സാന്‍റോ ഡൊമിംഗോ: ഡോമിനിക്കൻ റിപ്പബ്ലിക്കിൽ നിശാ ക്ലബ്ബിന്‍റെ മേൽക്കൂര തകർന്നുണ്ടായ ദുരന്തത്തിൽ 124 പേർ മരിച്ചു. 160 ഓളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. രാജ്യത്ത് മൂന്നു ദിവസം ദുഃഖാചരണം പ്രഖ്യാപിച്ചു.
മെറെൻഗു സംഗീത പരിപാടിക്കിടെയായിരുന്നു അപകടം. രാഷ്ട്രീയ-കായിക മേഖലയിൽ നിന്നും നിരവധി പേർ പരിപാടിയിൽ പങ്കെടുക്കാനെത്തിയിരുന്നു. അപകടത്തിൽ നിരവധി പേരെ കാണാതായി.
ചൊവ്വാഴ്ച രാത്രിയായിരുന്നു മേൽക്കൂര തകർന്ന് അപകടമുണ്ടായത്. അപകട സമയം ക്ലബ്ബിൽ എത്ര ആളുകളുണ്ടായിരുന്നെന്നതിന് വ്യക്തമായ കണക്കില്ല. 200 ൽ അധികം ആളുകളുള്ളതായി ചില അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. തകർന്ന കെട്ടിടത്തിന് 50 വർഷത്തോളം പഴക്കമുണ്ടായിരുന്നെന്നാണ് വിവരം. സിനിമ തീയേറ്റർ പിന്നീട് നിശാ ക്ലബ്ബാക്കി മാറ്റുകയായിരുന്നു.
മോണ്ടെ ക്രിസ്റ്റിയിലെ വടക്ക്പടിഞ്ഞാറൻ പ്രവിശ്യയുടെ ഗവർണർ നെൽസി ക്രൂസ്, മുൻ എംഎൽബി പിച്ചർ ഓക്‌ടാവിയോ ഡോട്ടൽ, ഡോമിനിക്കൻ ബേസ്ബോൾ താരം ടോണി എന്‍റിക് ബ്ലാങ്കോ കാബ്രേര എന്നിവർ അപകടത്തിൽ മരിച്ചതായി വിവരമുണ്ട്.