Image

അമേരിക്കയിലെ അഞ്ചു വനിതകൾ: മാത്യു- ജെയ്‌സിമാരുടെ മനസാസ്മരാമി (കുര്യൻ പാമ്പാടി )

Published on 16 April, 2025
അമേരിക്കയിലെ അഞ്ചു വനിതകൾ: മാത്യു- ജെയ്‌സിമാരുടെ മനസാസ്മരാമി  (കുര്യൻ പാമ്പാടി )

‘രസകരമായ നിരവധി യാത്രാനുഭവങ്ങളുണ്ടായെങ്കിലും നാലു  സ്ത്രീകളെപ്പറ്റി പറയാതെ വയ്യ. ന്യൂയോർക്കിൽ നിന്ന് തന്നെ തുടങ്ങാം. വാൾസ്ട്രീറ്റും, ഗ്രാൻഡ് സെൻട്രലും, ബ്രോഡ്‍വെയും, ടൈം സ്ക്വയറും, ബ്രൂക്ലിൻ  ബ്രിഡ്ജും എല്ലാം നടന്നു തന്നെ കണ്ടു,’ ഇങ്ങിനെ തുടങ്ങുന്നു മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥൻ മാത്യു ജോർജിന്റെ ആത്മകഥയിലെ അമേരിക്കൻ ഏടുകൾ.

ബാങ്ക്, കസ്റ്റംസ്, ടെലികമ്മ്യൂണിക്കേഷൻ, യൂണിവേഴ്‌സിറ്റി, പൊതുമേഖലാ സ്ഥാപനം  എല്ലാം കടന്നു  കേരള വൈദ്യതി റെഗുലേറ്ററി കമ്മിഷനിൽ ഫൈനാൻസ് മെമ്പറായി വിട പറഞ്ഞയാളാണ് മാത്യു ജോർജ്.  അതിനു ശേഷം ആത്മബന്ധമുള്ള  തിരുവനന്തപുരത്തെ മാർത്തോമാ ചർച്ച് എഡ്യൂക്കേഷണൽ സൊസൈറ്റിയിൽ  സെക്രട്ടറിയായി. 

മുന്‍ ചീഫ് സെക്രട്ടറി ഡോ. വി. പി. ജോയ് 'ഓണ്‍ ഐജിഎസ്  അമ്പതു വര്‍ഷം' ഗീതാപോളിനു നല്‍കി പ്രകാശനം ചെയ്യുന്നു.

അതിനും ശേഷമാണ്‌ ഇനിയെന്ത് എന്ന് ബന്ധുക്കളും സുഹൃത്തുക്കളും  ചോദിക്കാതെ  ചോദിച്ചു തുടങ്ങിയപ്പോൾ പേനയെടുത്തു ഓർമ്മക്കുറിപ്പുകൾ എഴുതാൻ തുനിഞ്ഞത്. 'ഓൺ ഐജിഎസ്: അമ്പതു വർഷം' എന്നപേരിൽ. എച് ആൻഡ് സി പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ പ്രകാശനം വിഷു  ദിനത്തിൽ തിരുവനന്തപുരം വൈ.എം. സി.എ.യിൽ നടന്നു. 

എഴുപതിറ്റാണ്ടു മുമ്പ് നവീന ഇംഗ്ളീഷ് കാവ്യപ്രയോക്താവും എൻകൗണ്ടർ  മാസികയുടെ എഡിറ്ററുമായ സ്റ്റീഫൻ സ്‌പെൻഡർ പ്രസംഗിച്ച ഹാളിലായിരുന്നു ചടങ്ങ്. 'മനുഷ്യരെയും പ്രകൃതിയെയും കാണാനാണ്  ഞാനിവിടെ വന്നിരിക്കുന്നത്,' എന്നു പറഞ്ഞ അദ്ദേഹം വിമെൻസ് കോളേജിലും പ്രസംഗിച്ചു, കന്യാകുമാരിയും പദ്‌മനാഭ പുരം കൊട്ടാരവും  സന്ദർശിച്ചു. 

മാത്യു ജോര്‍ജും  ഡോ. ജെയ്സി  മാത്യുവും വൈറ്റ്ഹൗസിനു മുമ്പില്‍

സുഹൃത്തും അയൽക്കാരനും എഴുത്തുകാരനുമായ മുൻ ചീഫ് സെക്രട്ടറി  ഡോ. വിപി ജോയി, സിവിൽ സർവീസിൽ ഗ്രന്ഥകർത്താവിനോടൊപ്പം സേവനം ചെയ്ത ഗീത പോൾ കള്ളിവയലിനു ആദ്യപ്രതി സമ്മാനി നിച്ചുകൊണ്ടായിരുന്നു പുസ്തക പ്രകാശനം. 

എസ്‌കെ പൊറ്റക്കാടിന്റെ കാലം മുതൽ യാത്രാവിവരണങ്ങൾ ഡിറ്റക്ടീവ് നോവലുകൾ പോലെ വായിച്ചു വളർന്ന ആളാണ്‌ ഞാൻ. അതുപോലെ ഉദ്വേഗവും ജിജ്ഞാസയും വളർത്തുന്നതായി എനിക്ക് അനുഭവപ്പെട്ട ഈ പുസ് തകത്തിലെ ഒരേടാണ് ഞാൻ താഴെ പകർത്തുന്നത്. ശീർഷകമാകട്ടെ പ്രൊഫ.എസ്. ഗുപ്തൻ നായരുടെ അതേ പേരിലുള്ള ഹൃദയസ്പർശിയായ ആത്മകഥയിൽ  നിന്ന് ഓർമ്മിച്ചെടുത്തത്. 

ന്യൂജേഴ്സിയില്‍ ഒഴുകിയെത്തിയ സ്‌നേഹം, സാഹോദര്യം: ഡോ. യശോധരകുമാര്‍

മുത്തുസ്വാമി ദീക്ഷിതരുടെ ഗണപതി സ്തോത്രം തുടങ്ങുന്നത് തന്നെ "മഹാഗണപതിം  മനസാസ്മരാമി" എന്നാണല്ലോ. മനസിൽ  എന്നും സ്മരിക്കുന്നത്  എന്നാണ്  കാംബോജി രാഗത്തിലുള്ള ക്‌ളാസ്സിക് കൃതിയിലെ ആ പദത്തിന് അർത്ഥം.  

അമേരിക്കയിൽ കണ്ടു മുട്ടിയ പെണ്ണുങ്ങളെക്കുറിച്ചുള്ള അനുഭവ വിവരണം തുടരുന്നു:

'ന്യൂ യോർക്കിലെ എമ്പയർ സ്റ്റേറ്റ് ബിൽഡിംഗ് ആണ് അടുത്തത്. ടിക്കറ്റ് എടുക്കാൻ തന്നെ നീണ്ട ക്യൂ. ഓൺലൈനിൽ ടിക്കറ്റ് എടുത്തവർ ക്യൂ മറികടന്നു പോകുന്നു. ഒരു മണിക്കൂറെങ്കിലും ക്യൂവിൽ തന്നെ നിൽക്കണം. ആളൊന്നിന് എൺപതു ഡോളർ. ഞങ്ങൾ ഏഴു പേർക്ക് 560 ഡോളർ. നല്ലൊരു തുക. നീണ്ട ക്യൂവും. 

പ്രകാശനവേള: ജിജിജോണ്‍ മാത്യൂസ്, ജോയ്‌തോമസ്, ജേക്കബ് ജോര്‍ജ്, സുനിത

വിട്ടുകളയാമെന്നു കരുതിയപ്പോൾ പെട്ടെന്ന് പ്രായമുള്ള കറുത്ത വർഗ്ഗക്കാരി ഒരു സെക്യൂരിറ്റി വനിത പുറകിൽനിന്നു ചോദിക്കുന്നു 'ഹൗ  മെനി ഓഫ് യു?'. അഞ്ഞൂറ്റി അറുപത്  ഡോളർ കൊടുക്കാൻ കൊടുക്കാൻ പേഴ്സ് തുറന്നപ്പോൾ അവർ വീണ്ടും പറഞ്ഞു 'വെയിറ്റ്.... ടു സീനിയർസ്, ടു ചിൽഡ്രൻ, ത്രീ അഡൾട്സ്. ഏറ്റവും ചെറിയ കുട്ടി അലാന പറഞ്ഞു. “ഐ ആം ഫിഫ്റ്റീൻ”. 

സത്യം പറഞ്ഞ അവളെ ചേർത്തു പിടിച്ചു അവർ പറഞ്ഞു "ദൈവം നിന്നെ അനുഗ്രഹിക്കട്ടെ". ഇരുനൂറ്റിഅന്പതു ഡോളർ മാത്രം ഞങ്ങളിൽ നിന്ന് വാങ്ങി ഏഴു ടിക്കറ്റും തന്ന് ഞങ്ങളെ ഏറ്റവും മുന്പിലെത്തിച്ചു തന്നു. എന്നു മാത്രമല്ല ഒരു മൂന്നു തവണയെങ്കിലും വീണ്ടും ആവർത്തിച്ചു " മേ ഗോഡ് ബ്ലെസ്സ്.” മനസ്സിന് കുളിരു പകർന്ന അനുഭവം.

സോനാ ആന്‍ മാത്യു, ജിജോ ശ്രീനിവാസന്‍, ഡോ. അനില്‍കുരുവിള, രാജേഷ് കെ അലക്‌സ് 


'മറ്റു രണ്ടു  സ്ത്രീകളെ കണ്ടത് വാഷിങ്ടണിൽവച്ചായിരുന്നു. ആദ്യത്തെയാൾ ഞങ്ങൾ തങ്ങിയ ഹിൽട്ടൺ ഹോട്ടലിലെ പരിചാരികയാണ്. ബ്രേക്ക് ഫാസ്റ്റ് മുറിയിലാകാമെന്നു കരുതി റൂം സർവീസ് ഓർഡർ ചെയ്തു കാത്തിരിക്കുമ്പോൾ ഞങ്ങളോടൊപ്പം അടുത്ത മുറിയിലുണ്ടായിരുന്ന കസിൻ  നിലീനയുമെത്തി. ബ്രേക്ക് ഫാസ്റ്റ് ട്രേ മേശയിൽ വച്ച് ബില്ല് ഒപ്പിടിച്ചു മടങ്ങാനൊരുങ്ങിയ പരിചാരികയുടെ ചോദ്യം അപ്രതീക്ഷിതമായിരുന്നു. 'ആർ യു ഓർത്തോഡോക്സ് ക്രിസ്റ്റ്യൻസ്‌?' ഞാൻ സത്യത്തിൽ അമ്പരന്നു പോയി. 

നിലീനയുടെ ടീഷർട്ടിൽ എഴുതിയിരുന്ന ‘സെന്റ് തോമസ് ഓർത്തോഡോക്സ് ചർച്ച് ഡെലാവെയർ’, എന്നുള്ളത് പിന്നീടാണ് ശ്രദ്ധിച്ചത്. ലോകത്തെ ഏറ്റവും പുരാതനവും സത്യവിശ്വാസം കാത്തു സൂക്ഷിക്കുന്നതും ഓർത്തഡോൿസ് സഭയാണെന്നും മറ്റുള്ളതെല്ലാം അതിൽ നിന്ന് പൊട്ടി പുറപ്പെട്ടിട്ടുള്ളതാണെന്നും വെറും അഞ്ചു മിനിറ്റ് കൊണ്ട് അവർ സമർത്ഥിച്ചു.  എത്യോപ്യൻ ഓർത്തഡോൿസ് വിഭാഗത്തിൽ പെട്ട അവരുടെ ആവേശത്തിന്റെയും സന്തോഷത്തിന്റെയും യുക്തി മനസ്സിലാക്കാൻ കുറെ പാടുപെട്ടു. 

ഇംഗ്ലണ്ടിലെ ബാത്തില്‍-ഡോ. ഹിതേഷ്, ഡോ. റീല, സോന, ജെയ്സണ്‍ എന്നിവരൊപ്പം 


ഒരു ഓർത്തഡോക്‌സ് കാരിക്ക് ഓർത്തഡോക്‌സ് കാരെ കണ്ടപ്പോഴുണ്ടായ സന്തോഷം. അടുത്ത ദിവസം റൂം ഒഴിഞ്ഞ് ലഗേജ് ഒക്കെ ലോബിയിൽഎത്തിച്ചു മടങ്ങാനൊരുങ്ങുമ്പോൾ അവർ ഓടിവന്നു വീണ്ടും കുശലം പറഞ്ഞു കണ്ണ് തുടച്ചാണ്‌ പിരിഞ്ഞത്.

ഞായറാഴ്ച വാഷിങ്ടണിൽ നിന്ന് മടക്കം. ലിങ്കൺ മെമ്മോറിയൽ, വാഷിംഗ്‌ടൺ മെമ്മോറിയൽ, സ്മിത് സോണിയൻ മ്യൂസിയം തുടങ്ങി ഇനിയും കാണാൻ പലതും ബാക്കി. തലേ രാത്രിയിലെ കോരിച്ചൊരിഞ്ഞ മഴയിൽ നിന്നും അവധി ദിവസത്തെ ആലസ്യത്തിൽ നിന്നും ഉണർന്നു വരുന്ന പട്ടണം. വണ്ടി ദൂരെയെവിടെയോ പാർക്ക് ചെയ്തിട്ട് ഞങ്ങൾ നടപ്പു തുടങ്ങി. 

മലേഷ്യയിലെ കാമറൂണ്‍ ഹൈലാന്‍ഡ്‌സില്‍  കുര്യനും  മാത്യുവും 

കുറെ ദൂരം കഴിഞ്ഞപ്പോൾ ഒപ്പം ദാഹവും കൂടി. വഴിയോരത്ത് ഒരു പെട്ടിക്കട. നിറഞ്ഞ ചിരിയുമായി സ്വാഗതം ചെയ്ത മദാമ്മയെ കണ്ടപ്പോൾ തന്നെ പകുതി ദാഹം തീർന്നു.  വെള്ളവും ലെമണേഡും കോളയും മറ്റും വാങ്ങി. " നയൻ ഫിഫ്റ്റി, ഗിവ് മി നയൻ." ചോദിക്കാതെ തന്നെ ഡിസ്‌കൗണ്ട്. തുടർന്ന് കുശലാന്വേഷണം. തീർന്നില്ല പോകാൻ ഒരുങ്ങിയപ്പോൾ ഒരു കൈ നിറയെ ചോക്ലേറ്റ് വാരി തന്നിട്ട് പറഞ്ഞു. "ഹാവ് എ നൈസ് ഡേ.”

നാലാമത്തെ സ്ത്രീ നാട്ടുകാരി തന്നെ. രണ്ടാം തലമുറ ഇന്ത്യക്കാരി. ഗുജറാത്തി. ഡോ. യശോധര കുമാർ. മടക്കയാത്രയ്ക്ക് രണ്ടു ദിവസം മുൻപ് ന്യൂജേഴ്‌സിയിൽ വച്ച് ഭാര്യ ജെയ്‌സിക്കു  കലശലായ പല്ലു വേദന. ഞങ്ങളുടെ ട്രാവൽ ഇൻഷുറൻസിൽ ദന്ത രോഗങ്ങൾ ഉൾപ്പെടുന്നില്ല. ആന്റി ബയോട്ടിക്‌സ് തൽക്കാലം കഴിച്ചു തുടങ്ങിയാൽ ആശ്വാസം കിട്ടുമെന്നറിയാം. 

പക്ഷെ അവിടെ ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ ആന്റിബയോട്ടിക്‌സ് വാങ്ങാനും സാദ്ധ്യമല്ല. നാട്ടിലെ ദന്ത ഡോക്ടറുമായും ബന്ധപ്പെട്ടു. ആന്റി ബയോട്ടിക്‌സും വേദന സംഹാരികളുമൊക്കെയായി ഒരാഴ്ച തട്ടിക്കൂട്ടി നാട്ടിൽ വരാനായിരുന്നു ഉപദേശം. അമേരിക്കയിൽ ദന്ത ഡോക്ടറുടെ അപ്പോയ്ന്റ്മെന്റ് കിട്ടാൻ തന്നെ ദിവസങ്ങളെടുക്കും. തന്നെയുമല്ല നല്ല ബില്ലുമാകും. 

മലാക്കയില്‍ മലയാളി അച്ഛനെയോര്‍ത്തു വിലപിക്കുന്ന മകന്‍ റിച്ചാര്‍ഡ്   

ഒരു മണിക്കൂർ ഡ്രൈവ് ചെയ്തുപോയാൽ നിലീനയുടെ ഭർത്താവ് വിൽ‌സന്റെ സുഹൃത്തിന്റെ ഭാര്യ ഒരു ഡോക്ടറുണ്ട്. അവരുടെ പക്കൽ നിന്നും ആന്റിബയോട്ടിക്സിന്റെ പ്രിസ്ക്രിപ്ഷൻ വാങ്ങാം എന്ന് കരുതിയിരിക്കുമ്പോളാണ് നിലീന റോബിൻസ്‌വില്ലിലെ ദന്ത ഡോക്ടർമാരുടെയെല്ലാം ഫോൺ നമ്പറുകൾ തപ്പിയെടുത്തത്. ആദ്യത്തെ നമ്പരിൽ തന്നെ വിളിച്ചു. 

ഡോ.യശോധര കുമാർ. പന്ത്രണ്ടു മണിക്ക് സമയം തന്നു. ആധുനിക സൗകര്യങ്ങൾ ഉള്ള കൺസൾട്ടിങ് സംവിധാനം. റിസെപ്ഷനിസ്റ്റ് വിവിധ ഫാറങ്ങളൊക്കെ പൂരിപ്പിച്ചു വാങ്ങി. ഒരസുഖവുമില്ലെന്നും, ഒന്നിനും അല്ലെർജിയില്ലെന്നുമൊക്കെ സമ്മതിച്ചു ഒപ്പിട്ടു കൊടുത്തു. 

കൃത്യം പന്ത്രണ്ടു മണിക്ക് തന്നെ ഞങ്ങളെ വിളിച്ചു. ഡോ.യശോധര പുഞ്ചിരിയോടെ കാര്യങ്ങളൊക്കെ തിരക്കി. ഇൻഷുറൻസ് ഇല്ലെന്നുള്ള കാര്യവും, ഉടനെയുള്ള  മടക്കയാത്രയുടെ വിവരവും ആദ്യമേ തന്നെ പറഞ്ഞു. എക്സ്റേ എടുത്തു, ഇൻഫെക്ഷൻ ഡ്രയിൻ ചെയ്തു, മരുന്നുകൾക്കും കുറിപ്പെഴുതി. ഏതാണ്ട് ഒരു മണിക്കൂർ പരിശോധനസമയം. 

ഇരുനൂറു ഡോളറെങ്കിലും പ്രതീക്ഷിച്ചു. കൗണ്ടറിലെത്തിയപ്പോൾ ബില്ലുതന്നു. നൂറ്റിരുപതു ഡോളർ. പക്ഷെ നൂറു ശതമാനം ഡിസ്‌കൗണ്ട്. പൂജ്യം ബിൽ. വിശ്വസിക്കാനായില്ല. നന്ദി പറയാൻ വീണ്ടും ഞങ്ങൾ ഡോ. യശോധാരയെക്കണ്ടു. നിരായുധരാക്കുന്ന ചിരിയോടെ അവർ പറഞ്ഞു. "ദാറ്റ് ഈസ് ഓക്കേ ഐ ക്യാൻ അണ്ടർസ്റ്റാൻഡ്". ഇങ്ങനൊരു ദന്ത ഡോക്ടറെ നാട്ടിൽ കണ്ടുകിട്ടുന്ന കാര്യം സംശയമാണ്.

ഈ അനുഭവങ്ങളൊക്കെ പഠിപ്പിച്ചത് ഈ രാജ്യത്തിന്റെ സംസ്കാരമാണ്. സ്വാഗതത്തിന്റെ വിളക്കേന്തി നിൽക്കുന്ന സ്വാതന്ത്ര്യത്തിന്റെ പ്രതിമയും വിളിച്ചോതുന്നത് മറ്റൊന്നല്ല. അതും ഒരു സ്ത്രീയുടെ പ്രതിമ ആയതു യാദൃശ്ചികമാവാം. അവർ അഞ്ചാമത്തെ മഹതി.

അടൂര്‍ ഗോപാലകൃഷ്ണന്‍,  അനൂപ് കുര്യന്‍ ചന്ദ്രമോഹന്‍ എന്നിവരൊത്ത്


'ഓൺ  ഐ ജിഎസി'ൽ 210  പേജുകളിലായി  18  അധ്യായങ്ങളാണുള്ളത്- 1. മണിപ്പാൽ - ഡൽഹി - മദ്രാസ്2. സിവിൽ സർവീസ് പ്രവേശനം 3. ഭാരത്ദർശൻ  4. ചെന്നൈ  - ചാർമിനാർ - തിരുപ്പതി 5. അനന്തപുരി6. കോട്ടയം മുതൽ കൽക്കട്ട വരെ  7. ഓ! കൽക്കട്ട 8. മാറ്റങ്ങളുടെ ലോകം 9. ചില സോഫ്ട്‍വെയർ കഥകൾ 10. ഇന്ദ്ര പ്രസ്ഥം 11. സ്വകാര്യവൽക്കരണവും കമ്പനിയും 12. ബാംഗ്ലൂർ ഡേയ്‌സ് 13. പവർ പൊളിറ്റിക്സ് 14. റെഗുലേറ്ററി കമ്മീഷൻ 15. തിരികെ സ്കൂളിലേക്ക് 16. ട്രൂലി ഏഷ്യ 17. വെസ്റ്റ്  ഈസ് വെസ്റ്റ്, 18. ഗോൾഫ്.

'അനുഭവങ്ങൾ പാളിച്ചകൾ' 1966ൽ പ്രസിദ്ധീകരിച്ച  തകഴിയുടെ ഒരു നോവലാണ്. സേതുമാധവന്റെ സംവിധാനത്തിൽ 1971ൽ അത് അതേപേരിൽ ചലച്ചിത്രമായി. തിരക്കഥ തോപ്പിൽ ഭാസി. പ്രേംനസീർ, സത്യൻ ഷീല എന്നിവർ മുഖ്യ  കഥാപാത്രങ്ങളായി പ്രത്യക്ഷപ്പെട്ട ചിത്രം വൻ വിജയമായിരുന്നു.  ജീവിതയാത്രയിലെ അനുഭവങ്ങളും  പാളിച്ചകളും  അതേപടി വരച്ചിടുന്ന മാത്യു ജോർജിന്റെ ആത്മകഥക്കു ഒരു നോവലിന്റെയോ ചലച്ചിത്രത്തിന്റെയോ പരിവേഷമുണ്ടെന്നാണ് എന്റെ പക്ഷം. 

ഓണാട്ടുകരയിലെ ചേപ്പാട് ഗ്രാമത്തിൽ ജനിച്ചു വളർന്ന മാത്യു തഹസിൽമാരായിരുന്ന അച്ഛനമ്മമാർ നൽകിയ സുരക്ഷിതത്വത്തിൽ അഭിരമിക്കാതെ പഠിച്ചു വളർന്നു പടവുകൾ വെട്ടിപ്പിടിച്ചു. ഇംഗ്ളീഷ് സാഹിത്യത്തിൽ മാസ്റ്റേഴ്സ്  എടുത്ത  അദ്ദേഹം വില്യം വേഡ് സ് വർത്തിന്റെ ജന്മനാട്ടിൽ, വടക്കു പടിഞ്ഞാറേ ഇംഗ്ലണ്ടിൽ കാംബ്രിയയിലെ ലേക്ക് ഡിസ്ട്രിക്ടിൽ പോയി  റൊമാന്റിസിസത്തിനു തുടക്കം കുറിച്ച അദ്ദേഹത്തിന്റെ ലിറിക്കൽ ബാലഡ്‌സിലെ ഈ വരികൾ ഓർത്തു നില്കുന്നു. 

'The best portion of a good man's life: his little, nameless 
unremembered acts of kindness and love.'
എന്നിട്ടു അവിടത്തെ ഡാഫോഡിൽസ് പൂക്കളെ താലോലിച്ച് ഈ വരികൾ ഓർമ്മിക്കുന്നു:

'I wandered lonely as a cloud
That floats on high o'er vales and hills,
When all at once I saw a crowd,
A host, of golden daffodils
Beside the lake, beneath the trees,
Fluttering and dancing in the breeze.'

ഗോള്‍ഫ്  ജന്മമെടുത്ത സ്‌കോട്‌ലന്‍ഡിലെ സെന്റ് ആന്‍ഡ്രൂസില്‍; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനില്‍ നിന്ന് ഗോള്‍ഫ് ട്രോഫി

ഈ പുസ്തകം വായിക്കുമ്പോൾ വേഡ്സ്‌ വർത്തിന്റെ വരികളിലെ കാല്പനിക സൗന്ദര്യം കണ്ടെത്താൻ ആർക്കും കഴിയുമെന്നാണ് എന്റെ വിശ്വാസം. 'എള്ളിനു  പേരുകേട്ടസ്ഥലമാണ് ഓണാട്ടുകര. രണ്ടു നെൽകൃഷിയുടെ ഇടയിൽ ഒരു എള്ളൂ  കൃഷി. അന്നത്തെ എള്ളുണ്ടയുടെ സ്വാദ് ഇന്നും നാക്കിലുണ്ട്,' എന്ന പ്രൊഫ. ഗുപതൻനായരുടെ ആത്മകഥയിൽ പറയുന്ന മധുരവും സൗമ്യവും ദീപ് തവുമായ ഓർമ്മകൾ ഈ പുസ്തകത്തിലുമുണ്ട്. 

കേരളവും ഇന്ത്യയും ലോകവും ഒരു ചിമിഴിലാക്കി തരുന്ന അനുഭവങ്ങളുടെ സമാഹാരമാണ് ഓൺ ഐജിഎസ്, അമ്പതു വർഷം.'

'യാത്രകൾ ഇഷ്ടമായ മാത്യു ജോർജ് മലേഷ്യയിലെ മലാക്കയിൽ വച്ച് ആകസ്മികമായി കണ്ടു മുട്ടിയ ഒരു റിച്ചാർഡിന്റെ  പറയുമ്പോൾ അയാളോടൊപ്പം വായനക്കാരുടെയും കണ്ണുകൾ ഈറനണിയുന്നു,' എന്നു ചൂണ്ടിക്കാണിക്കുന്നു  മുൻ ചീഫ് സെക്രട്ടറി വി. പി.  ജോയ്. റിച്ചാർഡ് വീടിനുള്ളിൽ പോയി ഫ്രെയിമിലാക്കിയ  ഒരു ചിത്രം കൊണ്ടുവന്നു കാണിക്കുന്നു. 'അച്ഛൻ ടി. ജനാർദ്ദനൻ  പിള്ളയുടെ ചിത്രമാണ്. ചൈനക്കാരിയിൽ ഉണ്ടായ മകനാണ് ഞാൻ. കഴിഞ്ഞ അമ്പതു  വർഷമായി ഞാനിതു  സൂക്ഷിക്കുന്നു. അച്ഛന്റെ നാട്ടിൽ ഇതു വരെ  പോയിട്ടില്ല.' എങ്കിലും ഒരിക്കലും കണ്ടിട്ടില്ലാത്ത  കേരളത്തെയോർത്ത് ആ മകൻ വിലപിക്കുന്നു' 

'ആരോടും പരിഭവം ഇല്ലാതെയും ആരെയും നോവിക്കാതെയും ആരെയും പരിഹസിക്കാതെയും എന്നാൽ സൃഷ്ടിപരമായ വിമർശനങ്ങൾ നടത്തിയും സത്യത്തിന്റെ മൂർച്ച ഒട്ടും കുറക്കാതെയുമാണ് വലിയൊരു വിരുന്നായി പുസ്തകം അവതരിപ്പിച്ചിരിക്കുന്നത്,'  സുപ്രീകോടതിയിലെ  റിട്ട. ജസ്റ്റീസ് കുര്യൻ ജോസഫ് ആശംസാകുറിപ്പിൽ പറയുന്നു. എത്ര ശരി!

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക