Image

ലഖ്‌നൗ ലോക്ബന്ധു ആശുപത്രിയില്‍ വന്‍ തീപിടിത്തം ; ആർക്കും പരിക്കില്ലെന്ന് പ്രാഥമിക നിഗമനം

Published on 15 April, 2025
ലഖ്‌നൗ ലോക്ബന്ധു ആശുപത്രിയില്‍ വന്‍ തീപിടിത്തം ; ആർക്കും പരിക്കില്ലെന്ന് പ്രാഥമിക നിഗമനം

ലഖ്‌നൗ: ഉത്തര്‍പ്രദേശ് ലഖ്‌നൗവിലെ ലോക്ബന്ധു ആശുപത്രിയില്‍ വന്‍ തീപിടിത്തം. അപകടത്തെ തുടര്‍ന്ന് ഇരുന്നൂറോളം രോഗികളെയും ജീവനക്കാരെയും ആശുപത്രിയില്‍ നിന്നും മാറ്റി. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം. അപകട വിവരമറിഞ്ഞ് ഉടന്‍ സ്ഥലത്തെത്തിയ അഗ്നിശമന സേന തീ നിയന്ത്രണവിധേയമാക്കി.

ആശുപത്രിയുടെ താഴത്തെ നിലയിലാണ് തീപിടിത്തമുണ്ടായതെന്നാണ് വിവരം. പുക ഉയരുന്നത് കണ്ടതോടെ ആശുപത്രി ജീവനക്കാര്‍ ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു. ഗുരുതരമായ അവസ്ഥയില്‍ കഴിയുന്ന രോഗികളെ തൊട്ടടുത്ത ആശുപത്രിയിലേക്ക് മാറ്റി.

ഉടനടി തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് പ്രാഥമിക നിഗമനമെന്ന് ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി ബ്രിജേഷ് പഥക് സംഭവ സ്ഥലം സന്ദര്‍ശിച്ച് സ്ഥിരീകരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. തൊട്ടടുത്ത ആശുപത്രിയിലേക്ക് മാറ്റിയ രോഗികളില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. ഇവരെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക