Image

കേരളം (സുധീർ പണിക്കവീട്ടിൽ)

Published on 10 April, 2025
കേരളം  (സുധീർ പണിക്കവീട്ടിൽ)

സംസാരസാഗര തിരകൾ മുറിച്ചൊരു   
സാഗരകന്യക വന്നു 
അവൾക്ക് പാർക്കാൻ അറബികടലന്നിത്തിരി 
ഭൂമി ദാനം നൽകി 
അവൾക്ക് വരവേൽപ്പാനായെങ്ങും 
നിരന്നുനിന്നു  അഭൗമഭംഗി 
തെങ്ങോലകളുടെ മുത്തുക്കുടയും  
പൂഞ്ചോലകളുടെ പാദസരവും 
വയലേലകളുടെ സമൃദ്ധികതിരും 
പാടാനെത്തും പൂങ്കുയിലിണയും 
പച്ചപ്പട്ടും ചുറ്റി ചുറ്റും 
കാവൽനിൽക്കും കുന്നിൻനിരയും 
മഴയും മഞ്ഞും മകരനിലാവും 
താരും തളിരും പൂമ്പാറ്റകളും
കായൽതീരം പുൽകും നുരയും 
വെന്മേഘത്തിൻ  മന്ദസ്മിതവും
മഴവില്ലൊന്നു പിടിച്ചു കുലുക്കാൻ 
മണ്ണിൽ ചുറ്റും മന്ദാനിലനും 
സ്വപ്നങ്ങളങ്ങനെ മായാലോകം 
തീർക്കേ, ഞൊടിയിൽ കന്യക കേട്ടു 
യക്ഷിപ്പാലകൾ പൂക്കും  കാവിൽ 
തിറയാട്ടത്തിൻ കൊട്ടും പാട്ടും

മനുഷ്യഗന്ധം വരവായ് മണ്ണിൽ 
ദുഃഖം കരിനിഴലാകുകയായി 
പൂണുലിട്ട, കൊന്തയണിഞ്ഞ 
തൊപ്പി   ധരിച്ചവർ തമ്മിലിടഞ്ഞു 
എന്നെ തിരികെ വിളിക്കു 
കന്യക ഇപ്പോൾ കേണീടുന്നു

ശുഭം

 

Join WhatsApp News
ആനന്ദവല്ലി ചന്ദ്രൻ 2025-04-11 08:33:15
നല്ല വരികൾ. ആശംസകൾ
Joy Parppallil 2025-04-12 05:01:48
തേങ്ങോലകളുടെ മുത്തുകുടയും.... കായൽത്തീരം പുൽക്കും നുരയും...!!! മലയാള നാടിന്റെ ഗ്രാമഭംഗി ഇതിലപ്പുറം എങ്ങിനെ വർണ്ണിക്കാൻ....!! പക്ഷെ മതം മദിക്കുന്ന ഇപ്പോഴത്തെ കേരളത്തിന്റെ അവസ്ഥാന്തരം എത്ര കഷ്ടം...!! മനോഹരമായ ഭാവനയ്ക്ക് ആശംസകൾ...!!❤️🌹
Girish Nair 2025-05-01 10:25:11
ശ്രീ സുധീർ പണിക്കവീട്ടിലിന്റെ "കേരളം" എന്ന കവിത കേരളത്തിന്റെ മനോഹരമായ പ്രകൃതിയെയും സാംസ്കാരിക തനിമയെയും ഒപ്പിയെടുക്കുന്ന ഒരു മനോഹരമായ രചനയാണ്. എന്നാൽ, കവിതയുടെ അവസാന ഭാഗത്ത്, ഈ മനോഹാരിതയ്ക്ക് മങ്ങലേൽക്കുന്ന ഒരു ചിത്രം കവി അവതരിപ്പിക്കുന്നു. * ഭാഷയുടെ ലാളിത്യം: ലളിതമായ വാക്കുകളിലൂടെ ആഴത്തിലുള്ള അർത്ഥം പകരാൻ കവിക്ക് സാധിച്ചിരിക്കുന്നു. * സംഗീതാത്മകത: കവിതയുടെ താളവും ഒഴുക്കും വായനക്കാരന് ഒരു പ്രത്യേക അനുഭൂതി നൽകുന്നു. കേരളത്തിൻ്റെ പ്രകൃതി സൗന്ദര്യത്തെയും സാംസ്കാരിക പൈതൃകത്തെയും സ്നേഹത്തോടെ ഓർമ്മിപ്പിക്കുകയും, അതേസമയം വർഗീയതയുടെയും വിദ്വേഷത്തിൻ്റെയും കെടുതികളെക്കുറിച്ച് നമ്മെ ബോധവാന്മാരാക്കുകയും ചെയ്യുന്നു. "എന്നെ തിരികെ വിളിക്കു" എന്ന കന്യകയുടെ കേഴൽ, നഷ്ടപ്പെട്ടുപോയ ഐക്യത്തിന്റെയും സമാധാനത്തിന്റെയും ഒരു തിരിച്ചുപോക്കിനായുള്ള അഭ്യർത്ഥനയാണ്. ആശംസകൾ സർ
Sudhir Panikkaveetil 2025-05-01 12:20:19
ശ്രീ ഗിരീഷ് നായർ ജി എപ്പോഴും പ്രോത്സാഹജനകമായി എന്റെ രചനകളെ സമീപിക്കാറുള്ള താങ്കളുടെ സഹൃദയത്വം സ്നേഹത്തോടെ സ്വീകരിക്കുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക