ചെന്നൈ: സംസ്ഥാനം എന്ന നിലയിൽ കേന്ദ്ര സർക്കാരിനോട് സ്വയംഭരണാവകാശം ആവശ്യപ്പെടാൻ തമിഴ്നാട് തയാറെടുക്കുന്നു. ഇതിനുള്ള നടപടികൾ നിർദേശിക്കുന്നതിന് വിരമിച്ച സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫിന്‍റെ അധ്യക്ഷതയിൽ ഉന്നതതല സമിതിയും രൂപീകരിച്ചു.
സംസ്ഥാന സർക്കാരിന്‍റെ അവകാശങ്ങൾ സംരക്ഷിക്കുകയും കേന്ദ്ര സർക്കാരുമായുള്ള പ്രവർത്തന ബന്ധം മെച്ചപ്പെടുത്തുകയുമാണ് ലക്ഷ്യമെന്ന് വിശദീകരണം. സംസ്ഥാന പട്ടികയിൽനിന്നു കൺകറന്‍റ് പട്ടികയിലേക്കു മാറ്റിയ വിഷയങ്ങൾ തിരിച്ചുകിട്ടാനുള്ള മാർഗങ്ങളും ആരായും.
മുതിർന്ന സർക്കാർ ഉദ്യോസ്ഥരായി വിരമിച്ച അശോക് ഷെട്ടി, മു. നാഗരാജൻ എന്നിവരും കുര്യൻ ജോസഫിന്‍റെ സമിതിയിൽ അംഗങ്ങളാണ്.
രാജ്യത്തിന്‍റെ പരമാധികാരത്തെ ബാധിക്കാത്ത തരത്തിൽ ഭരണഘടനാ വ്യവസ്ഥകൾ ഉപയോഗിച്ച് സ്വയംഭരണാവകാശം നേടിയെടുക്കുന്നത് പരിശോധിക്കുകയാണ് ഇവരുടെ ചുമതല.
2026 ജനുവരിയിൽ സമിതി ഇടക്കാല റിപ്പോർട്ടും 2028ൽ അന്തിമ റിപ്പോർട്ടും സമർപ്പിക്കണമെന്നാണ് സംസ്ഥാന സർക്കാർ നിർദേശിച്ചിരിക്കുന്നത്. തമിഴ്നാടിന്‍റേതു മാത്രമല്ല, രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നിയമസഭയിൽ പ്രഖ്യാപിച്ചു.
ഇതേസമയം സ്വയംഭരണ അവകാശം പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചു. സംസ്ഥാനത്തിന്റെ അവകാശങ്ങൾ കവരുന്നതിനെതിരായ പോരാട്ടം ശക്തമാക്കുമെന്ന് പറഞ്ഞ സ്റ്റാലിൻ ഭാഷയും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പ്രമേയവും സഭയിൽ അവതരിപ്പിച്ചു.
തമിഴ്നാട് ഗവർണർ ആർ.എൻ. രവിയും സംസ്ഥാന സർക്കാരുമായുള്ള സംഘർഷം തുടരുന്ന പശ്ചാത്തലത്തിലാണ് പുതിയ നീക്കം. നിയമസഭ പാസാക്കിയ 10 ബില്ലുകളിൽ ഗവർണർ ഇനിയും ഒപ്പുവച്ചിട്ടില്ല.