യുഎസ് അധികൃതർ വെനസ്‌വേലൻ കുറ്റവാളികൾക്കൊപ്പം തെറ്റായി നാടുകടത്തിയ മെരിലാൻഡ് നിവാസി അബ്‌റീഗോ ഗാർഷ്യയെ തിരിച്ചയക്കാൻ ഉദ്ദേശിക്കുന്നില്ലെന്നു എൽ സാൽവദോർ പ്രസിഡന്റ് നയീബ് ബുക്കളെ തിങ്കളാഴ്ച്ച വ്യക്തമാക്കി. എൽ സാൽവദോറിൽ ഭീകരരെ പാർപ്പിക്കുന്ന കുപ്രസിദ്ധ ജയിലിലാണ് ഗാർഷ്യയെ അടച്ചിട്ടുള്ളത്.
തെറ്റായി കയറ്റി അയച്ചതാണെന്ന് യുഎസ് അധികൃതർ സമ്മതിച്ച അദ്ദേഹത്തെ തിരിച്ചു കൊണ്ടുവരണമെന്ന അപേക്ഷയുമായി ഭാര്യ ജെനിഫർ കോടതികൾ കയറി ഇറങ്ങിയിരുന്നു. ഗാർഷ്യയെ തിരിച്ചെത്തിക്കാൻ കോടതികൾ ആവശ്യപ്പെട്ടെങ്കിലും ട്രംപ് ഭരണകൂടം തയാറായില്ല. ഗാർഷ്യയെ വച്ച് യുഎസ്, സാൽവദോർ ഭരണകൂടങ്ങൾ രാഷ്ട്രീയം കളിക്കയാണെന്നു ജെനിഫർ ഗാർഷ്യ കുറ്റപ്പെടുത്തി.
തിങ്കളാഴ്ച പ്രസിഡന്റ് ട്രംപിനെ കാണാൻ എത്തിയ ബുക്കളെ ഓവൽ ഓഫിസ് ചർച്ചയ്ക്കു ശേഷമാണു മാധ്യമങ്ങളോട് നിലപാട് വ്യക്തമാക്കിയത്. "ഇല്ല, ഞാൻ അയാളെ തിരിച്ചയക്കാൻ ഉദ്ദേശിക്കുന്നില്ല," ബുക്കളെ പറഞ്ഞു. "ഒരു ഭീകരനെ ഒളിച്ചു കടത്തുന്നതിനു തുല്യമാകും അത്."
അതോടെ ഗാർഷ്യയുടെ തിരിച്ചു വരവിനുളള സാധ്യത പാടേ മങ്ങി.
ഒരു കോടതിയും ശിക്ഷിച്ചിട്ടില്ലെന്നു അഭിഭാഷകർ
ഗാർഷ്യ സാൽവഡോറിലെ എംഎസ്-13 കുറ്റവാളി സംഘ അംഗമാണെന്നു അറ്റോണി ജനറൽ പാം ബോണ്ടി ആരോപിക്കയും ചെയ്തു. എന്നാൽ ഒരു കോടതിയും അദ്ദേഹത്തെ ശിക്ഷിച്ചിട്ടില്ലെന്നു അഭിഭാഷകർ ചൂണ്ടിക്കാട്ടുന്നു. എംഎസ്-13നെ ഭയന്നാണ് അദ്ദേഹം യുഎസിൽ സഹോദരന്റെ അടുത്തേക്ക് വന്നത്.
അക്രമാസക്തമായ കുറ്റങ്ങൾ ചെയ്ത അമേരിക്കക്കാരെ എൽ സാൽവദോർ ജയിലിലേക്ക് അയക്കുന്ന സാധ്യത ട്രംപ് ഉയർത്തുകയും ചെയ്തു. ബോണ്ടി ഇക്കാര്യം വിലയിരുത്തുന്നുണ്ടെന്നു അദ്ദേഹം വ്യക്തമാക്കി.
"ഞാൻ അക്രമികളെ കുറിച്ചാണ് സംസാരിക്കുന്നത്. തീർത്തും മോശക്കാരായ ആളുകളെ കുറിച്ച്."
കൂടുതൽ ജയിലുകൾ പണിയാൻ ട്രംപ് ബുക്കളെയോട് നിർദേശിച്ചെന്നും 'ന്യൂ യോർക്ക് ടൈംസ്' പറയുന്നു.
Bukele says he won't return Garcia