അമേരിക്കൻ മലയാളി കുട്ടികൾക്ക് മലയാളഭാഷയുമായി ബന്ധപ്പെടാൻ മുംബൈയിൽ നിന്നും അമ്പിളി ടീച്ചർ ഈ പംക്തി കൈകാര്യം ചെയ്യുന്നു. പാട്ടോർമ്മകൾ എന്ന പംക്തിയിലൂടെ അമേരിക്കൻ മലയാളി വായനക്കാർക്ക് സുപരിചിതയായ എഴുത്തുകാരി, ഗ്രന്ഥകാരി, സംഘാടക, അധ്യാപിക, അഭിനേത്രി എന്നീ നിലകളിലും അറിയപ്പെടുന്നു. മുംബൈ മലയാളി സാഹിത്യരംഗത്ത് പ്രമുഖ സാന്നിധ്യം- Editor
വിഷു പുരാണം
എന്താണ് വിഷു? വിഷു എന്നാൽ രാവും പകലും സമമായി വരുന്ന ദിവസം. കേരളത്തിന്റെ കാർഷിക പഞ്ചാംഗത്തിൽ വർഷാരംഭമാണ് ഈ ദിവസം. മലയാളമാസം മേടം ഒന്ന്. അസുരശക്തിയെ ദേവശക്തി കീഴ്പെടുത്തിയതിന്റെ ഓർമ്മകൂടിയാണ് വിഷു. ഒരു രാശിയിൽ നിന്നും അടുത്ത രാശിയിലേക്കുള്ള സൂര്യന്റെ പ്രയാണത്തെയാണ് സംക്രാന്തി എന്ന് പറയുന്നത്. ഏറ്റവും മഹത്തായ സംക്രാന്തിയാണ് വിഷു തലേന്നാൾ. വിഷുവിനു കണിയൊരുക്കൽ ഒരു പ്രധാന ചടങ്ങാണ്. ഇക്കാലത്താണ് കണിക്കൊന്നകൾ പൂക്കുന്നത്. അത് കേരളത്തിന്റെ സംസ്ഥാനപുഷ്പം ആണ്. കണി വസ്തുക്കളിൽ ഈ പുഷ്പം പ്രധാനമാണ്. ശ്രീകൃഷ്ണന്റെ വിഗ്രഹത്തോടൊപ്പം പഴവർഗ്ഗങ്ങളും പച്ചച്ചക്കറികളും കണി കാണാനായി ഒരുക്കുന്നു. വിഷുവിന്റെ മറ്റൊരു ആകർഷണമാണ് വിഷു കൈനീട്ടം. കൊടുക്കുന്നവർക്ക് ഐശ്വര്യവും കിട്ടുന്നവർക്ക് അതിന്റെ വർദ്ധനയും ഉണ്ടാകുന്നു. ഒരു നാണയം ആയാലും കുറെ നോട്ടുകൾ ആയാലും കൊടുക്കുന്നത് അനുഗ്രഹമായി കരുതുന്നു. ( By അമ്പിളി കൃഷ്ണകുമാർ)
(നമുക്ക് ചില പദങ്ങളുടെ അർഥം പരിശോധിക്കാം)
പണ്ഡിതന്‍
പണ്ഡിതൻ എന്ന പദത്തെ കുറിച്ച് നമുക്ക ഇന്ന് ചിന്തിക്കാം.ഇത് ഒരു സംസ്കൃത പദമാണ്.സംസ്കൃതത്തിൽ പണ്ഡയെന്ന പദത്തിന് അറിവെന്നർത്ഥം. അപ്പോൾ പണ്ഡയുള്ളവൻ അതായത് അറിവുള്ളവൻ പണ്ഡിതൻ. എന്നാൽ ഇന്ന് ഒരു ചെറുപക്ഷം പണ്ഡിതൻ അല്ല പണ്ഡിതമ്മ ന്യൻ ആണ്.പാണ്ഡിത്യമുണ്ടെന്ന് നടിക്കുന്നവർ.
നാരദന്‍
നാരദൻ നമുക്ക് നിത്യ പരിചയമാണല്ലോ?. ആരാണ് നാരദൻ?. നമ്മൾ അ പദം ഏഷണിക്കാരനെ ന്നർത്ഥത്തിൽ ഉപയോഗിക്കുന്നു. ചിലരെ ആ പേരിൽ വിളിക്കുകയും ചെയ്യുന്നു.നാരം പ്രദാനം ചെയ്യുന്നവനെന്നാണർത്ഥം. നാരം അറിവ് ആണ്. അപ്പോൾ അറിവ് നല്കുന്നവനാണ് നാരദൻ.ശരിയായ വിധത്തിൽ പകർന്നു കൊടുക്കാഞ്ഞിട്ടാണോ? അറിവ് സ്വീകരിച്ചവർ ശരിയായി മനസിലാക്കാഞ്ഞിട്ടാണോ ഏഷണിക്കാരനെന്ന പേര് ലഭിച്ചത്.
അലസന്‍
അലസൻ_ മടിയനെന്നർത്ഥത്തിൽ നാം ഉപയോഗിക്കുന്ന പദമാണ് അലസൻ. എന്നാൽ ഇതിന്റെ അർത്ഥം ചിന്തിച്ചു നോക്കിയിട്ടുണ്ടോ?. വളരെ രസകരമായിരിക്കും അർത്ഥം.ലസ് _ ശോഭിക്കുകയെന്നാണർത്ഥം. അപ്പോൾ ശോഭിയ്ക്കാത്തവനാണ് അലസൻ, മടിയനല്ല.
വിശ്രമം
വിശ്രമമെന്ന പദത്തെക്കുറിച്ച് ഇന്ന് ചിന്തിച്ചാലോ. ഈ പദം വെറുതേയിരിക്കുകയെന്നർത്ഥത്തിൽ ഉപയോഗിക്കുന്നുയെങ്കിലൂം അങ്ങനെയൊരർഥം ആ പദത്തിനില്ല. പൊതുവിൽ ശ്രമം ഇല്ലായമയാണ് വിശ്രമമെന്നു പറയാറുണ്ട്. എന്നാൽ വിശേഷപ്പെട്ട ശ്രമമാണ് വിശ്രമം. ഒരു ജോലി ചെയ്തുകൊണ്ടിരിക്കുമ്പോൾ ,അതിൽ ക്ഷിണം അനുഭവപ്പെടുമ്പോൾ മറ്റൊരു ജോലി ചെയ്യുന്നത് ചെയ്തു കൊണ്ടിരുന്ന ജോലിയിൽ നിന്ന് ഉള്ള വിശ്രമമാണ്. അതായത് വിശേഷപ്പെട്ട ശ്രമം. അപ്പോൾ വിശ്രമം വെറുതേയിരിക്കലല്ല. ആയാസമനുഭവപ്പെടുന്നതിൽ നിന്ന് മറ്റൊന്നിലേക്കുള്ള മാറ്റവും കൂടിയാണ്.
കഥ
കഥ ധാരാളം നാം കേൾക്കാറുണ്ട്.ആസ്വദിക്കാറുണ്ട്.എന്നാൽ ഈ പദത്തിന്റെ അർത്ഥത്തെ കുറിച്ച് അധികം ചിന്തിക്കാറില്ല.എന്താണ് ഈ പദത്തിന്റെ അർത്ഥം?.വ്യഥ(ദു:ഖം, പ്രയാസം)യെ കുറിച്ച് പറയുന്നത് കഥ.അതാണല്ലോ കഥയിലും ഒരു വ്യഥയുണ്ട് എന്ന ചൊല്ല്.കഥകൾ നോക്കുമ്പോൾ അവയുടെ അടിസ്ഥാനം കഥയെന്ന പദത്തിന്റെ അർത്ഥവുമായി യോജിച്ചു പോകുന്നതായി കാണാം.
(സമ്പാദക : അമ്പിളി കൃഷ്ണകുമാർ)
(വിഷുക്കാലത്തെ ഒരു വിനോദം)
അടിച്ചിട്ട് ഓട്ടം
കുറേപേർ ഒന്നിച്ചു നിന്നിട്ട് ഒരാളുടെ കൈവെള്ളയിൽ അടിച്ചുകൊണ്ട് താഴെപ്പറയുന്ന പാട്ട് പാടുക. പാട്ട് തീരുമ്പോൾ ഓടുക. ആരുടെ കയ്യിലാണോ അടിച്ചിട്ട് ഓടിയത് അയാൾ മറ്റുള്ള ആരെയെങ്കിലും തൊടണം. പിന്നീട് അയാളുടെ കയ്യിൽ അടിച്ചിട്ട് ഓടുക. ഇങ്ങനെയായിരുന്നു ഈ കളി. തൊടാൻ വരുന്ന ആളിനെ അതിനു സമ്മതിക്കാതെ മറിയും മറിഞ്ഞും വെട്ടിച്ചും മാറുകയാണ് ഈ കളിയുടെ പ്രത്യേകത.പാടേണ്ട പാട്ട്….
അണ്ട ഉണ്ട വട്ടുണ്ട
കണിയാന്റെ പടിക്കൽ ചെല്ലുമ്പോൾ
എന്നെ തൊടാൻ പാടില്ല.
അണ്ട ഉണ്ട പടിക്കലെ ചെണ്ട കണിയാന്റെ പടിക്കൽ ചെല്ലുമ്പോൾ എന്നെ തൊടാൻ പാടില്ല.
(സമ്പാദക :അമ്പിളി കൃഷ്ണകുമാർ)
ചില വിഷുചൊല്ലുകൾ
1 . വിഷു കണ്ട രാവിലെ വിത്തിറക്കണം
2. കാണാത്ത വിഷുക്കിളിക്ക് കൺനിറയെ പൂവ്
3. കൊന്ന പൂക്കുമ്പോൾ ഉറങ്ങിയാൽ മരുതു പൂക്കുമ്പോൾ പട്ടിണി
4. വിഷുക്കണിയെന്നാൽ ഉഷക്കണിതന്നെ
5. വിഷുവില്ലാത്തവന് വിഷമം വിധി
വിഷു താണ്ടിയാൽ വിഷമം താണ്ടി
6. വിഷുവെള്ളരി വടക്കോട്ട്
വിഷുത്തിരി പടിഞ്ഞാട്ട്
വിഷുപ്പുടവ കിഴക്കോട്ട്
വിഷമങ്ങൾ തെക്കോട്ട്
(സമ്പാദക :അമ്പിളി കൃഷ്ണകുമാർ)