Image

പൊട്ടാതെ പോയ പടക്കം (വിഷു സ്പെഷ്യൽ : പി. സീമ)

Published on 14 April, 2025
പൊട്ടാതെ പോയ പടക്കം (വിഷു സ്പെഷ്യൽ : പി. സീമ)

ഇടതു കൈയിൽ കമ്പിത്തിരിയും വലതു കൈയിൽ മത്താപ്പൂവും കത്തിച്ചു പിടിച്ചു   വേനലവധിക്ക് വരുന്ന വിഷുക്കാലം എന്നും ഗൃഹാതുരമായ ഒരോർമ്മയാണ്.

അവധി തുടങ്ങിയാൽ പിറ്റേന്ന് തന്നെ വൈക്കത്തുള്ള അമ്മവീട്ടിൽ പോകണം എന്നത് എനിക്ക് ഏറെ നിർബന്ധമുള്ള കാര്യമായിരുന്നു കൊണ്ടുപോയില്ലെങ്കിൽ കൈയിൽ കിട്ടിയ വാക്കത്തിയെടുത്തു വാഴകൾ വെട്ടി നശിപ്പിക്കും. അതല്ലെങ്കിൽ പാത്രങ്ങൾ എറിഞ്ഞു പൊട്ടിക്കും.അത് കൊണ്ടു കൂടിയാകാം എല്ലാത്തവണയും എന്നെ കൃത്യമായി അമ്മവീട്ടിൽ എത്തിച്ചിരുന്നത് .പിന്നെ സ്കൂൾ തുറക്കുന്നതിനു തലേന്ന് മാത്രമേ തിരികെ പോരുകയുള്ളു.

അവധിക്കാലത്തു തന്നെ കൃത്യമായി എത്തുന്ന വിഷുത്തലേന്നു കുഞ്ഞമ്മാവൻ (ഞങ്ങൾ തമ്മിൽ 2 വയസ്സിന്റെവ്യത്യാസമേയുള്ളു )പൊട്ടിക്കുന്ന പടക്കങ്ങൾ ആയിരുന്നു   അന്നത്തെ എന്റെ പ്രധാന ശത്രുക്കൾ.

ഒരു തവണ കുരവ ഇട്ടു പൊങ്ങിയ കുരവപ്പൂ   മുന്നറിയിപ്പൊന്നുമില്ലാതെ ഒന്നു ചീറ്റിക്കൊണ്ടു പൊട്ടിയതോടെ എനിക്ക് അതിലുള്ള വിശ്വാസം  പൂർണ്ണമായി   നഷ്ടപ്പെട്ടു. ഒന്നിനും ഒരു നേരും, നെറിയും ഇല്ലെന്ന തോന്നൽ. പാമ്പ് ഗുളിക പൊട്ടുമെന്നോർത്ത് അത് കത്തിച്ചു വച്ചു ദൂരെ മാറി നിന്നു  നോക്കും . കമ്പിത്തിരി ഒരു കോലിന്റെ അറ്റത്തു കുത്തി വെച്ചു അകന്നു നിന്ന് കത്തിക്കും. ചക്രം കത്തിക്കറങ്ങി പൊട്ടുമോ എന്നോർത്ത് ഞാൻ ആ നേരത്ത് മേശപ്പുറത്ത് കയറും.

ആ വർഷവും  വിഷുത്തലേന്നു പതിവ് പോലെ രണ്ടു ചെവിയിലും ചൂണ്ടുവിരൽ കുത്തിക്കയറ്റി നിന്ന എന്നെ അമ്മ ശാസിച്ചു 
                
, "ഈ പെണ്ണിന്റെ കരണക്കല്ലു പൊട്ടിപ്പോകുമല്ലോ വൈക്കത്തപ്പാ "

വൈക്കത്തപ്പനല്ല ഇനി സാക്ഷാൽ ശ്രീകൃഷ്ണൻ നേരിട്ട് വന്നു പറഞ്ഞാലും ഞാൻ വിരൽ എടുക്കില്ല.

അങ്ങനെ ഉള്ള ഒരു വിഷുക്കാലത്താണ് ആ ഗുണ്ട് ഒരു "വില്ലൻ " ആയിട്ടു വന്നത്. ഉള്ളത് പറഞ്ഞാൽ വിഷുത്തലേന്നു ഒരു മുറി നിറയെ പടക്കങ്ങൾ നിറഞ്ഞിരിക്കുന്നത് കാണുമ്പോൾ

"ഇനി ഇതൊക്കെ എപ്പോ പൊട്ടിത്തീരും ദൈവമേ"
എന്നോർത്ത് വിഷുക്കണിയും, കൈനീട്ടവും ഒക്കെ മനസിന്റെ ഒരു മൂലയിൽ കേറി നിറം മങ്ങി ഇരിപ്പാകും.എന്റെ ചൂണ്ടുവിരലുകൾ നേരെ ചെവിക്കുള്ളിലേക്കു കയറിപ്പോകും. പടക്കം കത്തിച്ചു വെച്ചു കലം കൊണ്ട് മൂടി ഒച്ച ഇരട്ടിപ്പിക്കുന്ന പതിവും ഉണ്ടായിരുന്നു. കത്തിച്ചു വെച്ചു തിരിച്ചോടുമ്പോൾ കുഞ്ഞമ്മാവനും ചിലപ്പോൾ വിരൽ ചെവിയിൽ കയറ്റും. ജാൻസിറാണിമാരായി   കാത് പൊത്താതെ ഇതൊക്കെ കണ്ടു നിൽക്കുന്ന കുഞ്ഞമ്മമാരുടെ ചെവി എനിക്ക് കിട്ടിയിരുന്നേൽ എന്ന് ഞാൻ അസൂയയോടെ ആശിക്കും.

അങ്ങനെ ഒരു വിഷുത്തലേന്നു പടക്കം പൊട്ടിക്കൽ ഒക്കെക്കഴിഞ്ഞു റങ്ങി പിറ്റേന്ന് നേരത്തെ എണീറ്റു മനസമാധാനത്തോടെ കണി കണ്ടു, കൈനീട്ടവുംഎണ്ണിക്കൊണ്ടിരുന്നപ്പോളഴാണ്  ഞാൻ നേരത്തെ പറഞ്ഞ വില്ലൻ എത്തിയത്.

"ദേ.. ഒരു ഗുണ്ട് ഇവിടെ കിടന്നതാണ് ".അടിച്ചു വാരിനിന്ന പണിക്കാരി ഒരു ഗുണ്ടും എടുത്തു വരുന്നത് കണ്ടപ്പോൾ എന്റെ ഹൃദയത്തിൽ പേടിയുടെ മറ്റൊരു ഗുണ്ട് പുകഞ്ഞു.

"ഇന്നലെ മുഴുവൻ നോക്കീട്ട് ഇവനെ കണ്ടില്ല. ഇന്ന് പൊട്ടിക്കാം"

കുഞ്ഞമ്മാവൻ തുള്ളിച്ചാടി ഗുണ്ടിനെ മേടിച്ചു മുറിയിൽ കൊണ്ട് പോയി വെച്ചു. കാതുകളിലേക്കു അറിയാതെ ചൂണ്ടുവിരലുകൾ നീണ്ടു തുടങ്ങിയ ഗതികേടുമായി ഞാൻ പോയി ആ ഗുണ്ടിനെ നോക്കി

"നീ എവിടെ പോയി ഒളിച്ചിരിക്കുവായിരുന്നു..നിനക്കു ഇന്നലെ പൊട്ടാൻ മേലായിരുന്നോ"

ഞാൻ ഗുണ്ടിനോട് ചോദിച്ചു. ഇടക്കിടെ നീർക്കോലികൾ തല നീട്ടുന്ന പച്ചക്കുളത്തിലേക്ക് ആ ഗുണ്ടിനെ എടുത്തെറിഞ്ഞാലോ എന്ന് എന്റെ വക്രബുദ്ധി ചിന്തിക്കാതിരുന്നില്ല. എങ്കിലും അത്  നേരത്തെ ഒരിക്കൽ കോഴിയെ പെയിന്റ് അടിച്ചത് പോലെയോ, വാഴ വെട്ടും പോലെയോ അത്ര എളുപ്പമല്ല. കുളത്തിൽ എത്തും മുൻപ് പോകുന്ന വഴി അതെന്റെ കൈയിൽ ഇരുന്നു പൊട്ടിയാൽ എന്റെ കഥ കഴിയും. പരീക്ഷയെഴുതാനും, ചോറുണ്ണാനും ഒറ്റ വിരൽ പോലും ബാക്കി ഉണ്ടാവില്ല. അതോടെ ചെവിയുടെ കാര്യവും ഒരു തീരുമാനം ആകും. പടക്കങ്ങൾ ഇനിയും പൊട്ടുമല്ലോ.

അന്ന്  കഴിച്ച സദ്യക്ക് ഒരു സ്വാദും തോന്നിയില്ല. അടപ്രഥമൻ പോലും കൈയ്‌ക്കും പോലെ തോന്നി. സന്ധ്യ ആയാൽ ഗുണ്ട് പൊട്ടും. കണി കണ്ടു തൊഴുത കൃഷ്ണനെ നോക്കി ഞാൻ കൊഞ്ഞനം കുത്തി.

"ഗുണ്ട് പൊട്ടുമ്പോൾ പേടിയുണ്ടേൽ ഓടക്കുഴൽ താഴെ ഇട്ടിട്ടു ചെവി പൊത്തിക്കോ "

കൃഷ്ണൻ ഒന്നും മിണ്ടീല്ല. (തിരിച്ചൊ ന്നും പറയാത്ത എല്ലാ ദൈവങ്ങൾക്കും വലിയ ഗമയെന്നാണ്  അന്നൊക്കെ ഞാൻ കരുതിയിരുന്നത്.  മാനത്തേക്ക് നോക്കിയപ്പോൾ സൂര്യൻ എന്നെ നോക്കി ചിരിച്ചുകൊണ്ട്

"ഞാനിപ്പോ കടലിൽ പോയി മുങ്ങും സന്ധ്യയായാൽ ഗുണ്ട് പൊട്ടും  കേട്ടോ"

എന്ന് പറഞ്ഞത് പോലെ എനിക്ക് തോന്നി. "ചക്കയ്ക്കുപ്പുണ്ടോ " എന്ന് വേലിയിൽ ഇരുന്നു പാടിയ വിഷുപ്പക്ഷിയെ ഞാൻ കല്ലെടുത്തെ റിഞ്ഞോടിച്ചു. തെന്നിപ്പാണ്ടി കളിച്ചപ്പോൾ വരയിൽ ചവിട്ടി ഞാൻ തോറ്റു തൊപ്പിയിട്ടു.  മനസ്സിൽ ഗുണ്ടല്ലേ പുകയുന്നത്.

ഒടുവിൽ ഗുണ്ടിൽ നിന്ന് രക്ഷപെടാൻ ഞാൻ മച്ചിൽക്കയറി അവിടെ കണ്ട ഉപ്പുമാങ്ങഭരണിയുടെ പുറകിൽ ഒളിച്ചിരുന്നു. ഗുണ്ടിനെ എടുക്കാൻ ധൈര്യം ഉണ്ടായിരുന്നേൽ ഈ ഉപ്പുമാങ്ങഭരണിക്കകത്തിടാമായിരുന്നല്ലോ എന്ന്  നിരാശയോടെ ഓർത്ത്  അവിടിരുന്നു ഞാനൊന്ന് മയങ്ങി.

കണ്ണു തുറന്നപ്പോൾ മച്ചിലെ ചില്ലോടിനു മീതെ ആകാശം ഇരുണ്ടിരുന്നു.. താഴെ ആകപ്പാടെ ഒരു കോലാഹലം. ആരൊക്കെയോ എന്റെ പേരെടുത്തു വിളിക്കുന്നുണ്ട്. അമ്മ എന്നെക്കാണാഞ്ഞു നെഞ്ചത്ത് തല്ലി കരയുന്നുണ്ട്.

"ഗുണ്ട് പൊട്ടിയോ? "

ഞാൻ ഉപ്പുമാങ്ങഭരണിയോട് ചോദിച്ചു. "അറിയാൻ മേലെന്നു" അത് പറഞ്ഞതു പോലെ എനിക്ക് തോന്നി. അതിനു ഉപ്പുമാങ്ങ ഭരണിക്ക് കാതുണ്ടോ? ഏതായാലും അമ്മക്കരച്ചിൽ കേട്ടപ്പോൾ ഞാൻ മച്ചിലിരുന്നു ഒന്ന് കൂവി.വിഷുപ്പക്ഷി കൂവും പോലെ...  

ആരൊക്കെയോ ഓടി വന്നു എന്നെ മച്ചിൽ നിന്ന് പിടിച്ചിറക്കി.കൂട്ടത്തിൽ കുഞ്ഞമ്മാവനും ഉണ്ടായിരുന്നു.

"ഗുണ്ട് പൊട്ടിച്ചോ "ഞാൻ തിരക്കി

"ഇല്ല പൊട്ടിക്കണം"

കുഞ്ഞമ്മാവൻ എന്നെ കണ്ടെത്തിയ സന്തോഷത്തിൽ ഗുണ്ട് പൊട്ടിക്കാൻ ഓടിപ്പോയി. ഭീതിയുടെ ഒരു നെടുവീർപ്പ് എന്നിൽ നിന്ന് ഉതിരും മുൻപ് അച്ഛൻ എന്റെ രണ്ടു കൈകളും കൂട്ടിപ്പിടിച്ചു  ഒരു ചെമ്പരത്തിക്കമ്പ് കൊണ്ട്  തുടയിലേക്കു ആഞ്ഞു വീശി.

"ഇനി നീ മച്ചിൽ കേറി ഒളിച്ചിരിക്കുവോ? "

അച്ഛൻ അലറി. രണ്ടാമത്തെ അടി വീഴും മുൻപ് അമ്മ എന്നെ പിടിച്ചു മാറ്റി. ഇതിനിടയിൽ എപ്പോഴോ ഗുണ്ട് പൊട്ടി. ഞാൻ തല കുടഞ്ഞു നോക്കി. ഒന്നും സംഭവിച്ചില്ല. എന്റെ കാതും  കരണക്കല്ലും ഒക്കെ അവിടെ തന്നെ ഉണ്ട്. ഒരു ഗുണ്ട് പറ്റിച്ച പണിയേ.  കിളിക്കൂട്ടിൽ നിന്നിറക്കിയപ്പോൾ ഒരു വടിയിൽ കയറിയിരുന്നു കുളിച്ച കുഞ്ഞമ്മാവന്റെ പച്ചത്തത്ത ഈ കോലാഹലംകേട്ട് ആർക്കും പിടി തരാതെ പറന്നു പോയതൊഴികെ മറ്റു അനിഷ്ടസംഭവങ്ങൾ ഒന്നും അന്നുണ്ടായില്ല.

അത് കൊണ്ട് ഏതു ഭീതിയുടെ കരിനിഴലിനപ്പുറവും ഒരു നിലാത്തിരി ഉണ്ടാകും എന്ന് പ്രതീക്ഷിക്കുക. ഏതു നിശ്ശബ്ദതക്കപ്പുറവും ഒരു സംഗീതം ഉണ്ടാകും.  ഏതു വരൾച്ചക്കപ്പുറവും ഒരു മധുരശൈത്യം ഉണ്ടാകും. .എല്ലാ വേനലുകളും  കടന്നുപോകും.. ഇനിയും  നമ്മൾ അതിജീവിക്കും.എല്ലാവർക്കും വിഷു ആശംസകൾ....!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക