Image

അതിജീവിത ‘അപകടം വിളിച്ചു വരുത്തി, സംഭവത്തിൽ അവർക്കും ഉത്തരവാദിത്വമുണ്ട്': വിവാദ പരാമർശവുമായി അലഹബാദ് ഹൈക്കോടതി

Published on 10 April, 2025
അതിജീവിത ‘അപകടം വിളിച്ചു വരുത്തി, സംഭവത്തിൽ അവർക്കും ഉത്തരവാദിത്വമുണ്ട്': വിവാദ പരാമർശവുമായി അലഹബാദ് ഹൈക്കോടതി

അലഹബാദ്: ബലാത്സംഗക്കേസിലെ അതിജീവിത “അപകടം വിളിച്ചു വരുത്തുകയായിരുന്നു, സംഭവത്തിൽ അവർക്കും ഉത്തരവാദിത്വമുണ്ട്” എന്ന  പരാമർശവുമായി  അലഹബാദ് ഹൈക്കോടതി. പീഡനക്കേസ് പ്രതിക്ക് ജാമ്യം അനുവദിച്ചുകൊണ്ടാണ് കോടതിയുടെ വിവാദ വിധി. ഇതിനു മുൻപ്, മാറിടത്തിൽ സ്പർശിക്കുന്നതും പൈജാമയുടെ ചരട് അഴിക്കുന്നതും ബലാത്സംഗശ്രമമായി കണക്കാക്കാനാവില്ലെന്ന കോടതിയുടെ പരാമർശം വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.

2024 സെപ്റ്റംബറിൽ ഡൽഹിയിൽ പേയിങ് ഗസ്റ്റായി താമസിക്കുകയായിരുന്ന ബിരുദാനന്തര ബിരുദ വിദ്യാർഥിനിയാണ് പീഡനത്തിനിരയായത്. യുവതിയും സുഹൃത്തുക്കളായ മൂന്നു പെൺകുട്ടികളും സെപ്റ്റംബർ 21ന് ഹൗസ് ഖാസിലെ ഒരു റെസ്റ്ററന്റ് സന്ദർശിച്ചിരുന്നു. ഇവിടെ വെച്ചാണ് പ്രതിയായ നിശ്ചൽ ചന്ദക്കിനെ യുവതി പരിചയപ്പെടുന്നത്. മദ്യപിച്ച ശേഷം നടക്കാൻ വയ്യാത്ത അവസ്ഥയിലായിരുന്ന യുവതിയോട് പലതവണ തനിക്കൊപ്പം വരാൻ നിശ്ചൽ ആവശ്യപ്പെട്ടെന്നും, ഒടുവിൽ വിശ്രമിക്കാനായി നിശ്ചലിനൊപ്പം വീട്ടിലേക്ക് പോകുകയായിരുന്നുവെന്നുമാണ് യുവതി പോലീസിനോട് പറഞ്ഞത്. എന്നാൽ നോയിഡയിലെ വീട്ടിലേക്ക് പോകുന്നതിനു പകരം ഗുരുഗ്രാമിലെ ബന്ധുവിൻ്റെ ഫ്ലാറ്റിലെത്തിച്ച് നിശ്ചൽ യുവതിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. ഡിസംബർ 11നാണ് പ്രതിയായ നിശ്ചൽ അറസ്റ്റിലായത്. അതേസമയം, യുവതിയെ ബലാത്സംഗം ചെയ്തിട്ടില്ലെന്നും, പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമാണ് നടന്നതെന്നുമാണ് നിശ്ചൽ കോടതിയിൽ വാദിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക