കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗവും വീക്ഷണം മാനേജിംഗ് എഡിറ്ററും ആയ ഡോ.ശൂരനാട് രാജശേഖരന്‍ (75) അന്തരിച്ചു. പത്രപ്രവര്‍ത്തകന്‍ ആയും രാഷ്ട്രീയ നേതാവായും സ്‌പോര്‍ട്‌സ് സംഘാടകനായും ഒരുപോലെ പ്രവര്‍ത്തിച്ച വ്യക്തി. സൗമ്യമായ പെരുമാറ്റവും പ്രസംഗ മികവും രാജശേഖരനെ ശ്രദ്ധേയനാക്കി.
കൊല്ലം ശാസ്താംകോട്ട ഡിബി കോളജില്‍ കേരള വിദ്യാര്‍ഥി യൂണിയന്‍ പ്രവര്‍ത്തകനായി തുടങ്ങിയ ശൂരനാട് രാജശേഖരന്‍ കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹി, കൊല്ലം ഡിസിസി പ്രസിഡന്റ്, കെപിസിസി ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
കേരളാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ്, സംസ്ഥാന സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്, അര്‍ബന്‍ ബാങ്കുകളുടെ ചെയര്‍മാന്‍, കൊല്ലം പ്രസ് ക്ലബ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. പാര്‍ലമെന്റിലേക്കും നിയമസഭയിലേക്കും ഓരോ തവണ മത്സരിച്ചിട്ടുണ്ട്.
പ്രിയപ്പെട്ട ശൂരനാട് രാജശേഖരന്‍ രോഗബാധിതനാണെന്ന് അറിഞ്ഞിരുന്നില്ല. അദ്ദേഹത്തിന് കഴിഞ്ഞ ദിവസം സി.ആര്‍.രാമചന്ദ്രന്‍ അവാര്‍ഡ് കിട്ടിയപ്പോള്‍ അനുമോദനം അറിയിച്ചു സന്ദേശം അയച്ചിട്ട് മറുപടി കിട്ടാഞ്ഞപ്പോഴും തിരക്കിലായിരിക്കുമെന്ന് മാത്രമാണ് കരുതിയത്.
1987 ല്‍ ദേശീയ ഗെയിംസ് ഫുട്‌ബോള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ കൊല്ലത്ത് എത്തിയപ്പോഴാണ് രാജശേഖരനെ പരിചയപ്പെട്ടത്. അന്ന് അദ്ദേഹം വീക്ഷണം ലേഖകന്‍ ആയിരുന്നു. രാജശേഖരന്‍ കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ആയിരിക്കുമ്പോഴാണ് എല്ലാ ജില്ലകളിലെയും പരിശീലകര്‍ക്ക് ഒരേ ദിവസം കൃത്യമായി ശമ്പളം കിട്ടുവാന്‍ സംവിധാനമൊരുക്കിയത്.സംസ്ഥാന കോളജ് ഗെയിംസ് വിജയകരമാക്കി. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ആയിരുന്നപ്പോഴും സംസ്ഥാന സഹകരണ ബാങ്കിന്റെ അംബാസഡര്‍ കാറിലായിരുന്നു യാത്ര.1994ല്‍ ഹിരോഷിമ ഏഷ്യന്‍ ഗെയിംസിന് ഞങ്ങള്‍ ഒന്നിച്ചുണ്ടായിരുന്നു. അന്നു ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന ഫൊട്ടോഗ്രാഫര്‍ വിക്ടര്‍ ജോര്‍ജും മാതൃഭൂമി ലേഖകന്‍ വി.രാജഗോപാലും അകാലത്തില്‍ യാത്രയായി.
അടുത്തകാലത്ത് നെടുമ്പാശേരിയില്‍ പന്തളം സുധാകരനെ കണ്ടപ്പോള്‍ രാജശേഖരനെക്കുറിച്ചു ഞങ്ങള്‍ സംസാരിച്ചതാണ്. പക്ഷേ, രോഗവിവരം അറിഞ്ഞില്ല.
ഒരിക്കല്‍ കോട്ടയത്ത് മനോരമയില്‍ അന്നത്തെ ചീഫ് എഡിറ്റര്‍ കെ.എം.മാത്യുവിനെ കാണാന്‍ വന്നപ്പോള്‍ കുഞ്ഞമ്പിള്ള സാറിന്റെ (ഡോ. ശൂരനാട് കുഞ്ഞമ്പിള്ള) സഹോദരപുത്രനാണെന്ന് പരിചയപ്പെടുത്തണമെന്നു പറഞ്ഞത് ഓര്‍ക്കുന്നു. ആ കുടുംബവുമായി കെ.എം.മാത്യുവിനു വലിയ അടുപ്പമായിരുന്നു.
ഞാന്‍ കെ. കരുണാകരന്റെ ജീവചരിത്രം എഴുതാന്‍ കാരണക്കാരന്‍ രാജശേഖരനാണ്. സോണിയ ഗാന്ധിയുടെ ജീവചരിത്രത്തിന് അവതാരിക എഴുതിക്കാന്‍ ലീഡറെ കാണാന്‍ കൊച്ചിയില്‍ പത്മജച്ചേച്ചിയുടെ വീട്ടില്‍ ചെന്നപ്പോള്‍ രാജശേഖരന്‍ ഒപ്പമുണ്ടായിരുന്നു. തന്റെ ജീവചരിത്രം എഴുതാന്‍ ചുമ്മാര്‍ (മനോരമയിലെ കെ.ആര്‍. ചുമ്മാര്‍) ആഗ്രഹിച്ചിരുന്നെന്നു ലീഡര്‍ പറഞ്ഞു. സോണിയയെക്കുറിച്ച് എഴുതിയത് ഇഷ്ടപ്പെട്ട ലീഡര്‍ അദ്ദേഹത്തിന്റെ ജീവചരിത്രം ഞാന്‍ എഴുതണമെന്നാണു ഉദ്ദേശിച്ചതെന്ന് രാജശേഖരന്‍ പറഞ്ഞു. അന്ന് അവിടെയുണ്ടായിരുന്ന ശരത്ചന്ദ്രപ്രസാദും ലീഡര്‍ ആഗ്രഹിക്കുന്നത് അതുതന്നെയെന്നു പറഞ്ഞു. എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി പി.കെ.നാരായണപ്പണിക്കര്‍ക്ക് ആദ്യ കോപ്പി നല്‍കി പുസ്തകം പ്രകാശനം ചെയ്തതു കെ.എം.മാത്യു ആയിരുന്നു.ചടങ്ങിനു വന്ന കെ.കരുണാകരനു മടങ്ങാനുള്ള ട്രെയിനിന് സമയമായെന്ന് അറിഞ്ഞ് പത്രപ്രവര്‍ത്തക യൂണിയന്‍ പ്രസിഡന്റ് ജേക്കബ് ജോര്‍ജിന് പ്രസംഗിക്കാന്‍ അവസരം നല്‍കി രാജശേഖരന്‍ സ്വയം പിന്‍മാറിയത് മറക്കാനാവില്ല. മറ്റുള്ളവര്‍ക്കുവേണ്ടി മാറിക്കൊടുക്കാന്‍ ഒരിക്കലും മടികാട്ടാത്ത രാജശേഖരന്‍ അന്നൊരു അദ്ഭുതമായിരുന്നു. ഓര്‍മകള്‍ ഒത്തിരി ബാക്കിയുണ്ട്, പ്രിയ സുഹൃത്തേ ...