ഉച്ചകഴിഞ്ഞു പോലീസ് വന്നു . അവർ യൂണിഫോം ധരിച്ചിരുന്നില്ല .
ആദ്യം ഓഫീസിലെ റെക്കോർഡ്‌സ് , മെഡിക്കൽ റെക്കോർഡ്‌സ്, മരുന്നുകളെ കുറിച്ചുള്ള വിവരങ്ങൾ എല്ലാം ആരാഞ്ഞു .
കുറച്ചു ദിവസത്തേക്ക് ആ ഡോക്യൂമെന്റസ് അവർക്കു വേണമെന്ന് പറഞ്ഞു .
അതിനു ശേഷം നേഴ്സ് ജാനെറ്റ് , പ്രേമക്കാ , വിനോദിനിച്ചേച്ചി, ശ്രീജ ,ആശ മറ്റുള്ള അമ്മമാർ ഇവരോടൊക്കെ വിശദമായി സംസാരിച്ചു മൊഴിയെടുത്തു .
ആരെങ്കിലും എലിവിഷം വാങ്ങിയോ എന്ന ചോദ്യത്തിന് വിനോദിനിച്ചേച്ചി മറുപടി പറഞ്ഞു ..
" കഴിഞ്ഞ വർഷം ദീപാവലി സമയത്തു വാങ്ങിയിരുന്നു , നമ്മുടെ ആംബുലൻസിന്റെ അകത്തെ വയർ എലി കടിച്ചു മുറിച്ചതുകൊണ്ട് , വണ്ടി സ്റ്റാർട്ട് ആയില്ല .
അതിനാൽ വളരെ വിഷമമുണ്ടായി .
ആ സമയത്തു കെട്ടിടത്തിന് ചുറ്റും പിന്നെ ആംബുലൻസിനു ചുറ്റും വിഷം വെച്ചിരുന്നു .
ഒന്നു രണ്ടു എലികൾ ചത്തു .
പിന്നെ അങ്ങനെയുള്ള കുഴപ്പം ഉണ്ടായില്ല . അതുകൊണ്ടു പിന്നീട് അത് വേണ്ടി വന്നില്ല .
എലിയെ നശിപ്പിക്കാൻ വിഷം വെച്ചാൽ അടുത്ത വീട്ടിലെ ചില പൂച്ചകളും അത് കഴിക്കുമോ എന്ന ഭയം ഉണ്ടായിരുന്നു.. "
" പിന്നീട് ഒരിക്കലും വാങ്ങിയില്ല ?
" എന്റെ അറിവിൽ ഇല്ല , അതിന്റെ ബാക്കി , ഞാൻ തന്നെയാണ് കുപ്പയിൽ കളഞ്ഞത് .. "
നാളെ വീണ്ടും വരാമെന്നു പറഞ്ഞ് പോലീസ് പോയി . പരസ്പരം ഇതൊന്നും ചർച്ചചെയ്യരുതെന്നു പറഞ്ഞിട്ടും എല്ലാവരും തമ്മിൽ തമ്മിൽ ഓരോ കാര്യങ്ങൾ സംസാരിച്ചു . ആർക്കും പരസ്പരം സംശയമില്ല . അല്ലെങ്കിൽ അറിയില്ല എന്താണ് നടന്നതെന്ന് .
അതും സിത്താരയോട് ഒരാളും ഇങ്ങനെ ചെയ്യില്ല എന്നവർ ഉറപ്പിച്ചു പറഞ്ഞു .
" എന്തിനു വേണ്ടി.. ?"
അതായിരുന്നു ചോദ്യം .
ആർക്കും ഉത്തരമില്ലാത്ത ഒരു ചോദ്യം .
രാത്രിയിൽ ഒരുറക്കത്തിൽ നിന്നും ഞെട്ടി എഴുന്നേറ്റു ജനനി പറഞ്ഞു .
" മിത്ര നമ്മുടെ മോളുടെ ചിതാഭസ്മം രണ്ടു മൂന്ന് സ്ഥലത്ത് എനിക്ക് ഒഴുക്കണം . ചെന്നൈയിൽ പിന്നെ തിരുനെല്ലി അവസാനം കാശിയിൽ .
കുറച്ചു ദിവസം കഴിയുമ്പോൾ ഞാൻ പുറപ്പെടും .."
" ഞാനും കൂടെ വരാം.. "
" അത് വേണ്ട , നീ ഇവിടെ ഉണ്ടാകണം . എനിക്ക് തിരക്കുകൾ കഴിഞ്ഞിട്ട് സ്വസ്ഥമായി ഒന്നുകൂടി ആലോചിക്കണം . മനസ്സിൽ വന്നത് പറഞ്ഞു എന്നു മാത്രം.. "
രാവിലെ പോലീസ് വന്നു . ജനനിയോട് മോളുടെ ആരോഗ്യത്തെക്കുറിച്ച് വിശദമായി അന്വേഷിച്ചു .
ഓർമ്മയിൽ വന്നതെല്ലാം അവരോടു പറഞ്ഞു .
പിന്നെ സംഘമിത്രയോടാണ് അവർ സംസാരിച്ചത് . കഴിഞ്ഞ രണ്ടു മാസത്തെ കാര്യങ്ങൾ ഓർമ്മയിൽനിന്നും അവരെ ധരിപ്പിച്ചു .
രണ്ടുപേരോടും ആരെയെങ്കിലും സംശയമുണ്ടോ എന്ന് ചോദിച്ചപ്പോൾ ,
അറിയില്ല എന്നാണുത്തരം പറഞ്ഞത് .
രണ്ടു ദിവസം കഴിഞ്ഞു വരാമെന്നു പറഞ്ഞവർ പോയി .
ഹോസ്പിറ്റലിൽ പോയി സീതാലക്ഷ്മി ഡോക്ടറോടും വിസ്തരിച്ചു ചർച്ചചെയ്യുകയുണ്ടായി .
തുടർച്ചയായി ഇങ്ങനെ സുഖമില്ലാതെ ആയപ്പോൾ എന്താണ് സംശയം തോന്നാതിരുന്നത് എന്ന ചോദ്യത്തിന്
" ഈ കുട്ടികളിൽ ഒരാൾ അല്ലെങ്കിൽ മറ്റൊരാൾ ആഴ്ചയിൽ ഒരു ദിവസമെങ്കിലും വിവിധ അസുഖങ്ങൾക്കായി വരാറുണ്ട് .
പിന്നെ അപസ്മാരം , ഛർദ്ദി മുതാലയവ സാധാരണയാണ് . സിത്താരക്കു മിക്കവാറും അപസ്മാരവും വരാറുണ്ട്. അതിനാൽ വേറെ വിധത്തിൽ ചിന്തിച്ചില്ല.
ലിവർ പ്രോബ്ലം കഴിഞ്ഞ ആഴ്ചയിൽ ആണ് കണ്ടുപിടിച്ചത്.. "
ഡോക്ടർ അവരുടെ അറിവിലുള്ള കാര്യങ്ങൾ പറഞ്ഞു .
ഡോക്ടർ ചന്ദ്രലേഖയുടെ , വീട്ടിൽ പോയാണ് അവർ മൊഴി രേഖപ്പെടുത്തിയത് .
"മെഡിക്കൽ റിപോർട്സ് പരിശോധിച്ചപ്പോൾ തോന്നിയ സംശയമാണ് ഡോക്ടർ സീതാലക്ഷ്മിയോട് പങ്കുവെച്ചത് . ഒരുപക്ഷെ താൻ ഒരു പതോളജിസ്റ് ആയതിനാൽ ഔട്ട് ഓഫ് ദി ബോക്സ് ചിന്തിച്ചിരിക്കാം.. "
പോലീസിന് പ്രഥമദൃഷ്ട്യ ഒന്നും തോന്നിയില്ല . അവർ റെക്കോർഡ്‌സ് വീണ്ടും പരിശോധിച്ചു .
അഭിനന്ദൻ തന്റെ സുഹൃത്തായ DIG യോട് വിവരങ്ങൾ അന്വേഷിച്ചുകൊണ്ടിരിന്നു .ഒന്നും മുൻപോട്ടു പോകുന്നില്ല എന്നു പറഞ്ഞത് അയാളെ നിരാശപ്പെടുത്തി .
ഫയൽ ക്ലോസ് ചെയ്തിട്ടില്ല . ഒരു തവണ കൂടി അവർ സ്കൂളിലേക്ക് വരുമെന്ന് പറഞ്ഞു .
സംഘമിത്ര ദിവസവും അഭിനന്ദനെ ഫോണിൽ വിളിച്ചു വിവരങ്ങൾ പങ്കുവെച്ചു .
അമ്മയും സുമേദുംഫ്ലാറ്റിൽ ആണ് . അച്ചാച്ചൻ വീട്ടിൽ തന്നെയാണ് . അത് അമ്മയെ വിഷമിപ്പിക്കുന്നു . അടുത്ത വീട്ടുകാരാണ് ഇത്രയും ദിവസം അച്ചാച്ചനെ നോക്കിയത് .
സുമേദിനെ തിരികെ സ്കൂളിൽ കൊണ്ടാക്കിയിട്ടു നാട്ടിൽ പോകുന്നതിനെക്കുറിച്ച് അമ്മ ചോദിച്ചു. നേരാണ് എത്ര ദിവസം അമ്മക്ക് ഇവിടെ നിൽക്കാൻ സാധിക്കും ?
അങ്ങനെ സുമേദ് തിരികെ സ്കൂളിലേക്ക് വന്നു . അവന്റെ തമോവൃതമായ മുഖം കാൺകെ, എല്ലാവർക്കും വിഷമമായി .
"show must go on" എന്നു പറഞ്ഞതുപോലെ , എല്ലാവരും സങ്കടത്തോടെ ആണെങ്കിലും ദിനചര്യകളിലേക്ക് തിരിഞ്ഞു .
പോലീസ് വന്നും പോയുമിരുന്നു . അവർക്കും ആരാണ് ഇത് ചെയ്തതെന്ന് കൃത്യമായി പറയാൻ സാധിച്ചില്ല . എന്നാലും ഫയൽ ക്ലോസ് ചെയ്തില്ല .
സിത്താരയുടെ അച്ഛൻ , ജനനി ഒരു തീരുമാനത്തിൽ എത്താതതിനാൽ തിരികെ പോകാൻ ടിക്കറ്റ് ബുക്ക് ചെയ്തു .
ജനനിക്കു പിന്നീട് കർമങ്ങൾ ചെയ്യാനായി സഹായത്തിന് വരാമെന്നയാൾ വാക്ക് കൊടുത്തു . അവരെ ചേർത്ത് പിടിച്ചു നെറുകയിൽ ചുംബിച്ചു .
" നമ്മുടെ മകൾ ഇവിടെത്തന്നെയുണ്ട് , അവൾ നിന്നെ വിട്ടു പോകില്ല .."
വ്യസനത്തോടെ തലയാട്ടിയതല്ലാതെ ജനനി അതിന് ഉത്തരം നൽകിയില്ല .
എല്ലാവരും തിരികെ പോയി .
കരയാത്ത ജനനി , അതാണ് സംഘമിത്രയെ വേദനിപ്പിക്കുന്നത് .
അവർ ഒന്ന് കരഞ്ഞെങ്കിൽ ..
ആ മൂകഭാവം ഭയപ്പെടുത്തുന്നു .
അവരെ തനിയെ വിട്ടിട്ടു തിരികെ ഫ്ലാറ്റിലേക്ക് പോകാൻ തോന്നിയില്ല .
അവർ എന്തെങ്കിലും കടന്ന കൈ ചെയ്യുമോ ..?
എത്ര നിർബന്ധിച്ചിട്ടും മിത്ര തിരികെ പോയില്ല . തന്റെ സാന്നിദ്ധ്യം ജനനിക്കു മാത്രമല്ല , സുമേദിനും ഒരാശ്വാസം ആകും .
സിത്താര പോയതിനു ശേഷം അവൻ സൈലോഫോൺ കൈകൊണ്ടു തൊട്ടിട്ടില്ല .
എല്ലാ ദിവസവും അഭിനന്ദന്റെ ഫോൺ വരും .
സമയം അനുവദിച്ച ദിവസങ്ങൾ അയാൾ സ്കൂളിൽ വന്നു . അവർക്കെല്ലാമൊപ്പം ചിലവഴിച്ചു ..
( അടുത്ത ലക്കത്തോടെ സംഘമിത്രാ കാണ്ഡം പൂർത്തിയാകുന്നു. )