യുഎസ് ചുമത്തിയ 145% ഇറക്കുമതി തീരുവയ്ക്കു ബദലായി ചൈന വെള്ളിയാഴ്ച്ച യുഎസ് ഉത്പന്നങ്ങൾക്കു തീരുവ 125% ആയി ഉയർത്തി. വ്യാഴാഴ്ച്ച ആയിരുന്നു പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചൈനയിൽ നിന്നുള്ള ഇറക്കുമതിക്ക് താരിഫ് 145% ആക്കിയത്.
യുഎസ് അടിക്കടി താരിഫ് വർധിപ്പിക്കുന്നത് ലോക ചരിത്രത്തിൽ ഫലിതമായി മാത്രം അവസാനിക്കുമെന്ന് ചൈനീസ് കസ്റ്റംസ് താരിഫ് കമ്മീഷൻ പറഞ്ഞു. യുഎസ് ഇനിയും താരിഫ് കൂട്ടിയാൽ പ്രതികരിക്കേണ്ട എന്നാണ് ചൈനയുടെ തീരുമാനം. കാരണം, സാമ്പത്തികമായി അത് വെറും അസംബന്ധമാണ്.
എന്നാൽ അന്യായമായി ചൈനയുടെ താല്പര്യങ്ങളുടെ മേൽ കടന്നാക്രമണം തുടർന്നാൽ കർശനമായ ബദൽ നടപടികൾ എടുക്കും. ട്രംപ് അടിച്ചേൽപ്പിച്ച 'അത്യധികം അമിതമായ' താരിഫുകൾ അന്താരാഷ്ട്ര സാമ്പത്തിക-വ്യാപാര നിയമങ്ങളുടെ കടുത്ത ലംഘനമാണെന്നു ചൈന ചൂണ്ടിക്കാട്ടി.
വ്യാപാര യുദ്ധം ആരംഭിച്ച ശേഷം ആദ്യമായി വെള്ളിയാഴ്ച്ച പ്രതികരിച്ച ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് യൂറോപ്യൻ യുണിയനോട് ട്രംപിന്റെ ഭീഷണിപ്പിച്ചു കാര്യം നേടാനുള്ള ശൈലിയെ ചെറുക്കണമെന്നു ആഹ്വാനം ചെയ്തു. സ്‌പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിനെ ബെയ്‌ജിംഗിൽ സ്വീകരിക്കവെയാണ് ഷി മൗനം ലംഘിച്ചത്.
"വ്യാപാര യുദ്ധത്തിൽ വിജയികളില്ല," ഷി പറഞ്ഞു. "ലോകത്തിനെതിരെ പോകാൻ ശ്രമിച്ചാൽ സ്വയം ഒറ്റപ്പെടുക എന്നതു മാത്രമേ സംഭവിക്കൂ."
ചൈനയ്ക്കു ആരെയും ഭയമില്ലെന്നും സ്വന്തം കാര്യങ്ങളുമായി മുന്നോട്ടു പോകുമെന്നും ഷി പറഞ്ഞു. ഇ യുവിനെ പോലെ ചൈനയും പ്രമുഖ സമ്പദ് വ്യവസ്ഥയാണ്. ആഗോള സാമ്പത്തിക വ്യവസ്ഥയെയും സ്വതന്ത്ര വ്യാപാരത്തെയും പിന്തുണയ്ക്കുന്നു.
ചൈന ഇയുവിന്റെ സുപ്രധാന പങ്കാളിയാണെന്നു സാഞ്ചസ് പറഞ്ഞു. ഇ യു-ചൈന ബന്ധങ്ങളെ സ്പെയിൻ ഇപ്പോഴും പിന്താങ്ങിയിട്ടുമുണ്ട്.
China raises tariff to 125%; Xi urges EU to fight Trump bullying