കാസര്‍ഗോഡ് ഫാഷൻ ഗോൾഡ് തട്ടിപ്പിൽ മുൻ എംഎൽഎ എം സി കമറുദീനും എംഡി പൂക്കോയ തങ്ങളും ഇ ഡി കസ്റ്റഡിയിൽ. മാറാട് സ്പെഷ്യൽ കോടതിയാണ് ഇവരെ രണ്ട് ദിവസത്തേക്ക് ഇ.ഡി. കസ്റ്റഡിയിൽ വിട്ടത്. ഇ.ഡി.യുടെ ആവശ്യപ്രകാരം വിവര ശേഖരണത്തിനും ചോദ്യം ചെയ്യലിനുമായാണ് കസ്റ്റഡി അനുവദിച്ചത്. ഇരുവരെയും ഇ.ഡി. വിശദമായി ചോദ്യം ചെയ്യും. ഇന്നലെയായിരുന്നു ഇവരുടെ അറസ്റ്റ്. നാളെ വൈകിട്ട് 3ഓടെ കസ്റ്റഡി കാലാവധി അവസാനിക്കും, തുടർന്ന് വീണ്ടും കോടതിയിൽ ഹാജരാക്കും.
കാസർകോട്, കണ്ണൂർ ജില്ലകളിൽ കേരള പൊലീസ് രജിസ്റ്റർ ചെയ്ത 168 കേസുകളുടെ അടിസ്ഥാനത്തിലാണ് ഇ.ഡി. അന്വേഷണം ആരംഭിച്ചത്. പൊതുജനങ്ങളിൽനിന്നു നിക്ഷേപം സ്വീകരിക്കാൻ ഫാഷൻ ഗോൾഡിന് അധികാരമില്ലെന്ന് ഇ.ഡി. കണ്ടെത്തി. പ്രതികൾ ഓഹരിയായും വായ്പയായും സ്വീകരിച്ച പണത്തിന്റെ ഉപയോഗം കൊണ്ട് സ്വന്തം പേരിൽ സ്വത്തുക്കൾ വാങ്ങുകയും, പിന്നീട് അവ വിൽക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്‌തെന്നും ഇ.ഡി. കണ്ടെത്തി.
മുമ്പ്, മുസ്ലിം ലീഗ് നേതാവും മഞ്ചേശ്വരം മുൻ എംഎൽഎയുമായ എം സി കമറുദീൻ ഉൾപ്പെട്ട ‘ഫാഷൻ ഗോൾഡ്’ തട്ടിപ്പുകേസിൽ സ്വത്തുകൾ ഇ.ഡി. കണ്ടുകെട്ടിയിരുന്നു.