ദേശീയ അന്വേഷണ ഏജന്‍സി ഇന്ത്യയിലെത്തിച്ച മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യസൂത്രധാരന്‍ തഹാവൂര്‍ റാണ കൊച്ചിയിലെത്തിയിരുന്നതായി മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ. തഹാവൂര്‍ റാണ ഒന്നിലധികം തവണ കൊച്ചിയിലെത്തിയിരുന്നതായി ലോക്നാഥ് ബെഹ്‌റ പറഞ്ഞു. തഹാവൂര്‍ റാണ കൊച്ചിയില്‍ എത്തിയതിന് ഇമിഗ്രേഷന്‍ വിഭാഗത്തിന്റെ രേഖകള്‍ ഉള്‍പ്പെടെയുള്ള തെളിവുകളുണ്ടെന്നും ബെഹ്‌റ പറഞ്ഞു.
എന്‍ഐഎ തീവ്രവാദത്തിന്റെ സാമ്പത്തിക ഉറവിടത്തെക്കുറിച്ച് അന്വേഷിക്കുന്ന വിഭാഗത്തിന്റെ മുന്‍ തലവനായിരുന്ന ബെഹ്‌റ 2008 നവംബറില്‍ തഹാവൂര്‍ റാണ കൊച്ചിയില്‍ എത്തിയിരുന്നതായി വ്യക്തമാക്കി. എറണാകുളം മറൈന്‍ ഡ്രൈവിലെ താജ് ഹോട്ടലിലാണ് അന്ന് ഇയാള്‍ തങ്ങിയതെന്നും ബെഹ്‌റ പറഞ്ഞു.
മുംബൈ ഭീകരാക്രമണ കേസിലെ മറ്റൊരു സൂത്രധാരന്‍ ഡേവിഡ് ഹെഡ്‌ലിയെ ബെഹ്‌റ ഉള്‍പ്പെട്ട സംഘം അന്ന് ചോദ്യം ചെയ്തിരുന്നതായും അറിയിച്ചു. ഭീകരാക്രമണത്തിന് ശേഷം താജ് ഗ്രൂപ്പ് അവരുടെ ഹോട്ടല്‍ ശൃംഖലകളില്‍ താമസിച്ചിരുന്ന വിദേശികളുടെ വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിരുന്നു. അതില്‍ റാണയുടെ പേര് ഉണ്ടായിരുന്നതായും ബെഹ്‌റ കൂട്ടിച്ചേര്‍ത്തു.
അതേസമയം തഹാവൂര്‍ റാണ എന്തിന് കൊച്ചിയില്‍ വന്നുവെന്ന് എന്‍ഐഎ അന്വേഷിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ഡല്‍ഹി പാലം വ്യോമസേന വിമാനത്താവളത്തിലാണ് തഹാവൂര്‍ റാണയുമായുള്ള വിമാനം ലാന്‍ഡ് ചെയ്തത്. തുടര്‍ന്ന് കനത്ത സുരക്ഷയില്‍ എന്‍ഐഎ ആസ്ഥാനത്തേക്ക് എത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.