ഓസ്കാറിന് നാമനിർദ്ദേശം ചെയ്യപ്പെട്ട ഹോളിവുഡ് സംവിധായകനും എഴുത്തുകാരനുമായ ജെയിംസ് ടൊബാക്ക് ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് 40 സ്ത്രീകൾ നൽകിയ കേസിൽ 1.68 ബില്യൺ ഡോളർ നഷ്ടപരിഹാരം നൽകാൻ ന്യൂയോർക്ക് കോടതി ഉത്തരവിട്ടു.
മി ടൂ പ്രസ്ഥാനം ശക്തമായ 2017 ലാണ് ടൊബാക്കിനെതിരെ നിരവധി സ്ത്രീകൾ ലൈംഗികാതിക്രമ ആരോപണങ്ങളുമായി രംഗത്തെത്തിയത്. ലോസ് ഏഞ്ചൽസ് ടൈംസ് ആണ് ഇത് സംബന്ധിച്ച ആദ്യ റിപ്പോർട്ട് പുറത്തുവിട്ടത്. 35 വർഷത്തോളം നീണ്ടുനിന്ന കാലയളവിൽ ടൊബാക്ക് ലൈംഗികാതിക്രമം, ഭീഷണിപ്പെടുത്തൽ, മാനസിക പീഡനം തുടങ്ങിയ കുറ്റകൃത്യങ്ങൾ നടത്തിയെന്നാണ് സ്ത്രീകളുടെ ആരോപണം. സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്ത് ന്യൂയോർക്ക് തെരുവുകളിൽ നിന്ന് യുവതികളെ ടൊബാക്ക് കൂട്ടിക്കൊണ്ടുപോവുകയും പിന്നീട് അവരെ ലൈംഗികമായി ദുരുപയോഗം ചെയ്യുകയും പതിവായിരുന്നുവെന്ന് അഭിഭാഷകർ കോടതിയിൽ പറഞ്ഞു.
ന്യൂയോർക്ക് സംസ്ഥാനം ലൈംഗികാതിക്രമ കേസുകൾക്ക് കാലഹരണ പരിധി ഇളവ് നൽകിയ 'അഡൾട്ട് സർവൈവേഴ്സ് ആക്ട്' നിലവിൽ വന്നതിന് തൊട്ടുപിന്നാലെ 2022 ലാണ് ഈ കേസ് ഫയൽ ചെയ്തത്. ടൊബാക്ക് കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്ന് ജഡ്ജി മുൻപ് ടൊബാക്കിനെതിരെ 'ഡിഫോൾട്ട് ജഡ്ജ്‌മെന്റ്' പുറപ്പെടുവിച്ചിരുന്നു. നഷ്ടപരിഹാരത്തിന്റെ തുക നിർണ്ണയിക്കുന്നതിന് മാത്രമായി പിന്നീട് വിചാരണ നടത്തുകയായിരുന്നു.
ആറ് പേരടങ്ങുന്ന ജൂറി ഏകകണ്ഠമായാണ് വിധി പ്രസ്താവിച്ചത്. നഷ്ടപരിഹാരത്തിൽ 280 മില്യൺ ഡോളർ 'കോമ്പൻസേറ്ററി ഡാമേജസും' (ഇരകൾക്ക് സംഭവിച്ച നഷ്ടത്തിന് നൽകുന്ന നഷ്ടപരിഹാരം) 1.4 ബില്യൺ ഡോളർ 'മാതൃകാപരമായ നഷ്ടപരിഹാരം (തെറ്റ് ചെയ്തയാളെ ശിക്ഷിക്കാനും മറ്റുള്ളവർക്ക് ഒരു പാഠമാകാനും നൽകുന്ന ശിക്ഷാപരമായ നഷ്ടപരിഹാരം) ഉൾപ്പെടുന്നു.
ഈ വിധി തങ്ങൾക്കും മറ്റ് സ്ത്രീകൾക്കുമുള്ള അംഗീകാരമാണെന്ന് കേസിലെ പ്രധാന പരാതിക്കാരിൽ ഒരാളായ മേരി മോനഹാൻ പറഞ്ഞു. പതിറ്റാണ്ടുകളായി താൻ ഈ ദുരന്തം നിശ്ശബ്ദമായി സഹിച്ചു. ഇന്ന് ഒരു ജൂറി തങ്ങളെ വിശ്വസിച്ചു. ഇത് എല്ലാം മാറ്റുമെന്നും അവർ കൂട്ടിച്ചേർത്തു. ഇത്ര വലിയ തുകയുടെ വിധി, സ്ത്രീകളെ മോശമായി കാണുന്ന ശക്തരായ വ്യക്തികൾക്കുള്ള ഒരു സന്ദേശമാണെന്ന് വാദിഭാഗം അഭിഭാഷകൻ ബ്രാഡ് ബെക്ക്‌വർത്ത് പറഞ്ഞു.
80 വയസ്സുള്ള ടൊബാക്ക്, തനിക്കെതിരായ എല്ലാ ആരോപണങ്ങളും നിഷേധിക്കുകയും താനും പരാതിക്കാരും തമ്മിൽ ലൈംഗിക ബന്ധം ഉണ്ടായിരുന്നത് പരസ്പര സമ്മതത്തോടെയായിരുന്നുവെന്നും വാദിച്ചിരുന്നു. ന്യൂയോർക്ക് നിയമം തൻ്റെ ഭരണഘടനാപരമായ അവകാശങ്ങളെ ലംഘിക്കുന്നുവെന്നും ടൊബാക്ക് വാദിച്ചു. ഈ വിധി മിടൂ പ്രസ്ഥാനത്തിന് ശേഷമുണ്ടായ ഏറ്റവും വലിയ നഷ്ടപരിഹാര വിധികളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. ലൈംഗികാതിക്രമ കേസുകളിൽ നിയമസംവിധാനം കൂടുതൽ ശക്തമായി പ്രതികരിക്കുന്നു എന്നതിന്റെ സൂചന കൂടിയാണ് ഈ വിധി.
English summery:
Oscar-nominated James Toback charged in sexual misconduct case; fined $1.68 billion.