വാഷിംഗ്‌ടൺ: യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് താൻ ഏർപ്പെടുത്തിയ താരിഫുകൾക്കു 90 ദിവസത്തെ സ്റ്റേ അനുവദിച്ചു രംഗത്തെത്തി. പ്രതികൂലമായി പ്രതികരിക്കാത്ത രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിയുടെ തീരുവകൾക്കാണ് താത്കാലിക ആശ്വാസം ലഭിച്ചത്.
എല്ലാ ഇറക്കുമതികൾക്കും സ്റ്റാൻഡേർഡ് 10 % താരിഫുകളും പ്രസിഡന്റ് പ്രഖ്യാപിച്ചിരുന്നു. സ്റ്റോക്ക് മാർക്കറ്റിൽ ഉടനെ തന്നെ ട്രംപിന്റെ താത്കാലിക സ്റ്റേയ്ക്കു പ്രതികരണം ഉണ്ടായി. എല്ലാവരും ട്രംപ് 90 ദിവസത്തിന് ശേഷമോ അതിനു മുൻപോ എന്തെങ്കിലും മറിച്ചുള്ള പ്രഖ്യാപനവുമായി എത്തുമോ എന്ന ചിന്തയിലാണ്.
അതിനിടെ ട്രംപിന്റെ ആദ്യ ഭരണ കാലത്തു അദ്ദേഹത്തിന്റെ വൈസ് പ്രെസിഡന്റായിരുന്ന മൈക്ക് പെൻസ് തന്റെ പ്രതികരണവുമായി മാധ്യമങ്ങളെ സമീപിച്ചു. താത്കാലികമായി ആണെങ്കിലും തിരിച്ചു പോകാനുള്ള ട്രംപിന്റെ തീരുമാനം അമേരിക്കൻ ജനതയുടെ വിജയമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. പെൻസിന്റെ സ്വന്തം സംഘടനയായ അഡ്വാൻസിങ് അമേരിക്കൻ ഫ്രീഡം വഴിയാണ് അദ്ദേഹം പ്രതികരിച്ചത്.
താരിഫുകൾ നടപ്പാക്കും എന്ന പ്രഖ്യാപനത്തോട് പ്രതികരിച്ചു സ്റ്റോക്ക് മാർക്കറ്റിൽ ഇടിവുണ്ടായിരുന്നു; വിപണി വിദഗ്ധർ ഒരു റെസെഷനിലേക്കു രാജ്യം പോകാനുള്ള ആശങ്ക പങ്കു വയ്ക്കുകയും ചെയ്തു.
ട്രംപും പെൻസും തമ്മിലുള്ള ബന്ധത്തിന് ആദ്യ ട്രംപ് ഭരണത്തിന്റെ അവസാന നാളുകളികളിൽ ആരംഭിച്ച വിള്ളൽ ട്രംപ് വിജയിച്ചതായി പ്രഖ്യാപിക്കണമെന്ന 2020 ലെ ട്രംപിന്റെ അഭ്യർത്ഥന പെൻസ് നിരസിച്ചതോടെ വളരെ വലുതായി. പെൻസിന്റെ രാഷ്ട്രീയ ഭാവി ഏതാണ്ട് അവസാനിച്ച മട്ടിലാണ്. ഒരു തിരിച്ചു വരവിനു പെൻസ് കാര്യമായി ശ്രമിച്ചിട്ടില്ല.
ട്രംപ് വിജയിച്ചതായി പ്രഖ്യാപിക്കുവാൻ പെൻസ് മടിച്ചതോടെ ട്രംപിന്റെ മാഗാ (മേക്ക് അമേരിക്ക ഗ്രേറ്റ് എഗൈൻ) ഗ്രൂപ്പ് പെൻസിനെതിരായി.
'ന്യൂസ്‌വീക്' ആണ് പെൻസിന്റെ കമെന്റുകൾ തേടിയതും പ്രതികരണം പുറം ലോകത്തെത്തിച്ചതും. ലിബറേഷൻ ഡേ എന്ന് നാമകരണം ചെയ്തു പുതിയ താരിഫുകൾ 60 ലോകരാഷ്ട്രങ്ങൾക്കെതിരെ ട്രംപ് പ്രഖ്യാപിച്ചപ്പോൾ ഏപ്രിൽ രണ്ടിന് ഇവ പ്രാബല്യത്തിൽ വരുമെന്നാണ് പറഞ്ഞിരുന്നത്. ഈ പ്രഖ്യാപനങ്ങൾക്കാണ് ഇപ്പോൾ 90 ദിവസത്തെ ആശ്വാസം നൽകിയിരിക്കുന്നത്.
"ഇങ്ങനെ ഒരു ഇടക്കാല ആശ്വാസം നൽകിയതിന് ഞാൻ ട്രമ്പിനോട് കടപ്പെട്ടിരിക്കുന്നു. നമ്മുടെ സൗഹൃദ രാഷ്രങ്ങളുമായി നാം വ്യാപാരബന്ധത്തിൽ ഏർപ്പെടുമ്പോൾ അത് അമേരിക്കൻ ജനതയുടെ വിജയമാണ്. നമ്മുടെ ലക്‌ഷ്യം സ്വതന്ത്ര രാഷ്ട്രങ്ങളുമായുള്ള വ്യാപാരബന്ധമാണ്. ചൈനയെ കൂടിയാലോചന മേശക്കു മുൻപിൽ എത്തിക്കുവാനുള്ള ട്രംപിന്റെ ശ്രമങ്ങൾക്ക് എന്റെ പൂർണ പിന്തുണയുണ്ട്. ചൈനയാണ് നാം നേരിടുന്ന ദേശീയവും സാമ്പത്തികവുമായ ഏറ്റവും വലിയ ഭീഷണി എന്ന് നാം തിരിച്ചറിയേണ്ട സമയം വൈകിയിരിക്കുന്നു," പെൻസ് പറഞ്ഞു.
ലിബറേഷൻ ഡേ പ്രഖ്യാപനത്തിനു പെൻസ് അന്ന് തന്നെ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഇപ്പോൾ ഒരു യു ടേൺ ആണ് നടത്തിയിരിക്കുന്നത്.
എന്നാൽ ഇപ്പോഴും ട്രംപിന്റെ പ്രഖ്യാപനങ്ങൾക്കു എതിർപ്പ് തുടരുകയാണ്. കലിഫോർണിയയിൽ നിന്നുള്ള ഡെമോക്രാറ്റിക് സെനറ്റർ ആദം ഷിഫ് പറഞ്ഞു: ട്രംപ് തന്റെ ഇപ്പോൾ 'ഓൺ, ഇപ്പോൾ ഓഫ്,' താരിഫുകളിലൂടെ മാർക്കറ്റുകളിൽ വലിയ ചാഞ്ചാട്ടം സൃഷ്ടിച്ചിരിക്കുകയാണ്. നിരന്തരം സംഭവിക്കുന്ന ഇത്തരം നയ മാറ്റങ്ങളിലൂടെ ഇൻസൈഡർ ട്രേഡിങ്ങിന് വളരെ അപകടകരമായ സാദ്ധ്യതകൾ സൃഷ്ടിച്ചിരിക്കുകയാണ്.
"ഭരണത്തിലുള്ള ആർക്കാണ് താരിഫുകൾ ഇത്ര വേഗം മാറിമറിയുമെന്നു അറിവുണ്ടായിരുന്നത്? പൊതു ജനങ്ങളുടെ ചെലവിൽ ആർക്കാണ് സ്റ്റോക്കുകൾ വാങ്ങുകയും വിൽക്കുകയും ചെയ്തു ലാഭം ഉണ്ടാക്കുവാൻ കഴിഞ്ഞത്? ഇത് പൊതു ജനങ്ങൾക്ക് അറിയണം."
കഴിഞ്ഞ വര്ഷം ട്രംപിന് പിന്തുണ അറിയിച്ച ശതകോടീശ്വരൻ ബിൽ ആക്ക്മാൻ ഇങ്ങനെ പറഞ്ഞു: 'റിയൽ ട്രംപിന്റെ' സമീപനം മൂലം ഇപ്പോൾ നമുക്കറിയാം ആരാണ് നമ്മുടെ യഥാർത്ഥ മിത്രമെന്ന്. ആരാണ് പ്രശ്നക്കാർ എന്നും നമുക്ക് മനസിലാക്കാൻ കഴിയും. വ്യാപാര വിലക്കുകൾ മാറ്റിയില്ലെങ്കിൽ എന്താണ് സംഭവിക്കുക എന്നും എല്ലാവരും മനസിലാക്കിയിട്ടുണ്ടാവും.
"ചൈനക്കുള്ള ഉപദേശം: ഫോൺ എടുത്തു പ്രസിഡന്റിനെ വിളിക്കുക. അദ്ദേഹം ഒരു കടുപ്പക്കാരനാണെങ്കിലും ന്യായമായി പ്രശ്നങ്ങൾ പരിഹരിക്കും. എത്രത്തോളം ചൈന പിടിച്ചു നിൽക്കുകയും തിരിച്ചടിക്കുകയും ചെയ്യുന്നുവോ, അത്രയും കൂടുതൽ മോശം ഫലങ്ങൾ അവർക്കു അനുഭവിക്കേണ്ടി വരും."
Pence comments on Trump tariffs