Image

എഴുത്തുകാര്‍ക്ക് വിഷു ഫലം: (തയ്യാറാക്കിയത്: സുധീര്‍ പണിക്കവീട്ടില്‍)

Published on 15 April, 2025
എഴുത്തുകാര്‍ക്ക് വിഷു ഫലം: (തയ്യാറാക്കിയത്: സുധീര്‍ പണിക്കവീട്ടില്‍)

1. കഥയെഴുത്തുകാര്‍ - കഥാക്രുത്തുക്കള്‍ക്ക് ഇനിയുള്ള കാലം ശുഭമല്ല. ജനം ദ്രുശ്യകാഴ്ച്ചകളില്‍ ആക്രുഷ്ടരാണു. ആധുനിക കഥയെന്ന് പറഞ്ഞ് പടച്ച് വിടുന്ന സാധനങ്ങള്‍ ജനം ഇനി തിരിഞ്ഞ് നോക്കില്ല. അല്ലെങ്കില്‍ തന്നെ ഇതൊക്കെ വായിക്കാന്‍ ആര്‍ക്ക് സമയം എന്ന നിലപാടില്‍ കയ്യില്‍ റിമോട്ടുമായി ജനം സോഫയില്‍ നടു നിവര്‍ത്തും. പഴയ കാല കഥകള്‍ ജനം ഇഷ്ടപ്പെടുമെന്നാണു രാശിയില്‍ തെളിയുന്നത്. മുട്ടത്ത് വര്‍ക്കിയുടേയും, എം.ടി.യുടേയും കഥകള്‍ ധാരളമായി വിറ്റഴിയും. അമേരിക്കന്‍ മലയാളി എഴുത്തുകാരില്‍ പിന്‍തുണയില്ലാത്ത പലരുടേയും കഥകള്‍ക്ക് നല്ല വിപണിയുണ്ടാകുമെന്ന് ഒരു നക്ഷത്രം കണ്ണിറുക്കികൊണ്ട് വെളിപ്പെടുത്തുകയുണ്ടായി. അത് ആരൊക്കെയെന്ന് എഴുത്തുക്കാര്‍ കണ്ടു പിടിക്കാന്‍ ശ്രമം നടത്തുമെന്നും അതില്‍ പാദസേവകര്‍ ചില്ലറ പ്രശനങ്ങള്‍ ഉണ്ടാക്കുമെന്നും രാശിയില്‍ തെളിയുന്നുണ്ട്. ആ ശ്രമത്തില്‍ അവര്‍ക്ക് വലിയ നഷ്ടവും മാനഹാനിയുമുണ്ടാകുമെന്ന് വിഷുക്കാല നിഴലുകള്‍ കണിശമായി പ്രവചിക്കുന്നു.

2. കവികള്‍ - കവികളാണു ജനങ്ങളെ ഇത്ര നാളും കഷ്ടപ്പെടുത്തിയിരുന്നത്. വായിച്ചാല്‍ മനസ്സിലാകാത്ത കവിതകള്‍ അഥവാ കവികളുടെ തകാ' കള്‍ (തരികിടയല്ല)ഇനിമുതല്‍ പത്രങ്ങളില്‍ കണികാണാന്‍ പോലുമുണ്ടാകരുതെന്ന തീരുമാനത്തില്‍ ഭൂരിപക്ഷം ജനം എത്തുമെന്ന് കവടികള്‍ കിലുങ്ങി ചിരിച്ച്‌കൊണ്ട് കല്‍പ്പിക്കുന്നു. തകാ എന്ന മലയാള വാക്കിനു യോജിച്ചതല്ല, ഉചിതമല്ല എന്നൊക്കെ അര്‍ഥമുണ്ട്. അത് പ്രകാരം യോജിക്കാത്ത പദങ്ങള്‍ വച്ച് നിര്‍മ്മിക്കുന്ന (രചിക്കുകയല്ല) കവിതകള്‍ അമേരിക്കന്‍ മലയാളി തിരസ്‌കരിക്കാനുള്ള സകല സാദ്ധ്യതയും തെളിയുന്നു. കവികള്‍ കവിത നിര്‍ത്തി ഇനി അവരവരുടെ ജോലികളില്‍ ഉത്സുകരാകുന്നത് ഉത്തമം എന്നും കാണുന്നു. ജോലിയില്‍ നിന്ന് വിരമിച്ചവരെങ്കില്‍ ഈശ്വരനാമം ജപിക്കുകയോ, ആള്‍ ദൈവങ്ങള്‍ക്കു അത് വരെ സമ്പാദിച്ച പണം നല്‍കുകയോ അല്ലെങ്കില്‍ നന്മകള്‍ ചെയ്ത് കൊണ്ട് വിശ്രമജീവിതം തുടരുക യോ ചെയ്യാം.
ആരോഗ്യം അനുവദിക്കുമെങ്കില്‍ അല്ലറ ചില്ലറ പ്രേമത്തില്‍ എര്‍പ്പെടാം. അതിനായി ഇമലയാളിയില്‍ ഒരു പരസ്യം കൊടുക്കാം. ആയുര്‍വേദ പ്രകാരം പ്രണയം അഗ്നിയാണു. വാര്‍ധക്യസഹജമായ അസുങ്ങള്‍അതു മാറ്റിതരും. എല്ലാ രോഗങ്ങളും ആ അഗ്നിയില്‍ ദഹിക്കും. പാശ്ചാത്താപം പ്രായശ്ചിത്യമെന്നാണല്ലോ ചൊല്ല്. ഇതു വരെ ജനങ്ങളെ കവിത കൊണ്ട് ഉപദ്രവിച്ചതിനു കര്‍ത്താവിനോടോ, ഭഗവാനോടോ, അള്ളയോടൊ ക്ഷമ യാചിക്കുന്നതും നല്ലതാണു. കാല്‍പ്പനിക കവികള്‍ക്ക് ഇനിയും നശിക്കാത്ത പുണ്യമുണ്ടെന്നും അവരെ വായിക്കാന്‍ വളരെ കുറച്ച് പേര്‍ ഇപ്പൊഴുമുണ്ടെന്ന് പ്രശ്‌നവശാല്‍ തെളിയുന്നുണ്ട്. ശശിയുടെ ഒരു നോട്ടം ഉള്ളത്‌കൊണ്ട് നക്ഷത്രങ്ങള്‍ക്കും സൂര്യനും താഴെ പറക്കുന്ന പക്ഷികള്‍ പൈങ്കിളികളാണെന്ന ഒരു ദുഷ്‌പേരും അവര്‍ക്ക് വന്നു ഭവിക്കും.

ലേകന്മാര്‍ - എന്തും കണ്ടാലും കേട്ടാലും പ്രതികരിക്കുന്ന അമേരിക്കന്‍ മലയാളികളില്‍ ചിലര്‍ കണ്ടു പിടിച്ച ഒരു സൂത്രമത്രെ ലേനമെഴുത്ത്. ഒരു എഴുത്തുകാരന്‍ എന്ന പദവി അലങ്കരിച്ച് നടക്കുകയെന്നത്് ഭാവാധിപനായ ഒരു സര്‍ഗ്ഗഗ്രഹത്തിന്റെ പ്രത്യക്ഷപ്പെടല്‍ മൂലമാണെന്ന് കാണുന്നു. അദ്ദേഹത്തിന്റെ നൂതനാശയങ്ങളും ഭാഷയും കോപ്പിയടിച്ച് തങ്ങള്‍ക്ക് വലിയവരാകാം ആ ഗ്രഹത്തെ ചെറിയ അല്ലെങ്കില്‍ കുറിയ കുതന്ത്രങ്ങളാല്‍ ഒതുക്കാമെന്നും ചിലര്‍ കണ്ടെത്തി കഴിഞ്ഞെന്ന് പ്രശ്‌നവശാല്‍ തെളിയുന്നു. വല്ലതും ചുമ്മാ കുത്തിക്കുറിച്ചിരുന്നവര്‍, പേന കൈ കൊണ്ട് തൊടാത്തവര്‍ ആ ഗ്രഹത്തിന്റെ തിളക്കം കണ്ട് ഒരു കൈ നോക്കാന്‍ മുന്നോട്ട് വന്നു. അത്‌വരെ റിയല്‍ എസ്‌റ്റെയിറ്റും, പള്ളികാര്യങ്ങളുമായി നടന്നവര്‍ ഒരു സുപ്രഭാതത്തില്‍ പത്രതാളില്‍ അയല്‍പക്കകാരന്റെ പടം കാണുകയും ഓന്‍ ലൈനില്‍ നിന്നും ധാരാളം വിവരങ്ങള്‍ ശേരിക്കാന്‍ എളുപ്പമായപ്പോള്‍ എഴുതാന്‍ പേനയെടുത്തത് വെറുതെയായില്ലെന്നും അവര്‍ക്കൊക്കെ ചവറു് ഗ്രഹങ്ങളുടെ സ്വാധീനം 'ക്ഷ'' യുണ്ടെന്നും വളരെ വ്യക്തമായി തെളിയുന്നു. ലേകന്മാരുടെ എണ്ണവും വളരെ കൂടുമെന്നും വേറൊരാള്‍ എഴുതുന്നത് നോക്കി അതേ സ്‌റ്റൈയിലില്‍ കോപ്പിയടുിക്കുന്നവര്‍ക്കും കയ്യടി കിട്ടുമെന്നുമുള്ളത് കലി കാലത്ത് ഗ്രഹങ്ങള്‍ക്ക് സംഭവിക്കുന്ന ക്ഷയം മൂലമാണെന്നും ഈ ക്ഷയം അമേരിക്ക തുടങ്ങിയ വിദേശ രാജ്യങ്ങളിലേക്ക് പരശുരാമ ക്ഷേത്രത്തില്‍ നിന്നും കുടിയേറിയവരില്‍ ധാരാളമായി കാണുമെന്നും രാശികള്‍ വെളിപ്പെടുത്തുന്നു. അതിനു കാരണം നിന്നെയൊന്നും ഞങ്ങള്‍ അംഗീകരിക്കില്ലെന്ന മലയാളിയുടെ മൂരാച്ചിതരമത്രെ. നന്നായി ലേനമെഴുതുന്നവരെ അങ്ങനെ നീ അഹങ്കരിക്കൊന്നും വേണ്ട ഇതൊക്കെ എല്ലാവര്‍ക്കും സാധിക്കുമെന്ന പുച്' മനോഭാവം ഇത്തരക്കാരില്‍ വളരെ കൂടുമെന്നും ഈ വര്‍ഷത്തെ വിഷു ഗ്രഹങ്ങള്‍ സൂചന തരുന്നു.

നിരൂപകന്മാര്‍: നിരൂപണമെന്നാല്‍ ആ നായരു് പറഞ്ഞത് മാത്രം ശരിയെന്ന്് വിശ്വസിക്കുന്ന പാവത്താന്മാരുടെ എണ്ണം കൂടും. പലരും ജീവിതത്തില്‍ ആദ്യമായി വായിച്ച നിരൂപണം അതായിരുന്നത്‌കൊണ്ട് അങ്ങനെ സംഭവിക്കുമെന്നുള്ളത് വിധി. തന്മൂലം എഴുത്തുകാരെ ചീത്ത വിളിക്കുന്നത് ഉത്തമ നിരൂപണമെന്ന് ഉറപ്പിച്ച് അവര്‍ ചില കടുംകൈകള്‍ ചെയ്യാന്‍ ഒരുങ്ങുമെന്നും കാണുന്നു. തന്നെയുമല്ല നിരൂപണം വളരെ എളുപ്പമുള്ള ഒന്നാണെന്നും ഒരാള്‍ നിരൂപണം എഴുതിയാല്‍ അതേപോലെ ആര്‍ക്കും പകര്‍ത്താന്‍ കഴിയുമെന്നും ചിലര്‍ തെളിയിച്ചിട്ടുണ്ടെന്നും തെളിയിക്കുമെന്നും കാണുന്നു. ഇവിടെ നിരൂപണമില്ലെന്ന ഒരു മുറവിളി ഒരാള്‍ എപ്പോഴും ഉയര്‍ത്തുമെന്നും അതു മൂലം അദ്ദേഹത്തിന്റെ സ്വരത്തിനു സ്വതവെഉണ്ടായിരുന്ന സ്രൈ്തണത കൂടുമെന്നും എന്നാല്‍ അദ്ദേഹത്തിനു സകല പിന്‍തുണയും പ്ര്യാപിച്ച്‌കൊണ്ട് കുറെ പേര്‍ അണിനിരക്കുമെന്നും കാണുന്നു. മറ്റുള്ളവര്‍ക്കുള്ള സര്‍ഗ്ഗ ശക്തിയും രചനാ പാടവവും കോപ്പിയടിച്ചും, അപ്പടി പകര്‍ത്തിയും സ്വയം സാഹിത്യകാരന്‍ ആകാന്‍ ശ്രമിക്കുന്നവരുടെ എണ്ണം ക്രമാധികം വര്‍ദ്ധിക്കാന്‍ സാദ്ധ്യതകള്‍ ഉണ്ട്. വായിക്കാതെ അഭിപ്രായം പറയാന്‍ കഴിവുണ്ടെന്ന് നടിക്കുന്നവരുടെ എണ്ണം കൂടുമെന്നുള്ളത്‌കൊണ്ട് രചനകള്‍ നല്ലതായാലും ചീത്തയായാലും ശ്രദ്ധിക്കപ്പെടുകയില്ല. അര്‍ഹതയില്ലാത്ത എഴുത്തുകാരുടെ എണ്ണം കൂടി ഇതു വരെ അരപ്രാണനില്‍ കഴിയുന്ന അമേരിക്കന്‍ മലയാള സാഹിത്യം ചരമം പ്രാപിക്കുമെന്നും കാണുന്നു. ഇതിനു തല്‍ക്കാലം പ്രതിവിധിയൊ പരിഹാരമോ ഇല്ല.

വായനക്കാര്‍: പഠിക്കുന്ന കാലത്ത് ഞങ്ങള്‍ വായിച്ചിട്ടില്ല എന്നിട്ടല്ലെ നിന്റെയൊക്കെ ക്രുതികള്‍ വായിക്കുന്നത് എന്ന പുച്' മനോഭാവം പലരിലും ഉണ്ടാകും. 'കണ്ടു വായിച്ചില്ല'' എന്ന ഭംഗി വാക്ക് കൊണ്ട് അവര്‍ എല്ലാ എഴുത്തുകാരേയും അവഹേളിക്കും. 'തട്ടി കൊടുക്ക്, ആരു വായിക്കാന്‍'' എന്ന് രണ്ട് പതിറ്റാണ്ട് മുമ്പ് ഒരു ത്രുശ്ശൂര്‍കാരന്‍ പറഞ്ഞതിനു ഇപ്പോഴും പ്രസക്തിയുണ്ടാകും. രാജയോഗമുള്ളവര്‍ കൊല്ലാന്‍ പറഞ്ഞാലും വളര്‍ത്താന്‍ പറഞ്ഞാലും അത് അക്ഷരം പ്രതി അനുസരിക്കുന്നവര്‍ എഴുത്തുകാരേയും അതെ അളവു കോല്‍ കൊണ്ട് അളക്കും. അവരെ പാദസേവകര്‍ എന്ന് വിളിക്കുന്നത് അവര്‍ക്കിഷ്ടമാകുകയില്ല. പ്രബുദ്ധരായ വായനകാരുടെ എണ്ണം പതിന്മടങ്ങ് കുറഞ്ഞ് വരുകയും ഓരോ ക്രുതികളും ശ്രദ്ധാപൂര്‍വ്വം വായിച്ച് അവര്‍ എഴുതുകയും പറയുകയും ചെയ്യുന്നത്് പുറംചൊറിയല്‍ എന്ന് പറഞ്ഞ് പുറം തള്ളപ്പെടുകയും ചെയ്യും.

പ്രതികരിക്കുന്നവര്‍: ഉള്ളിലെ മോഹങ്ങള്‍ പറയണം അത് കേള്‍ക്കേണ്ടവര്‍ കേള്‍ക്കണം. എന്നാല്‍ അതിനുത്തരവാദിത്വമെടുക്കാന്‍ തയ്യാറില്ലാത്തവരുടെ എണ്ണവും കൂടുമെന്നു കാണുന്നു. മറഞ്ഞിരുന്ന് ഒരാളെ തേജോവധം ചെയ്യാനുള്ള ദുര്‍വ്വാസന ചിലരില്‍ ജന്മസിദ്ധമായി ഉള്ളത് പ്രകടിപ്പിക്കാന്‍ അവര്‍ക്ക് ധാരാളം അവസരം ഈ വര്‍ഷം ലഭിക്കുമെന്ന് കാണുന്നുണ്ട്. സ്വന്തം പേരു പറയാന്‍ പേടിയില്ലെന്നു സ്വന്തം പേര്‍ മറച്ച് വച്ച്‌കൊണ്ട് ധീരധീരം ചിലരൊക്കെ എഴുത്തിലൂടെ അവരുടെ ശൂരത്വം പ്രകടിപ്പിക്കും. നല്ല പ്രതികരണങ്ങള്‍ മറുപേരില്‍ എഴുതിയാലും വിരോധമില്ലെന്നു എഴുത്തുകാരും സമ്മതിക്കുമെന്നും കാണുന്നു. നല്ല പ്രതികരണം എന്നാല്‍ പുറം ചൊറിയല്‍ എന്നല്ലെന്നും ക്രുതികളെ കുറിച്ചുള്ളവയെന്നും എഴുത്തുകാര്‍ അടിവരയിട്ട് പറയുമെന്നും രാശികള്‍ മന്ത്രിക്കുന്നു. സാഹിത്യരചനകളേക്കാള്‍ മതം വളരെ പ്രിയമുള്ളതാക്കുമെന്നും, മതത്തിന്റെ പേരില്‍ സമയം നഷ്ടപ്പെടുത്തി വ്യക്തിവൈരാഗ്യങ്ങള്‍ക്ക് വരെ അത് വഴി തെളിയിക്കുമെന്നുള്ള അപകട സൂചനയുമുണ്ട്. മതത്തെയോ, ദൈവത്തെയോപ്പറ്റി ആരൊക്കെ വഴിക്കിട്ടാലും, തമ്മില്‍ തല്ലിയാലും, കൊന്നാലും ദൈവം അനങ്ങുകയില്ലെന്ന ദു: സത്യവും സത്യമായി തെളിയുന്നു. ദൈവത്തിനു ചുറ്റും കറങ്ങുന്ന ഗ്രഹങ്ങള്‍ക്ക് പറയാനുള്ളത് ' ഹേ മനുഷ്യാ ദൈവത്തിനു വേണ്ടി വക്കാലത്ത് പിടിക്കാനും ചാവാനും കൊല്ലാനും നടക്കുന്ന നിനക്ക് വേറെ പണിയൊന്നുമില്ലേ'' എന്നത്രെ.

നേതാക്കള്‍ : ഇവരുടെ ഭാവി 'ആരറിവു നിയതി തന്‍ ത്രാസ് പൊങ്ങുന്നതും താനെ താണുപോകതും എന്നു പറഞ്ഞപോലെയായിരിക്കും. അമേരിക്കന്‍ പൗരനായി, ഇവിടത്തെ സോഷ്യല്‍ സെക്യുരിറ്റി അല്ലെങ്കില്‍ അതെപോലെയുള്ള ആനുകൂല്യങ്ങള്‍ അനുഭവിക്കുമ്പോഴും 'ഭാരത് മാതാകി ജയ്'' എന്ന് അവര്‍ ഉറക്കെ വിളിക്കും. സ്ഥാനമാനങ്ങല്‍ ചൊല്ലി കലഹിച്ച് നാണം കെട്ട് ചിലര്‍ നടക്കും. എല്ലാവര്‍ക്കും നാട്ടിലെ പട്ടിണി മാറ്റാനും, അവിടെയുള്ളവര്‍ക്ക് വീട് വച്ച് കൊടുക്കാനും അതിയായ മോഹമുണ്ടാകും, പക്ഷെ പടം പത്രങ്ങളില്‍ വരണമെന്ന നിര്‍ബന്ധവുമുണ്ടായിരിക്കും. ധാരാളം സംഘടനകള്‍ പ്രതിദിനം അവര്‍ സ്രുഷിടിച്ച് കൊണ്ടിരിക്കും. സ്രുഷ്ടി, സ്ഥിതി, സംഹാരം എന്ന മൂന്നു ചക്രഗതി ഇവരുടെ കൈകളിലായിരിക്കും. സമൂഹത്തിനു ഇവര്‍ ദ്രോഹമൊന്നും ചെയ്യുകയില്ലെങ്കിലും സഹായം കാര്യമായി ചെയ്യാന്‍ ഇവര്‍ പ്രാപ്ര്തരല്ല. ജയ് വിളിക്കാനും, നാട്ടില്‍ നിന്നും വരുന്നവര്‍ക്ക് വിരുന്നൊരുക്കാനും ഉത്സാഹം കാണിക്കും.

തഥാസ്തു

Join WhatsApp News
Reader 2025-04-15 12:36:56
American Malayali"s criticism of literary works is limited in writing comments and abusing the writer personally.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക