Image

പ്രകാശം പരത്തുന്ന പൂർണിമ (രാജു മൈലപ്രാ)

Published on 15 April, 2025
പ്രകാശം പരത്തുന്ന പൂർണിമ (രാജു മൈലപ്രാ)

(Disclaimer: This is a work of fiction. All names and incidents are purely the product of the author’s imagination. Any resemblance to actual persons, living or dead, or actual events, are entirely coincidental)

അപ്പോൾ സംഭവം നിങ്ങളറിഞ്ഞില്ലേ ?. എന്നാൽ ഞാൻ പറയാം . ആരും ഞെട്ടരുത്. പൂർണിമ എന്ന് പേരുള്ള അരുമയായ ഒരു പെൺകൊച്ച് രണ്ടും കൽപിച്ച് അമേരിക്ക കാണുവാനായി പുറപ്പെട്ടു . ഇവർ ഒരു 'യൂട്യൂബർ' ആണത്രേ. ഇതിനോടകം തന്നെ ഉഗാണ്ട , കൊറിയ ,ക്യൂബ , ആഫ്രിക്ക , മലയാഴപുഴ അങ്ങനെ ഈ ദുനിയാവിലെ ഒട്ടുമിക്ക സ്ഥലങ്ങളും സന്ദർശിച്ച് അവിടത്തെ വിശേഷങ്ങൾ മാലോകർക്ക് കാട്ടിക്കൊടുത്തു.

'വീണിടം വിഷ്ണു ലോകം ' അതാണ് പൂര്ണിമയുടെ പോളിസി . എവിടെച്ചെന്നാലും ഓസിനു താമസിക്കുന്നതാണ് ശീലം. യാത്രക്ക് ഏത് മാർഗവും സ്വീകരിക്കും, ആരെങ്കിലും നിർത്തികൊടുക്കുന്ന വാഹനത്തിൽ കയറും. മോട്ടോർസൈക്കിൾ, ഓട്ടോറിക്ഷ, ആന, കുതിര , ഒട്ടകം,  എന്നുവേണ്ട ഒരിക്കൽ ഒരു മസിൽമാന്റെ തോളിലിരുന്നു യാത്ര ചെയ്യാനുള്ള ഭാഗ്യവും ഈ യുവതിക്ക് ലഭിച്ചു .

യാത്രക്കിടയിൽ ലിഫ്റ്റ് കൊടുക്കുന്നവരുമായി പരിചയപ്പെടും. അവരെ ചിരിച്ചു മയക്കി മണിയടിച്ചു അവരുടെ കുടിലിലോ കൊട്ടാരത്തിലോ കയറിപറ്റും. കിട്ടുന്നതെല്ലാം കഴിക്കും .  പട്ടി, പൂച്ച , പാമ്പ്, എലി ഇവയുടെയെല്ലാം ഇറച്ചി പൂർണിമക്ക് അമൃതാണ് . കുളിക്കുവാൻ കുളിമുറി വേണമെന്നില്ല . ആള് വളരെ ഓപ്പൺ ആണ്. വസ്ത്രധാരണമൊന്നും വലിയ  വിഷയമല്ല . നഗ്നത മറയ്ക്കുവാൻ ഒരു 'ബാൻഡ് എയ്ഡ്' കിട്ടിയാലും ഹാപ്പിയാണ്. വല്ലഭനു പുല്ലും ആയുധം.

ഇടപഴകുന്ന കാര്യത്തിൽ ആൺ പെൺ വേർതിരിവൊന്നുമില്ല . പൂവനായാലും പിടയായാലും ഒരുപോലെ എന്ന് ഒരു ഇന്റെർവ്യൂവിൽ പറയുന്നത് കേട്ടു. അതൊക്കെ അവരുടെ അഭിരുചി. അങ്ങനെ ഉലകം ചുറ്റി പൂർണിമ ന്യൂയോർക്കിൽ പറന്നിറങ്ങി . കഴിഞ്ഞ കുറേക്കാലമായി സോഷ്യൽ മീഡിയയിൽ കൂടി  പരിചയപ്പെട്ട പരോപകാരിയായ പാപ്പച്ചൻ ചേട്ടനാണ് ന്യൂയോർക്കിലെ രക്ഷകൻ .

കെന്നഡി എയർപോർട്ടിൽ നിന്നും പൂർണിമയെ ഹാരാർപ്പണം ചെയ്ത്  സ്വീകരിച്ച് അവരുമായി ന്യൂയോർക്ക് നഗരമാകെ ഒന്ന് ചുറ്റിയടിച്ചു . കറക്കത്തിന്റെ ഇടയിൽ പൂർണിമ പട്ടണത്തിന്റെ ദൃശ്യങ്ങൾ പകർത്തി. അതാണല്ലോ അവരുടെ തൊഴിൽ . സന്ധ്യ മയങ്ങും നേരത്ത് മരം കോച്ചുന്ന തണുപ്പത്ത് ചേട്ടായി തന്റെ വാസസ്ഥലത്തെത്തി . ആ വീട്ടിൽ പാപ്പച്ചൻ അങ്കിളിന്റെ  സഹധര്മിണിയുമുണ്ട്. ആ സാധു സ്ത്രീയെ സമ്മതിക്കണം . ഇതുപോലെ ഒരു പരിചയവുമില്ലാത്ത ചന്ദ്ര ബിംബം നെഞ്ചിലേറ്റും പുള്ളിമാനെ പോലെയുള്ള ഒരു പെൺകുട്ടിയുമായി എന്റെ വീട്ടിലേക്ക് ഞാൻ വന്നാലുള്ള അവസ്ഥ ഞാൻ വെറുതെ ഒന്നാലോചിച്ചു നോക്കി . പിന്നെ എപ്പോഴാണ് ഞാൻ കിടക്കുന്ന വെന്റിലേഷന്റെ പ്ലഗ് ഊരുന്നതെന്നു നോക്കിയാൽമതി.

ഈ പൂര്ണിമാദേവിക്ക് ആ വീട്ടിൽ വച്ച് എന്തെകിലുമൊരു വീഴ്ച സംഭവിച്ചിരുന്നെങ്കിൽ എന്തെല്ലാം ഭവിഷ്യത്തുകൾ ഉണ്ടായേനെ. ഇനിയാണ് ട്വിസ്റ്റ് . പൂർണിമ ഒരു യൂട്യൂബർ ആണല്ലോ മാക്സിമം റീച് കിട്ടണം. അതേപ്പറ്റി ചിന്തിച്ചു. ചിന്തിക്കണമല്ലോ ആ കൂരിരുട്ടിൽ പൂര്ണിമയുടെ കുരുട്ടുബുദ്ധിയിൽ പൂര്ണചന്ദ്രനെ പോലെ ഒരു ഐഡിയ വെളിച്ചം വിതറി. പുറത്തു മഞ്ഞുകലർന്ന മഴ .തണുത്ത കാറ്റ് വീശിയടിക്കുന്നുണ്ട് . അങ്ങ് ദൂരെ എവിടെയോ ഒരു പട്ടി ഓലിയിടുന്നു. നാഗത്താന്മാരെ പോലെ കാര്മേഘങ്ങളെ  കീറിമുറിച്ചുകൊണ്ട് മിന്നല്പിണരുകൾ പാറി തെളിയുന്നു. നല്ല രംഗസജ്ജീകരണം .

ആരുമറിയാതെ,ക്യാമറയുമായി, ഒച്ചയുണ്ടാക്കാതെ, പൂർണിമ ഒച്ചയുണ്ടാക്കാതെ പുറത്തിറങ്ങി. അയ്യോ നാട്ടുകാരെ ഓടി കൂടുവിൻ പാപ്പച്ചായൻ ഈ പാതിരാത്രിയിൽ എന്നെ പെരുവഴിയിൽ ഇറക്കിവിട്ടേ, അമേരിക്കൻ മലയാളികൾ ഇത്ര നാറികളാണോ?. ഇതാണോ അവരുടെ സംസ്കാരം?.
കരഞ്ഞു വിളിച്ചുകൊണ്ട് പൂർണിമ  ഒരു ഭ്രാന്തിയെപ്പോലെ  ലക്ഷ്യമേതുമറിയാതെ  പെരുവഴിയിൽ അലഞ്ഞു നടന്നു.

'ഉദിഷ്‌ഠ കാര്യത്തിന് ഉപകാര സ്മരണ' ഉദ്ദേശിച്ച കാര്യം ഉദ്ദേശിച്ചതിനുമപ്പുറം കടന്നു. 'മനോരമ ' ഉൾപ്പെടെയുള്ള മാധ്യമങ്ങൾ ഈ കദനകഥ റിപ്പോർട്ടു ചെയ്തു. എൺപതുലക്ഷത്തിലധികം ആളുകൾ ഇതിനോടകം ഈ വീഡിയോ കണ്ടു കഴിഞ്ഞു . പൂര്ണിമയുടെ കരളലിയിക്കുന്ന കഥയറിഞ്ഞ മഹാമനസ്കരായ അമേരിക്കൻ മലയാളികളുടെ മനസ്സലിഞ്ഞു . നല്ലവരായ അമേരിക്കൻ മലയാളികൾ പൂർണിമക്ക് ഇപ്പോൾ നാടാകെ സ്വീകരണം നൽകുകയാണ് . പല മലയാളി സമാജങ്ങളും അവരുടെ സമ്മേളനങ്ങളിലേക്ക്   വിശിഷ്ടാതിഥിയായ്  പൂർണിമയെ ക്ഷണിച്ചുകഴിഞ്ഞു .

ഒമ്പതുമാസം ബഹിരാകാശത്തു കഴിയേണ്ടിവന്ന സുനിത വില്യംസിനു കിട്ടിയതിനേക്കാൾ വലിയ വരവേൽപ്പാണ് പൂര്ണിമക്കിപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത് .മലയാളികളുടെ ദേശീയ സംഘടനകൾ പൂര്ണിമയുടെ ഇനിയുള്ള യാത്ര ചിലവുകൾ ഏറ്റടുക്കും എന്നാണറിയുന്നത്. പൂർണിമ തിരിച്ചു കേരളത്തിലെത്തുന്നതിനു മുൻപായി തന്നെ അവർക്കൊരു ഭവനവും നിർമ്മിച്ച് നൽകുവാൻ ആലോചനയുണ്ട്. അതാണല്ലോ അതിന്റെയൊരു രീതി.

നിയമപരമായ മുന്നറിയിപ്പ് :

അമേരിക്കയിൽ വന്ന് ഈ രാജ്യത്തെ ലോകത്തിനു മുന്നിൽ അവഹേളിക്കുന്നവർക്ക് കയ്യിലും കാലിലും അണിയുവാനുള്ള ആഭരണങ്ങളുമായി ഒരാൾ കാത്തിരിക്കുന്നുണ്ട് . ' അറിയാത്തപിള്ള ചൊറിയുമ്പോൾ അറിയും'.

Join WhatsApp News
Thomakutty Sam 2025-04-15 17:43:50
ഈ വീഡിയോ കണ്ടാൽ അറിയാം, ഇത് റീച്ചു കൂട്ടുവാൻ വേണ്ടി ചെയ്ത വെറും ഉടായിപ്പാണെന്നു. അഭയം കൊടുത്ത ആ വീട്ടുകാരെ ലോകം മുഴുവൻ നാറ്റിച്ച ഇവളെ നാടു കടത്തണം. ഈ തല്ലിപ്പൊളിയുടെ നേരത്തെയുള്ള വീഡിയോസ് കണ്ടിട്ടിട്ടും ഈ ചേട്ടൻ എന്തിനാണ് അവളെ വീട്ടിൽ കയറ്റിയത്? അത് മനസിലാകുന്നില്ല. ഇവളെ പൊക്കിക്കൊണ്ട് നടന്നു പത്രസമ്മേളനം നടത്തി വെള്ള പൂശുന്ന അമേരിക്കൻ പ്രാഞ്ചികളെ നമസ്കരിക്കണം. കഷ്ട്ടം.
Chicagoan Shame 2025-04-15 18:28:26
അമേരിക്കൻ മലയാളികളെ മൊത്തം നാറ്റിച്ച ഈ -- ആദരിച്ച ചിക്കാഗോയിലെ പൗര പ്രമുഖർക്ക് ഒരു ബിഗ് സല്യൂട്ട്. ആഫ്രിക്കയിൽ തുണിയുടുക്കാതെ നടക്കുന്ന ഫോട്ടോയൊക്കെ ഇപ്പോൾ യൂട്യൂബിൽ വൈറലാണ്. അത് തന്നെയിരുന്നു ഉദ്ദേശം. അമേരിക്കയിലെ മലയാളി സഹോദരിമാരോട് ഒരു അഭ്യർത്ഥന. ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണു.
കൃത്ത് 2025-04-15 19:06:36
ഇത് തികച്ചും ഭാവനയിൽ വിരിഞ്ഞതാണ്. അല്ല എന്ന് ആർക്കെങ്കിലും തോന്നിയാൽ അത് അവരുടെ കുഴപ്പം മാത്രമാണ്. എന്ന് വിധേയൻ കഥാകൃത്ത്
Chandu 2025-04-16 02:10:40
കേരളത്തിൽ നിന്നും ഇവിടെയെത്തി അമേരിക്കൻ മലയാളികളുടെ സ്നേഹാദരങ്ങൾ ഏറ്റു വാങ്ങിയ ശേഷം തിരിച്ചു നാട്ടിൽ ചെന്ന് അമേരിക്കൻ മലയാളികളെ നാറ്റിക്കുന്നത് ചിലർക്കൊരു ഹരമാണ്. നടൻ ശ്രീനിവാസൻ ഏതാനം വര്ഷങ്ങള്ക്കു മുൻപ് ഇത് ചെയ്തു. അമേരിക്കൻ മലയാളികൾ ആദരസൂചകമായി നൽകിയ ട്രോഫി എയർപോർട്ട്ലെ ഗാർബേജിൽ കള ഞ്ഞു എന്ന് പറഞ്ഞു നടൻ ജയറാമും കൈയടി നേടി. ഈയടുത്ത കാലത്തു മൈത്രേയൻ എന്നൊരു മഹൻ ഇവിടെ വന്നു തിരിച്ചു പോയി അമേരിക്കൻ സംസ്കാരത്തെപ്പറ്റി വളരെ മോശമായ യൂട്യൂബ് വീഡിയോ ചെയ്തു. ഏതായാലൂം ഈ പെൺകുട്ടി ഇവിടെവച്ചു തന്നെ എല്ലാവരെയും നാറ്റിച്ചു. എന്നിട്ടും അവരെ പൊക്കിക്കൊണ്ട് നടക്കുവാൻ പിന്നെയും അമേരിക്കൻ മലയാളികളുടെ ജന്മം ബാക്കി.
റെജീസ് നെടുങ്ങാടപ്പള്ളി 2025-04-16 03:20:45
നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും നമ്മെ പിക്ക് ചെയ്യുന്ന ഒരു ഊബർ ഡ്രൈവറോട് പോലും അമേരിക്കയെ കുറിച്ച് ചോദിച്ചാൽ, അവൻ നീട്ടി കാർക്കിച്ചു ഒരൊറ്റ തുപ്പ് തുപ്പും. അത്രയേ ഉളളൂ അമേരിക്ക. അതിനു ഇപ്പോൾ വലിയ decoration ഒന്നും വേണ്ടാ.
James Kidangaoor 2025-04-16 14:21:52
ഒരു പക്‌ഷേ, പിന്നിലിരിക്കുന്ന യാത്രക്കാരനെപ്പോലെയാവും എല്ലാ അമേരിക്കൻ മലയാളികളും എന്ന് കരുതിയ യൂബർ ഡ്രൈവർ, കൊച്ചിയുടെ കൂടിക്കിടക്കുന്ന മാലിന്യത്തിലേക്ക് തൻ്റെ വക സംഭാവനയായ കാർക്കിച്ചുതുപ്പൽ കൂടി നൽകിയെങ്കിലും, തരം കിട്ടിയാൽ അയാളും കള്ളവണ്ടി കയറി അമേരിക്കക്കു പോരും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക