ന്യൂയോർക്ക്: ഹഡ്‌സൺ നദിയിൽ ഇന്ന് (വ്യാഴാഴ്ച) 3 മണിയോടെ ടൂറിസ്റ്റ് ഹെലികോപ്റ്റർ തകർന്നു മൂന്ന് കുട്ടികൾ ഉൾപ്പെടെ ആറ് പേർ മരിച്ചു.
സ്‌പെയിനിൽ നിന്നുള്ള അഞ്ചംഗ കുടുംബാംഗങ്ങളുമായി പുറപ്പെട്ട ഹെലികോപ്റ്റർ പതിനച്ചു മിനിറ്റിനകം നദിയിലേക്ക് തകർന്ന് വീഴുകയായിരുന്നു. സ്‌പെയിനിലെ സീമെൻസിന്റെ പ്രസിഡന്റും സിഇഒയുമായ അഗസ്റ്റിൻ എസ്കോബാറും ഭാര്യയും അവരുടെ മൂന്ന് കുട്ടികളുമാണ് മരിച്ചതെന്ന് അധികൃതർ അറിയിച്ചു
പൈലറ്റും രണ്ട് മുതിർന്നവരും മൂന്ന് കുട്ടികളും സഞ്ചരിച്ചിരുന്ന ന്യൂയോർക്ക് ഹെലികോപ്റ്റേഴ്‌സ് കമ്പ്നി വക ഹെലികോപ്റ്റർ ഹഡ്‌സൺ നദിയിൽ വീണതായി ജേഴ്‌സി സിറ്റി മേയർ സ്റ്റീവൻ ഫുലോപ്പ് എബിസി ന്യൂസിനോട് സ്ഥിരീകരിച്ചു. പിന്നീട് ന്യു യോർക്ക് സിറ്റി മേയർ എറിക് ആഡംസും ഇക്കാര്യം പത്രസമ്മേളനത്തിൽ അറിയിച്ചു
ഹെലിപോർട്ടിൽ നിന്ന് പുറപ്പെട്ട് 15 മിനിറ്റിനുശേഷം, ന്യൂജേഴ്‌സിയിലെ ഹൊബോക്കനിലെ റിവർ ഡ്രൈവിന്റെ തീരത്ത് ഉച്ചകഴിഞ്ഞ് 3:17 നാണ് അപകടം നടന്നത്. ഹെലികോപ്റ്റർ ജോർജ്ജ് വാഷിംഗ്ടൺ ബ്രിഡ്ജിനു സമീപമെത്തി തെക്കോട്ട് തിരിഞ്ഞ് തകർന്നുവെന്ന് അധികൃതർ പറഞ്ഞു.
അപകടമുണ്ടായ ഉടൻ ന്യു യോർക്ക് പോലീസും ഫയർ ഫോഴ്‌സും മറ്റു രക്ഷാപ്രവർത്തകരും രമഗത്തെത്തി. നാല് പേരുടെ മൃതദേഹങ്ങൾ പുറത്തെടുത്തു. രണ്ടു പേരെ ആശുപത്രിയിലെത്തിച്ചുവെങ്കിലും അവരും മരണപ്പെട്ടു.
ജേഴ്‌സി സിറ്റി മെഡിക്കൽ സെന്ററിലെത്തിച്ചവരെ രക്ഷിക്കാൻ കഴിയുന്നത്ര ശ്രമിച്ചുവെന്ന് മേയർ ഫുലോപ്പ് എബിസി ന്യൂസിനോട് പറഞ്ഞു.