ലോസ് ആഞ്ജലസ്: യുക്രെയ്‌ന് സാഹയം നല്‍കിയെന്ന് ആരോപിച്ച് റഷ്യന്‍ തടവിലായിരുന്ന റഷ്യന്‍-അമേരിക്കന്‍ വനിതയെ മോചിപ്പിച്ചു. ലോസ് ആഞ്ജലസ് സ്വദേശിയായ സെനിയ കരേലിന എന്ന വനിതക്കാണ് മോചനം ലഭിച്ചത്. 2024 തുടക്കത്തില്‍ അറസ്റ്റിലായ ഇവര്‍ ഒരു വര്‍ഷത്തിലേറെയായി തടവിലായിരുന്നു. യുക്രെയ്‌നിന് മാനുഷിക സഹായം നല്‍കുന്ന അമേരിക്കന്‍ സന്നദ്ധ സംഘടനക്ക് 39 ഡോളര്‍ സംഭാവന നല്‍കിയെന്നാണ് ഇവര്‍ക്കെതിരായ കുറ്റം. 12 വര്‍ഷത്തെ തടവ് ശിക്ഷയാണ് ഇവര്‍ക്ക് ലഭിച്ചത്.
സെനിയ കരേലിനയുടെ മോചനത്തിന് പകരമായി, 2023ല്‍ സൈപ്രസില്‍ അറസ്റ്റിലായ ജര്‍മന്‍-റഷ്യന്‍ പൗരന്‍ ആര്‍തര്‍ പെട്രോവിനെ അമേരിക്ക വിട്ടയച്ചതായാണ് വിവരം. റഷ്യന്‍ സൈന്യവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന നിര്‍മാതാക്കള്‍ക്ക് സൂക്ഷ്മ ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ അനധികൃതമായി കയറ്റുമതി ചെയ്തുവെന്നാണ് ഇദ്ദേഹത്തിനെതിരായ കുറ്റം.
അമേരിക്കയും റഷ്യയും തമ്മില്‍ തടവുകാരെ കൈമാറുന്നതിന്റെ ഭാഗമായാണ് നടപടി. വ്യാഴാഴ്ച അബൂദബിയിലാണ് തടവുകാരെ കൈമാറിയത്. കൈമാറ്റച്ചടങ്ങില്‍ സി.ഐ.എ ഡയറക്ടര്‍ ജോണ്‍ റാറ്റ്ക്ലിഫും സന്നിഹിതനായിരുന്നു. കരേലിന അമേരിക്കയിലേക്ക് യാത്രതിരിച്ചതായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ സ്ഥിരീകരിച്ചു. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപാണ് മോചനം സാധ്യമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.