തിരുവനന്തപുരം അമ്പലമുക്കിൽ അലങ്കാര ചെടി വിൽക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരിയായ വിനീതയെ കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി. തിരുവനന്തപുരം ഏഴാം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് കണ്ടെത്തൽ. അതേസമയം പ്രതി രാജേന്ദ്രന്റെ മാനസിക നില പരിശോധനാ റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദേശിച്ചിട്ടുണ്ട്.
കന്യാകുമാരി ജില്ലയിലെ തോവാളം സ്വദേശിയാണ് പ്രതി രാജേന്ദ്രൻ. മുൻപും ഇയാൾ മൂന്ന് കൊലപാതകങ്ങൾ നടത്തിയിരുന്നു. സ്റ്റോക്ക് മാർക്കറ്റിൽ പണം നിക്ഷേപിച്ചിരുന്ന രാജേന്ദ്രൻ പണത്തിന് ആവശ്യം വരുമ്പോൾ കൊലപാതകങ്ങൾ നടത്തുകയായിരുന്നു. അതേസമയം വിനീതയെ കൊലപ്പെടുത്തിയ കേസിൽ ദൃക്സാക്ഷികൾ ഇല്ലാതിരുന്ന സാഹചര്യത്തിൽ ശാസ്ത്രീയ, സാഹചര്യ തെളിവുകളായിരുന്നു നിർണ്ണായകം.
കേസിൽ ആകെ മൊത്തം 118 സാക്ഷികളിൽ 96 പേരെ സാക്ഷികളായി വിസ്തരിച്ചു. 2022 ഫെബ്രുവരി 6നാണ് നെടുമങ്ങാട് സ്വദേശിനി വിനീതയെ പ്രതി രാജേന്ദ്രൻ കുത്തി കൊലപ്പെടുത്തിയത്. പേരൂർക്കട അമ്പലമുക്കിലെ ചെടിക്കടയിൽ പട്ടാപകലായിരുന്നു കൊലപാതകം. വിനീത അണിഞ്ഞ നാലര പവന്റെ സ്വർണ മാല കവരാനാണ് പ്രതി രാജേന്ദ്രൻ കൊലപാതകം നടത്തിയത്. അതിക്രമം നടക്കുമ്പോൾ വിനീത മാത്രമാണ് കടയിൽ ഉണ്ടായിരുന്നത്.
അതേസമയം നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതി തമിഴ്നാട് സ്വദേശി രാജേന്ദ്രൻ ആണെന്ന് കണ്ടെത്തിയത്. തമിഴ്നാട്ടിലെ കാവൽ കിണറിലെ ലോഡ്ജിൽ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. പേരൂർക്കടയിലെ ചായക്കടയിലാണ് ഇയാൾ ജോലി ചെയ്തിരുന്നത്. തമിഴ്നാട്ടിലെ ഒരു കുടുംബത്തിലെ മൂന്നു പേരെ സമാന രീതിയിൽ കൊലപ്പെടുത്തിയ ഇയാൾ ജാമ്യത്തിൽ ഇറങ്ങിയാണ് തിരുവനന്തപുരത്തെ ഹോട്ടലിൽ ജോലിക്ക് എത്തിയത്.