കൊച്ചി: വയനാട് ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളണമെന്ന് ആവര്‍ത്തിച്ച് ഹൈക്കോടതി. ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ചാണ് വയനാട് ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ പരിഗണിക്കുന്നത്. ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളണമെന്ന് നേരത്തെതന്നെ ഉന്നയിക്കപ്പെട്ടിരുന്ന വിഷയമാണ്. ഇത് എഴുതിത്തള്ളണമെന്നതാണ് ഹൈക്കോടതിയുടെ നിലപാട്.
ജീവനോപാധി എന്നന്നേക്കുമായി നഷ്ടമായവരാണെന്നും ഈ സാഹചര്യത്തെ കോവിഡ് കാലവുമായി താരതമ്യം ചെയ്യരുതെന്നും ഹൈക്കോടതി പറഞ്ഞു. ദുരിതബാധിതരുടെ വായ്പയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ മൊറട്ടോറിയമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കടം എഴുതി തള്ളണമെങ്കിൽ കേന്ദ്രസര്‍ക്കാര്‍ നിലപാടെടുക്കണം. വായ്പ എഴുതിത്തള്ളുന്ന കാര്യത്തില്‍ എന്ത് നിലപാട് സ്വീകരിക്കാനാകുമെന്ന് കോടതി കേന്ദ്രത്തോട് ചോദിച്ചു.
ബാങ്കുകളെ ഇതിന് വേണ്ടി നിര്‍ബന്ധിക്കാനാകില്ലെന്നും അത് അവര്‍ കൈക്കൊള്ളേണ്ട നയപരമായ തീരുമാനമാണെന്നുമായിരുന്നു കേന്ദ്രസര്‍ക്കാര്‍ നല്‍കിയ മറുപടി. കോവിഡ് കാലത്ത് എംഎസ്എംഇകള്‍ വായ്പ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചപ്പോള്‍, അത് നിരാകരിച്ച കാര്യം കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുകയും ചെയ്തു. അപ്പോഴാണ് ഇത് കോവിഡ് കാലവുമായി ഒരു കാരണവശാലും താരതമ്യം ചെയ്യാന്‍ കഴിയുന്ന സാഹചര്യമല്ലെന്ന് കോടതി പറഞ്ഞത്.
കോവിഡ് കാലത്ത് തല്‍ക്കാലത്തേക്ക് വരുമാനം നിലച്ചുവെന്നേ പറയാനാകൂ. എന്നാല്‍, വയനാട് ദുരിതബാധിതരുടെ കാര്യം അങ്ങനെയല്ല. എന്നന്നേക്കുമായി അവരുടെ ജീവനോപാധി നഷ്ടപ്പെട്ടു. അതിനാല്‍ അവരുടെ വായ്പകള്‍ എഴുതിത്തള്ളണമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. 12 ബാങ്കുകളില്‍ 320 കോടിയോളം രൂപയുടെ വായ്പയാണുള്ളത്. ഇതില്‍ കേരള ബാങ്കിന്റെ കടം എഴുതിത്തള്ളിയിരുന്നു. ഇക്കാര്യം കോടതി എടുത്തുപറയുകയും ചെയ്തു.