മുഖ്യമന്ത്രി പിണറായി വിജയന്റെ മനസാക്ഷി സൂക്ഷിപ്പുകാരനും വിവിധ കേസുകളിലൂടെ വിവാദം സൃഷ്ടിച്ച എ.ഡി.ജി.പിയുമായ എം.ആര്‍ അജിത് കുമാര്‍ വീണ്ടും ഗുരുതരമായൊരു കേസിലകപ്പെടാന്‍ പോകുന്നു. പ്രമാദമായ മലപ്പുറം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഇന്റലിജന്‍സ് മേധാവിയും അഴിമതി വിരുദ്ധനും കേരള പോലീസിലെ സര്‍വസമ്മതനുമായ പി വിജയനെതിരെ കള്ളമൊഴി നല്‍കിയതിന്, എം.ആര്‍ അജിത് കുമാറിനെതിരെ കേസെടുക്കാമെന്ന് ഡി.ജി.പി ഷെയ്ക് ദര്‍വേഷ് സാഹിബ് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയിരിക്കുകയാണ്.
കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസുമായി പി വിജയന് ബന്ധമുണ്ടെന്ന് മപ്പുറം മലപ്പുറം മുന്‍ എസ്.പി സുജിത് ദാസ് തന്നോട് പറഞ്ഞെന്നായിരുന്നു പിണറായിയുടെ തണലില്‍ സൂപ്പര്‍ ഡി.ജി.പി കളിക്കുന്ന അജിത് കുമാറിന്റെ മൊഴി. പി.വി അന്‍വര്‍ നിലമ്പൂര്‍ എം.എല്‍.എ ആയിരിക്കെ നല്‍കിയ പരാതിയിലായിരുന്നു മൊഴി നല്‍കിയത്. എ.ഡി.ജി.പി അജിത് കുമാര്‍ വാക്കാല്‍ മാത്രമല്ല സ്റ്റേറ്റ്‌മെന്റ് ഒപ്പിട്ട് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് സുജിത് ദാസ് പിന്നീട് വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ഈ ആരോപണം അടിസ്ഥാനരഹിതമാണെന്നും നിയമനടപടി സ്വീകരിക്കണമെന്നും പി വിജയന്‍ ഡി.ജി.പിക്ക് പരാതി നല്‍കി. ഡി.ജി.പി നടത്തിയ അന്വേഷണത്തില്‍ അജിത് കുമാറിന്റെ മൊഴി പച്ചക്കള്ളമാണെന്ന് കണ്ടെത്തി.
വളരെ ഉത്തരവാദിത്വമുള്ള ഓഫീസറും സംസാഥാന പോലീസ് സേനയില്‍ തന്ത്രപ്രധാനമായ പദവിയിലുരിക്കുന്ന വ്യക്തിയുമായ അജിത് കുമാര്‍ അതേ സേനയിലെ മറ്റൊരു സീനിയര്‍ ഓഫീസര്‍ക്കെതിരെയാണ് മെഴി ഒപ്പിട്ടു നല്‍കിയത്. വ്യാജമൊഴി നല്‍കിയത് ക്രിമിനല്‍ കുറ്റമെമാണന്ന് അഭിപ്രായപ്പെ ഡി.ജി.പി ഷെയ്ക് ദര്‍വേഷ് സാഹിബ്, അജിത് കുമാറിനെതിരെ സിവിലായും ക്രിമിനലായും കേസെടുക്കാമെന്നാണ് മുഖ്യമന്ത്രിയോട് ശുപാര്‍ശ ചെയ്തിരിക്കുന്നത്. എന്നാല്‍ കേസെടുക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഇതുവരെയും തീരുമാനമെടുത്തിട്ടില്ലെന്ന് മാത്രമല്ല, ഡി.ജി.പി ഷെയ്ക് ദര്‍വേഷ് സാഹിബ് വരുന്ന ജൂണ്‍ 30-ന് വിരമിക്കാനിരിക്കെ എം.ആര്‍ അജിത്കുമാറിനെ വീണ്ടും ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയാക്കാന്‍ നീക്കം തുടങ്ങിയിരിക്കുകയാണ്.
അതേസമയം, അജിത്കുമാറിനെതിരെ ഡി.ജി.പി ഇപ്പോള്‍ നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ടിനു മുകളില്‍ മുഖ്യമന്ത്രി ഏതെങ്കിലും തരത്തിലുള്ള നടപടി സ്വീകരിക്കുമെന്നു പ്രതീക്ഷിക്കുന്നുണ്ടെങ്കില്‍ അത് വെറും വിഡ്ഢിത്തം മാത്രമാണെന്നാണ് മുന്‍ എം.എല്‍.എ പി.വി അന്‍വര്‍ പ്രതികരിച്ചത്. മുന്‍ അനുഭവങ്ങള്‍ പരിശോധിച്ചാല്‍ എം.ആര്‍ അജിത്കുമാര്‍ എന്ന വ്യക്തി മുഖ്യന്ത്രിയുടെ പോറ്റുമകനാണെന്ന് വ്യക്തമാകുമെന്നും അജിത്ത് കുമാറിന്റെ സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് താന്‍ കൈമാറിയ പ്രധാനപ്പെട്ട രേഖകള്‍ ഒന്നും പരിശോധിക്കപ്പെട്ടിട്ടില്ലെന്നും അന്‍വര്‍ പറഞ്ഞു.
ഇന്ത്യയില്‍ ആര്‍ക്കെങ്കിലും എതിരെ ഒരു കേസെടുക്കാന്‍ എസ്.എച്ച്.ഒയ്ക്ക് (സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍) അധികാരമുണ്ട്. അതിന് മുഖ്യമന്ത്രിയുടെയോ സര്‍ക്കാരിന്റെയോ അനുവാദം വേണമെന്നില്ല. രാഷ്ട്രപതി, ഉപരാഷ്ട്രപതി, സംസ്ഥാന ഗവര്‍ണര്‍മാര്‍ എന്നിവരെയൊഴിച്ച് പ്രധാനമന്ത്രി ഉള്‍പ്പെയുള്ളവര്‍ക്കെതിരെ ഒരു എസ്.എച്ച്.ഒയ്ക്ക് കേസെടുക്കാനുള്ള അധികാരം ഇന്ത്യയിലിന്ന് നിലവിലുണ്ട്. അതുകൊണ്ട് എ.ഡി.ജി.പി അജിത്കുമാറിനെതിരെ കേസെടുക്കാന്‍ യാതൊരു നിയമതടസ്സവുമില്ലെന്ന് ഡി.ജി.പി മുഖ്യമന്ത്രിയ്ക്ക് കൊടുത്ത റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. സ്വര്‍ണക്കടത്തുമായി ബന്ധമുള്ള കോഴിക്കോട്ടെ മാമിയുടെ തിരോധാനം, റിതാ ബാസലിന്റെ കാലപാതകം, തൃശ്ശൂര്‍പ്പൂരം കലക്കല്‍, ആര്‍.എസ്.എസ് നേതാക്കളായ ദത്താത്രേയ ഹൊസബാളെ, രാം മാധവ്, വത്സന്‍ തില്ലങ്കേരി തുടങ്ങിയവരുമായുള്ള കൂടിക്കാഴ്ച, അനധികൃത സ്വത്തു സമ്പാദനം തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് അജിത് കുമാറിനെതിരെയുള്ളത്.
ഏതായാലും എം.ആര്‍ അജിത്കുമാറിനെ സംബന്ധിച്ചിടത്തോളം കാര്യങ്ങള്‍ ഒട്ടും ഗുണകരമല്ല. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കരന്റെ അവസ്ഥ എന്തായെന്ന് നമുക്കറിയാം. തിരുവനന്തപുരം എയര്‍പോര്‍ട്ടിലെ ഡിപ്ലോമാറ്റിക് ചാനല്‍ വഴിയുള്ള സ്വര്‍ണ്ണക്കടത്തു കേസില്‍ എം ശിവശങ്കരനെതിരെ കേന്ദ്ര ഏജന്‍സികളായ ഇ.ഡിയും എസ്.എഫ്.ഐ.ഒയും നടപടിയുമായി രംഗത്തു വരുമെന്നാണ് അറിയുന്നത്. മുഖ്യമന്ത്രിയുടെ വിശ്വസ്തനായിരുന്നു എന്‍ ശിവശങ്കരന്‍. മറ്റൊരു വിശ്വസ്തനായ മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കിഫ്ബി സി.ഇ.ഒയുമായ കെ.എം ഏബ്രഹാമും കുരുക്കില്‍ പെട്ടിരിക്കുകയാണ്. വരവില്‍ കവിഞ്ഞ സ്വത്തു സമ്പാദിച്ചെന്ന പൊതു താത്പര്യ വ്യവഹാരി ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ പരാതിയില്‍ കെ.എം എബ്രഹാമിനെതിരെ കേരള ഹൈക്കോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്.
കെ.എം എബ്രഹാമിന്റെ കാര്യം പരുവക്കേടിലാണ്. ഇങ്ങനെ പിണറായി വിജയന്റെ ഇഷ്ടക്കാരായവരെല്ലാം ഒന്നിനു പുറകെ ഒന്നായി പ്രമാദമായ കേസുകളില്‍ പെട്ടുകൊണ്ടിരിക്കുകയാണ്. എ.ഡി.ജി.പി എം.ആര്‍ അജിത്കുമാറിനെതിരെയുള്ള കേസുകളിലൊന്ന് കോഴിക്കോട്ടെ മാമിയുടെ തിരോധാനമാണ്. നഗരത്തിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് ഇടനിലക്കാരനായ ബാലുശ്ശേരി എരമംഗലം ആട്ടൂര്‍ ഹൗസില്‍ മുഹമ്മദ് ആട്ടൂര്‍ (57) എന്ന മാമിയെ 2023 ഓഗസ്റ്റ് 22-ന് ഉച്ചയ്ക്കുശേഷമാണ് കാണാതാവുന്നത്. താമസസ്ഥലമായ കോഴിക്കോട് വൈ.എം.സി.എ. ക്രോസ് റോഡിലുള്ള നക്ഷത്ര അപ്പാര്‍ട്ട്‌മെന്റില്‍നിന്ന് 21-നാണ് അദ്ദേഹം ഇറങ്ങിയത്. തലക്കുളത്ത് വരെ മൊബൈല്‍ ടവറിലുണ്ടായിരുന്നു. പിന്നീട് അപ്രത്യക്ഷനായി. ഈ സംഭവത്തില്‍ എം.ആര്‍ അജിത്കുമാറിന് പങ്കുണ്ടെന്ന് അന്ന് കേസന്വേഷണം നടത്തിയ മലപ്പുറം എസ്.പി സുജിത് ദാസ് അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമാക്കിയിരുന്നു.
ഗള്‍ഫില്‍ പോയി മടങ്ങി വന്ന മാമി 300 കോടി രൂപയുടെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ നടത്തിയിരുന്നു. തുടര്‍ന്നാണ് ഇയാളെ കാണാതാവുന്നത്. മാമി തിരോധാന കേസില്‍ അജിത്കുമാര്‍ അനാവശ്യമായി ഇടപെടുകയും കേസ് വഴിതിരിച്ച് വിടുകയും ചെയ്തതുകൊണ്ടാണ് അന്വേഷണം വഴി മുട്ടിയത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട മാമി കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരുന്നു. മാറിയെ കൊലപ്പെടുത്തിയെന്നാണ് കരുതുന്നത്.
എ.ഡി.ജി.പി അജിത് കുമാറിനെതിരെയുള്ള മറ്റൊരു കേസ് സ്വര്‍ണ്ണക്കടത്തുകാരന്‍ റിതാന്‍ ബാസിലിന്റെ കൊലപാതകമാണ്. ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന റിതാന്‍ ബാസില്‍ തന്റെ ജ്യേഷ്ഠനോട്, സ്വര്‍ണക്കടത്തു സംബന്ധിച്ച സകല രേഖകളും തന്റെ പക്കല്‍ ഉണ്ടെന്ന് പറഞ്ഞിരുന്നു. ജ്യേഷ്ഠന്റെ നാവില്‍ നിന്ന് ഈ വിവരം എങ്ങനെയോ ചോര്‍ന്നു. 2023 ഏപ്രില്‍ മാസം ഇവരുടെ പരിചയക്കാരനായ മുഹമ്മദ് ഷാന്‍ റിതാനെ വീട്ടില്‍ നിന്ന് വിളിച്ചു കൊണ്ടു പോയി. പിന്നീട് രണ്ടാഴ്ചത്തേയ്ക്ക് റിതാന്‍ ബാസിലിന്റെ യാതൊരു വിവരവുമില്ലായിരുന്നു.
രണ്ടാഴ്ച കഴിഞ്ഞ് വീടിന്റെ സമീപമുള്ള ഒരു കുന്നിന്‍ മുകളില്‍ 24 കാരനായ റിതാന്റെ മൃതദേഹം വെടിയുണ്ടകളേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. റിതാനെ വീട്ടില്‍ നിന്ന് വിളിച്ചു കൊണ്ടുപോയ മുഹമ്മദ് ഷാന്റെ വീടിന്റെ പിന്‍വശത്തുള്ള വിറകുപുരയില്‍ നിന്ന് റിതാനെ കൊലപ്പെടുത്താനുപയോഗിച്ച തോക്ക് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെടുക്കുകയും ചെയ്തു. തൃശൂര്‍, കൊടകര, മാള സ്വര്‍ണക്കടത്ത് കേസുകളില്‍ പ്രതിയായ റിതാന്‍ ജാമ്യത്തിലിറങ്ങിയ സമയത്താണ് കൊല്ലപ്പെട്ടത്. റിതാന്‍ വധക്കേസില്‍ മുഹമ്മദ് ഷാന്‍ അടക്കം എട്ട് പേരെ അറസ്റ്റ് ചെയ്‌തെങ്കിലും ആരും കുറ്റം സമ്മതിച്ചില്ല. ഈ കേസില്‍ എം.ആര്‍ അജിത്കുമാര്‍ ഇടപെട്ടതിനെ തുടര്‍ന്ന് അന്വേഷണം എങ്ങുമെത്തിയില്ല.
അജിത്കുമാര്‍ ഒരു സ്ഥിരം പ്രശ്‌നക്കാരനാണെന്ന് ഇദ്ദേഹത്തിന്റെ കരിയര്‍ ഗ്രാഫ് പരിശോധിച്ചാല്‍ മനസിലാവും. ഡിപ്ലോമാറ്റിക് ചാനല്‍ വഴിയുള്ള പ്രമാദമായ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിനെ അനുനയിപ്പിക്കാന്‍ ഇടനിലക്കാരനുമായി ഫോണില്‍ സംസാരിച്ചുവെന്ന ആരോപണത്തിന് പിന്നാലെ 2022 ജൂണില്‍ മുഖ്യമന്ത്രി ഇടപെട്ട് അജിത് കുമാറിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്ന് മാറ്റിയിരുന്നു. തുടര്‍ന്ന് പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സ് മേധാവി സ്ഥാനം നല്‍കി.
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചിരുന്ന സ്വപ്നാ സുരേഷിനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ച ഷാജ് കിരണിനെ അജിത് കുമാര്‍ നിരന്തരം ഫോണില്‍ ബന്ധപ്പെട്ടുവെന്ന വിവരം പുറത്തുവന്നതാണ് വിനയായത്. ഏതാനും മാസങ്ങള്‍ക്കു ശേഷം അജിത് കുമാര്‍ സായുധ ബറ്റാലിയന്‍ മേധാവിയായി തിരികെയെത്തി. ക്രമസമാധാന വിഭാഗം എ.ഡി.ജി.പിയായിരുന്ന വിജയ് സാഖറെ ക്രേന്ദ ഡെപ്യൂട്ടേഷനില്‍ പോയതോടെയാണ് അജിത്കുമാര്‍ ആ ചുമതലയിലെത്തിയതും സൂപ്പര്‍ ഡി.ജി.പി കളിക്കാന്‍ തുടങ്ങിയതും.
സംസ്ഥാന പോലീസ് മേധാവിയായ ഡി.ജി.പി എടുക്കേണ്ട തീരുമാനങ്ങളില്‍ ചിലതെങ്കിലും എ.ഡി.ജി.പി കൈക്കൊള്ളുന്നതില്‍ പോലീസ് സേനയിലെ പലര്‍ക്കും അമര്‍ഷമുണ്ടായിരുന്നു. നിലവിലുള്ള ഇന്റലിജന്‍സ് സംവിധാനത്തിന് പുറമേ ജില്ലകളില്‍ നിന്ന് തനിക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുന്നതിന് പ്രത്യേകം ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതും വിവാദമായി. ശബരിമലയില്‍ കഴിഞ്ഞ മണ്ഡല കാലത്ത് ഭക്തര്‍ക്കുണ്ടായ ബുദ്ധിമുട്ടുകളിലും അജിത് കുമാറിനു നേരേയുള്ള വാള്‍മുനയായി.