ജോ ബൈഡൻ ഭരണകൂടത്തിന്റെ കാലത്തു താത്കാലിക നിയമ പരിരക്ഷ നേടി യുഎസിൽ പ്രവേശിച്ച ആയിരങ്ങളുടെ മേൽ സ്വയം രാജ്യം വിടാൻ സമമർദം ചെലുത്തുന്നതിനു ട്രംപ് ഭരണകൂടം സോഷ്യൽ സെക്യൂരിറ്റി നമ്പറുകൾ റദ്ദാക്കാൻ നീക്കം. നിയമപരമായി ലഭിച്ച നമ്പറുകൾ റദ്ദാവുമ്പോൾ അവർക്കു ബാങ്ക് അക്കൗണ്ട്, ക്രെഡിറ്റ് കാർഡ് എന്നിവയും ഗവൺമെന്റ് നൽകുന്ന പല ആനുകൂല്യങ്ങളും കിട്ടാതെ വരും.
പല നമ്പറുകളുടെയും ഉടമകളെ മരിച്ചവരായി കണക്കാക്കിയാണ് റദ്ദാക്കുന്നതെന്നു 'ന്യൂ യോർക്ക് ടൈംസ്' കണ്ടെത്തി. മരിച്ചവരുടെ ഡാറ്റാ ബേസിൽ പെട്ട് കഴിഞ്ഞാൽ അവർ സോഷ്യൽ സെക്യൂരിറ്റി കരിമ്പട്ടികയിലാവും. ഇത്തരത്തിൽ 6,300 പേരെ ഈയാഴ്ച്ച മാത്രം മരിച്ചവരുടെ പട്ടികയിൽ ഉൾപെടുത്തിയെന്നു പത്രം കണ്ടെത്തി.
ആരെയും ഈ വലയിൽ വീഴ്ത്താം
ആരെയും ഈ വലയിൽ വീഴ്ത്താം എന്നതാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന സൂചന. ഫലത്തിൽ ആരുടെയും 'സാമ്പത്തിക ജീവിതം' അതോടെ അവസാനിക്കുമെന്ന് സോഷ്യൽ സെക്യൂരിറ്റി ആക്റ്റിംഗ് കമ്മീഷണർ ലെലാൻഡ് ഡൂഡിക് ജീവനക്കാർക്ക് അയച്ച ഇമെയിലിൽ പറയുന്നു.
ഈ അസാധാരണ നീക്കത്തിനു പിന്നിൽ ജനവിധി ഇല്ലാത്ത ഡി ഓ ജി ഇ മേധാവി എലോൺ മസ്‌ക് ഉൾപ്പെടെയുള്ളവരുണ്ട്. ഐ ആർ എസിന്റെ അതിരഹസ്യ ഡാറ്റാ ഹോംലാൻഡ് സെക്യൂരിറ്റിക്കു കൈമാറുന്നതിൽ പ്രതിഷേധിച്ചു ഐ ആർ എസ് ഉന്നത ഉദ്യോഗസ്ഥർ വരെ ഈയാഴ്ച്ച രാജിവച്ചിരുന്നു. അതേ സമയം, ലെലാൻഡ് ഡൂഡിക് ഫെബ്രുവരിയിൽ ഹോംലാൻഡ് സെക്യൂരിറ്റിയുമായി ഉണ്ടാക്കിയ ധാരണ അനുസരിച്ചു 98,000 പേരുടെ മേൽവിലാസങ്ങൾ ഐ സി ഇക്കു കൈമാറി എന്നും പത്രം പറയുന്നു.
സോഷ്യൽ സെക്യൂരിറ്റി വകുപ്പിന്റെ കൈയിലുള്ള വ്യക്തിപരമായ വിവരങ്ങൾ ഒരിക്കലൂം മറ്റുള്ളവർക്കു കൈമാറുന്ന പതിവില്ലായിരുന്നു. വലിയ ജനസേവനം നടത്തുന്ന ഒരു ഏജൻസിയെയാണ് ഇപ്പോൾ ദുരുപയോഗം ചെയ്യുന്നത്. അമേരിക്കൻ പൗരന്മാർ ഉൾപ്പെടെ പലരും ബ്യുറോക്രസിയുടെ പിഴവ് മൂലം ഈ 'മരിച്ചവരുടെ പട്ടിക' വഴി കെണിയിലാകും എന്ന ആശങ്കയും ഉയരുന്നു.
സോഷ്യൽ സെക്യൂരിറ്റിയിലെ 'മാറ്റങ്ങൾ' പ്രസിഡന്റിന്റെ കുടിയേറ്റ ലക്ഷ്യങ്ങൾ നേടാൻ സഹായിക്കും എന്നാണ് വൈറ്റ് ഹൗസ് വക്താവ് എലിസബത്ത് ഹസ്‌റ്റണ് പറയുന്നത്.
Social Security used to pressure migrants