരിഫ് ഭീഷണിയിൽ ചർച്ചയ്ക്കു താത്പര്യമില്ലെന്ന് ചൈന വ്യക്തമാക്കി. അവർ ഏർപ്പെടുത്തിയ 34% ബദൽ തീരുവ പിൻവലിച്ചില്ലെങ്കിൽ അർധരാത്രിയോടെ 50% കൂടി നിലവിൽ വരുമെന്ന് ട്രംപ് താക്കീതു ചെയ്തിരുന്നു. ചൈന ചർച്ചയ്ക്കു ആഗ്രഹിക്കുന്നു എന്നാണ് അദ്ദേഹത്തിന്റെ നിഗമനം.
ട്രംപ് തെറ്റിനു പുറത്തു തെറ്റ് ചെയ്യുകയാണെന്ന് ചൈനയുടെ വ്യാപാരവകുപ്പ് പറഞ്ഞു. തിരിച്ചടിക്ക് ആക്കം കൂട്ടാൻ തന്നെയാണ് ചൈന ഉദ്ദേശിക്കുന്നത്.
ചൊവാഴ്ച രാവിലെ പിടിച്ചു കയറിയ യുഎസ് സ്റ്റോക്കുകൾ വൈകിട്ടോടെ വീണ്ടും വീണു. ചൈനയുടെ കാര്യത്തിൽ ട്രംപ് ഉറച്ചു നിൽക്കയാണെന്ന വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോളിൻ ലീവിറ്റിന്റെ പ്രസ്താവന വിപണികളെ തളർത്തി. "പ്രസിഡന്റ് ട്രംപിന് ഉരുക്കിന്റെ നട്ടെല്ലാണ് ഉള്ളത്. അദ്ദേഹം പിന്മാറില്ല," ലീവിറ്റ് പറഞ്ഞു.
ഡൗ 320 പോയിന്റ് വീണു -- 0.84%. എസ്&പി 500 ആവട്ടെ 1.57% തകർച്ച രേഖപ്പെടുത്തി. നാസ്ഡാഖ് 2.15 ശതമാനവും.
കഴിഞ്ഞ വർഷം ചൈന $439 ബില്യൺ ഉത്പന്നങ്ങളാണ് യുഎസിലേക്ക് അയച്ചത്. യുഎസ് ചൈനയിലേക്ക് $144 ബില്യനും.
ഏഷ്യൻ വിപണികൾ ബുധനാഴ്ച്ച തകർച്ചയോടെയാണ് തുറന്നത്. ജപ്പാന്റെ നിക്കി 225 ബുധനാഴ്ച്ച 3% വീണു. ഓസ്‌ട്രേലിയൻ എഎസ്എക്‌സ് 200 ഏതാണ്ട് 1% തകർച്ച കണ്ടു.
Markets crash again as 104% tariff imposed on China