ബലാത്സംഗ കേസുകളിൽ അലഹബാദ് ഹൈക്കോടതി അടുത്തിടെ നടത്തിയ "ആക്ഷേപകരമായ" പരാമർശങ്ങളിൽ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത കേസിൽ കുറ്റാരോപിതനായ ഒരാൾക്ക് ജാമ്യം അനുവദിച്ച അലഹബാദ് ഹൈക്കോടതിയുടെ സമീപകാല ഉത്തരവിനെതിരെ സുപ്രീം കോടതി ഖേദം പ്രകടിപ്പിച്ചു, കൂടാതെ സ്ത്രീ "സ്വയം കുഴപ്പങ്ങൾ ക്ഷണിച്ചുവരുത്തി" എന്ന് പറഞ്ഞ പ്രസ്ഥാവനയിൽ ഞെട്ടലും രേഖപ്പെടുത്തി.
പ്രായപൂർത്തിയാകാത്ത ഒരാളുടെ മാറിടത്തിൽ പിടിക്കുന്നത് ബലാത്സംഗമായി കണക്കാക്കാനാവില്ലെന്ന അലഹബാദ് ഹൈക്കോടതിയുടെ മറ്റൊരു ഉത്തരവിനെതിരെ, മാർച്ച് 17 ന് സ്വമേധയാ സമർപ്പിച്ച കേസ് പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതിയുടെ പരാമർശങ്ങൾ. വിവാദ ഉത്തരവ് സുപ്രീം കോടതി ഇതിനകം താൽക്കാലികമായി നിർത്തിവച്ചിട്ടുണ്ട്.
"ഇപ്പോൾ മറ്റൊരു ജഡ്ജിയുടെ മറ്റൊരു ഉത്തരവ് കൂടിയുണ്ട്. അതെ, ജാമ്യം അനുവദിക്കാം... പക്ഷേ, അവർ തന്നെ കുഴപ്പങ്ങൾ ക്ഷണിച്ചുവരുത്തിയ ഈ ചർച്ച എന്താണ്? അത്തരം കാര്യങ്ങൾ പറയുമ്പോൾ ശ്രദ്ധിക്കണം, പ്രത്യേകിച്ച് ഈ വശത്ത് (ജഡ്ജിമാർ). ..." ജസ്റ്റിസുമാരായ ബി.ആർ. ഗവായിയും എ.ജി. മാസിഹും അടങ്ങുന്ന ബെഞ്ച് പറഞ്ഞു.