ഇത്, ചോദിക്കുന്നത് , എഴുതുന്നത് , ഒരു നിരീശ്വരവാദിയല്ല .ആരുടെയും വിശ്വാസം ചോദ്യം ചെയ്യുന്നതിനല്ല വിമർശിക്കുന്നതിനല്ല ഒരു സംശയം മാത്രം.
ഒരു കത്തോലിക്ക കുടുംബത്തിൽ ജനിച്ചു വളർന്നു. എല്ലാ ആചാര പ്രകാരം ജീവിച്ചു. ആകാലം പള്ളിയിൽ, മുടങ്ങാതെ പോയിരുന്നു . കുർബാന സമയം ബൈബിൾ വായിക്കുന്നത് കേട്ടിട്ടുണ്ട് എന്നതിൽ കവിഞ്ഞു അതിൽ പ്രത്യേക ശ്രദ്ധ ഒന്നും നൽകിയിട്ടില്ല . അത്ഭുതങ്ങൾ കേൾക്കുന്നത് ഒരു ഹരമായിരുന്നു . ഏതാണ്ട് പത്തു വർഷങ്ങൾക്കു മുൻപ്, ബൈബിൾ കുറച്ചു സമയമെടുത്തു വായിക്കുവാൻ തുടങ്ങി. പലേ ഭാഗങ്ങൾ ആവർത്തിച്ചു വായിച്ചു. ഈ ചോദ്യങ്ങൾ അതിൽനിന്നും ഉടലെടുത്തവ.
വേദ പുസ്തകങ്ങൾ എല്ലാ മതങ്ങളിലും ഉണ്ടല്ലോ . ക്രിസ്ത്യാനിക്ക് ബൈബിളും . ഈ വിശുദ്ധബൈബിളും ജീസസും ആയുള്ള ബന്ധം? അത് എനിക്കൊരു അന്വേഷണ വിഷയമായി തീർന്നു . നാം വായിക്കുന്ന പുതിയ നിയമ പുസ്തകങ്ങൾ,നാല് . അതെല്ലാം ശിഷ്യരുടെ പേരുകളിൽ, ഗ്രീക്ക് ഭാഷയിൽ മറ്റാരൊയൊക്കെ എഴുതിയവ. മൂന്നെണ്ണം, മാർക്ക് ,മാത്യു, ലുക്ക് ജീസസ് ക്രൂശിക്കപ്പെട്ടശേഷം, AD 50 തിനും അറുപതിനും ഇടയിൽ. ജോണിൻറ്റെ സുവിശേഷം AD 100 സമയം. ഇതിനെല്ലാം മുന്നിൽ പോൾ നിരവധി എഴുത്തുകളും എഴുതിയിട്ടുണ്ട് അവയും സുവിശേഷങ്ങളുടെ കൂടെ ചേർക്കപ്പെട്ടിട്ടുണ്ട് .
സുവിശേഷങ്ങൾ ഒരു ചരിത്ര ഗ്രന്ഥമെന്നോ, ജീസസ് ജീവചരിത്രമെന്നോ, ഒട്ടുമുക്കാൽ ചരിത്രകാരന്മാരും അംഗീകരിക്കുന്നില്ല. കാരണം ഇതിലെല്ലാം അവിശ്വസനീയതയും വൈരുദ്ധ്യതയും പലയിടത്തും കാണുന്നു. തന്നെയുമല്ല മൂലഗ്രന്ഥം ഒന്നും കണ്ടെടുത്തിട്ടില്ല. എഴുതിയവരാരും ദൃക്സാക്ഷികളോ ആ കാലഘട്ടത്തിൽ ജീവിച്ചവരോ അല്ല. എഴുതപ്പെട്ടിരിക്കുന്നത് ഗ്രീക്ക് ഭാഷയിൽ. ജീസസും ശിഷ്യരും സംസാരിച്ചിരുന്നത് അരാമിയക് എന്ന ഭാഷയിലും.
ആ സാഹചര്യത്തിൽ , തീർച്ചയായും ശിഷ്യ ഗണവും അതേ ഭാഷയിൽ സംസാരിച്ചിരിക്കണം? കൂടാതെ ഇവരെല്ലാം മുക്കുവർ ആയിരുന്നു എന്നും നാം കാണുന്നു. ഒന്നിൻറ്റെയും ആദിമ കൈയെഴുത്തുപ്രതി സൂഷിക്കപ്പെട്ടിട്ടില്ല .ഇവർ ഗ്രീക്ക് ഭാഷയിൽ എഴുതുന്നതിന് പ്രാപ്തിയുള്ളവർ ആയിരുന്നു എന്ന് ആരും കരുതുന്നില്ല.
പുതിയ നിയമ പുസ്തകങ്ങളുടെ രൂപീകരണമോ, ഭാഷയോ ഒന്നുമല്ല ഇവിടെ പ്രധാന വിഷയം. അതിലെ ഉള്ളടക്കം. ജീസസ് എങ്ങിനെ അന്നത്തെ ജൂത മത സമുദായത്തെ നേരിട്ടു ? നാലു സുവിശേഷങ്ങളിലും നാം വായിക്കുന്നു, ജീസസ് നടത്തിയിട്ടുള്ള പ്രഭാഷണങ്ങൾ, ശിഷ്യർക്കു നൽകിയിട്ടുള്ള നിർദ്ദേശങ്ങൾ കാട്ടിയ അത്ഭുതങ്ങൾ . അതിൽക്കവിഞ്ഞു , ജീസസ് താൻ എവിടെനിന്നും വരുന്നു, തൻറ്റെ ജനനമോ, ബാല്യ കാലത്തെ പ്പറ്റിയോ, മാതാപിതാക്കളെ ക്കുറിച്ചോ ഒന്നും വ്യക്തമായി ആരോടും സംസാരിച്ചിട്ടില്ല.
മാത്യു പറയുന്നു, ജീസസ് ജനിക്കുന്നത് ഹേറോദേസ് ഭരണസമയം . അതും ഒരു അജ്ഞേയമായ ഗർഭധാരണം വഴി. ജനിച്ച പൈതലിനെ ഹേറോദേസ് കൊല്ലുo എന്ന ഒരു വെളിപാട് പിതാവിനു ലഭിക്കുന്നു. നിർദ്ദേശ പ്രകാരം , ഹേറോദേസിനെ ഭയന്നു, ജോസഫ് മേരിയും കുഞ്ഞുമായി ഈജിപ്തിലേക്ക് പാരായണം നടത്തി. ഹേറോദേസ് മരിക്കുന്നതുവരെ അവിടെ പാർത്തു .
ലൂക്ക പറയുന്നു, ജീസസ് ജനിച്ചു 40 ദിനങ്ങൾക്കുള്ളിൽ മാതാപിതാക്കൾ, കുഞ്ഞിനെ, യഹൂദ നിയമം തോറ, ലെവിക്കിറ്റസ് 12, നിയമപ്രകാരം, ദേവാലയത്തിൽ കൊണ്ടുവരുന്നു ശുദ്ധീകരണ കർമ്മങ്ങൾക്കായി. ഇതിൽ ഒരു ഭിന്നത കാണുന്നു എങ്കിലും, ബൈബിളിൽ കാണുന്ന പരസ്പര വൈരുദ്ധ്യങ്ങൾ അല്ല ഇവിടത്തെ വിഷയം.
ജീസസ് യഹൂദ മതാചാരങ്ങൾ അനുസരിച്ചാണ് ജീവിച്ചത്. മതപ്രമാണിമാരെ വിമർശിച്ചിട്ടുണ്ട് എന്നാൽ മത സംഹിതകൾ പരിപാലിച്ചിരുന്നു. മാത്യു 5 :17 പറയുന്നുണ്ട് "കരുതേണ്ട ഞാൻ വന്നിരിക്കുന്നത് ഒരു നിയമവും ഇല്ലാതാക്കുന്നതിനല്ല പിന്നെയോ ശക്തിപ്പെടുത്തുന്നതിന്" ആ സാഹചര്യത്തിൽ ജീസസ് മറ്റൊരു മതം ആരംഭിക്കുന്നതിന് ശ്രമിച്ചുകാണുക അവിശ്വസനീയം.
ലൂക്ക് 2:41-52 കാട്ടുന്ന, 12 ആം വയസിൽ ജീസസ് നടത്തിയ ദേവാലയ ദർശനം ഒഴിച്ചാൽ, ജീസസ് വീണ്ടും പൊതു വേദിയിൽ എത്തുന്നത് 32 വയസിൽ ജോർദാൻ നദീ തീരത്തു സ്നാപക യോഹന്നാനിൽ നിന്നും മാമ്മോദീസ സ്വീകരിക്കുന്നതിന്. ഒരമ്മയിൽ നിന്നും ജനിച്ചിട്ടുള്ളതിൽ ഏറ്റവും മഹത്തായവ്യക്തി എന്ന്, ജീസസ് യോഹന്നാനെ വിശേഷിപ്പിക്കുന്നുണ്ട് . ഈസമയം ജീസസിന് അറിയാമായിരുന്നോ താൻ ദൈവമാണെന്ന് അഥവാ ദൈവത്തിനു തുല്യമെന്ന് ?
കൂടാതെ,ഏത് മതാചാരo, അനുസരിച്ചാണ് ഈ ജ്ഞാനസ്നാനo നടന്നത്? A D ഒന്നാം നൂറ്റാണ്ടിൽ എന്തായാലും ആ പ്രദേശത്തുള്ളതായി പറയുന്ന പ്രധാന വിശ്വാസം യഹൂദ മതം .അതിനു ശേഷം ജീസസ് നാൽപ്പതു ദിന ഏകാന്തവാസം നടത്തുന്നു. ഈ സമയം ശിഷ്യർ ഒന്നും ഇല്ലായിരുന്നു കാണുന്നതിനോ രേഖപ്പെടുത്തുന്നതിനോ .ബൈബിൾ അനുഭവജ്ഞർ പറയുന്നു മാർക്കിൻറ്റെ പേരിൽ എഴുതപ്പെട്ട ബൈബിൾ ആദ്യ പുസ്തകമെന്ന് .
ആ കാലം, ജൂതയായിൽ ജ്യൂതമതത്തിൽ മൂന്നു വിഭാഗങ്ങൾ ഉണ്ടായിരുന്നു എന്നു ചരിത്രം കാട്ടുന്നു. പാരസീസ് ,ഇവർ സാധാരണ ജനത. രണ്ട് ,സാധുസീസ് പുരോഹിത വർഗ്ഗം. ഇവരുടെ ചുമതലയിൽ ആയിരുന്നു ദേവാലയങ്ങൾ. ഇവർ പൊതുവെ റോമൻ ഭരണാധിപരുമായി സഹകരിച്ചു അടുപ്പത്തിൽ ജീവിച്ചിരുന്നു . ഇരു കൂട്ടർക്കും അതിൽനിന്നും നേട്ടങ്ങളും കിട്ടിയിരുന്നു.
മൂന്നാമത് എസീൻസ്, ഇവർ പൊതുവെ പട്ടണപ്രദേശത്തു നിന്നും മാറിനിന്നിരുന്നു.റോമൻ ഭരണത്തിൽ നിന്നും ജൂത ജനതയുടെ മോചനം ഇതായിരുന്നു അവരുടെ ലക്ഷ്യം. പലപ്പോഴും , ഇവർ റോമൻ സൈനികരെ ഒളിപ്പോരുകളിൽ ആക്രമിച്ചിരുന്നു .
സ്നാപക യോഹന്നാൻ വരുന്നത് എസീൻ വിഭാഗത്തിൽ നിന്നും. ഇയാൾ ഒരു പ്രവാചകനെ പ്പോലെ ജ്യൂത ജനതയുടെ പാപമോചനത്തിനായി പ്രഭാഷണങ്ങൾ നടത്തിയിരുന്നു. വീണ്ടും പലർക്കും മാമ്മോദീസയും നൽകിയിരുന്നു. ജീസസ് ജോർദാൻ നദീതീരത്തു വരുന്നതും യോഹന്നാനിൽ നിന്നും ജ്ഞാനസ്നാനo സ്വീകരിക്കുന്നതായി എഴുതപ്പെട്ടിരിക്കുന്നു.
പാരസീസ് പലപ്പോഴും റോമൻ ഭരണത്തിനെതിരായി അസ്വസ്ഥത കാട്ടിയിരുന്നു സംസാരത്തിലും പ്രവർത്തിയിലും. അത് കൈവിട്ടുപോയാൽ, സമരക്കാരെ വകവരുത്തുന്നതിനും റോമൻ ഭരണകൂടം മടിച്ചിരുന്നില്ല. ഉദാഹരണം സ്നാപക യോഹന്നാൻ വധിക്കപ്പെട്ടു. പ്രതിഷേധിക്കുന്നവർ കൃശിക്കപ്പെടുക ഒരുസാധാരണ സംഭവം ആയിരുന്നു.
ജീസസ് പുരോഹിത വർഗ്ഗത്തെ പലപ്പോഴും ചോദ്യം ചെയ്തിരുന്നു. ജീസസ് ദേവാലയത്തിൽ നിന്നും കച്ചവടക്കാരെ ചാട്ടവാറു വീശി ഇറക്കിവിടുന്നത് നാം സുവിശേഷത്തിൽ വായിക്കുന്നുണ്ട്. അതിനാൽ ജീസസ് പുരോഹിതരുടെ എതിരാളി ആയി മാറി. അവർ ഇയാളെ ഇല്ലാതാക്കുന്നതിന് ഒരവസരം കാത്തിരുന്നു .
വിപ്ലവകാരി ആയി മുന്ദ്ര കുത്തകുത്തപ്പെട്ട ജീസസിനെ, റോമാക്കാരുടെ സഹായത്തിൽ കുരിശിലേറ്റി കൊന്നു. വിമതരെ ഇല്ലാതാക്കുക കൂടെക്കൂടെ ആ കാലത്തു ജൂദയയിൽ നടന്നിരുന്നു. അതുതന്നെ ജീസസിനും സംഭവിച്ചു. അതിലപ്പുറം ഇതിൽ മറ്റൊന്നും കാണുന്നില്ല. ജീസസ് ഒരു യഹൂദ മാതാപിതാക്കൾക്ക് ജനിച്ചു. യഹൂദനായി വളർന്നു നേരത്തെ സൂചിപ്പിച്ചതുപോലെ യഹൂദനായി കൊല്ലപ്പെട്ടു.
സ്നാപക യോഹന്നാനും, ശിഷ്യഗണങ്ങൾ ഉണ്ടായിരുന്നു അതുപോലെ ജീസസിനും . രണ്ടുപേരും അവരുടെ രീതികളിൽ അന്നത്തെ പുരോഹിതരെ വിമർശിച്ചിരുന്നു. വെള്ളയടിച്ച കുഴിമാടങ്ങൾ എന്നുവരെ ഇവരെ വിളിച്ചിരുന്നു.
ബാർട്ട് ഹെർമൻ, പ്രസിദ്ധനായ ഒരു ബൈബിൾ നിപുണൻ. ഇയാൾ എഴുതിയ “ജീസസ് എങ്ങിനെ ദൈവമായി” ഈ പുസ്തകത്തിൽ ചൂണ്ടിക്കാട്ടുന്നു , ജീസസ്സിനു മുന്നിൽ BC കാലഘട്ടത്തിൽ, റോമാ സാമ്രാജ്യത്തും, ഗ്രീസിലും, അന്നത്തെ ഭരണാധിപരെ, ദൈവമോ ദൈവപുത്രനോ ഒക്കെയായികണ്ടിരുന്നു . ഭരണാധിപർ അവകാശപ്പെട്ടിരുന്നു തങ്ങൾ ദൈവങ്ങൾ എന്ന് . ഇവരെ ആധാരമാക്കി പ്രചരിച്ചിരുന്ന പലേ കഥകളും, ജീസസിൻറ്റെ ചരിത്രവുമായി സാദൃശ്യം എടുത്തുകാട്ടുന്നവ എന്ന്.
അതിൽ ശ്രദ്ധേയമായവർ അപ്പോളൊനിയസ് ഓഫ് ത്യയാന, റോമിലെ സീസർ ചക്രവർത്തി പലരും ദൈവികത അവകാശപ്പെട്ടിരുന്നു. ഇവരൊക്കെ ജനിക്കുന്നതും ജീസസ് ജനിച്ചതുപോലെ ഒരു ദൈവികമായ ഇടപെടൽ മുഗാന്ദിരം.
ഫ്ലാവിയസ് ജോസീഫസ് എന്ന ചരിത്രകാരൻ ജീസസ്സിനെ പരാമർശിച്ചു എഴുതിയ ഏതാനും വാക്കുകൾ "ആൻറ്റിക്യുറ്റിസ് ഓഫ് ദി ജ്യൂസ് " എന്ന ഗ്രന്ഥത്തിൽ എഴുതിയിട്ടുണ്ട്. ആ വാക്കുകൾ " now there was about this time Jesus, a wise man".അതിനപ്പുറം ഇയാൾ ജീസസ് നടത്തിയ അത്ഭുത പ്രവർത്തികൾ ഒന്നും പരാമർശിക്കുന്നില്ല .
ക്രിസ്ത്യാനിറ്റി അനുകരിക്കുന്നത് പ്രധാനമായും നാലു സുവിശേഷങ്ങൾ,കൂടാതെ പോൾ എഴുതിയ കത്തുകൾ. മറ്റു പലരും ആ സമയം, വേറെയും ബൈബിളുകൾ എഴുതിയിട്ടുണ്ട് ഉദാഹരണം തോമസ്, മേരി .എന്നാൽ അവയൊന്നും, സഭാ നേതാക്കൾ കാനൻ പുസ്തകകങ്ങളിൽ ഉൾപ്പെടുത്തിയിട്ടില്ല.
ജീസസ് കൊല്ലപ്പെട്ട ശേഷം മൂന്നാം നാൾ ഉയർത്തെഴുന്നേറ്റു എന്നതാണ് ക്രിസ്ത്യൻ വിശ്വാസം. ഇത് എല്ലാ പ്രപഞ്ച നിയമങ്ങളെയും വർജ്ജിക്കുന്ന ഒരു സംഭവം.
ജീസസ് ക്രൂശിക്കപ്പെട്ടു മൂന്നാം ദിനം ഉയിർത്തെഴുന്നേറ്റു എന്നു കരുതുക. ജീസസ് ഉയർത്തെഴുന്നേറ്റതും ജ്യൂതനായിട്ട് ആയിരിക്കണമല്ലോ ? ജീസസ് ഉടനെ മറ്റൊരു മതം നിർമ്മിച്ചതായി ഒരു ശിഷ്യനും പറയുന്നില്ല.
ജീസസിനു ശേഷം സഹോദരൻ ജെയിംസ് ആയിരുന്നു പ്രധാനി. അദ്ദേഹം ജ്യൂതനായിത്തന്നെ മുന്നോട്ടു പോയി. ജീസസ് നീക്കത്തിലെ പുതിയ അനുയായികൾ ജ്യൂതമത നിബന്ധനകൾ പാലിച്ചിരിക്കണം അതൊരു നിബന്ധന ആയിരുന്നു. പീറ്ററും മറ്റു പലേ ശിഷ്യരും കൂടെ ഉണ്ടായിരുന്നു.
പോൾ രംഗപ്രവേശനം
ഇത് ജീസസ് അനുയായികളിൽ വരുത്തിയ ഒരു പ്രധാന വ്യതിചലനം . പോൾ (സാൽ ) ജറുസലേമിൽ നിന്നും ഡാമസ്ക്കസിലേയ്ക്കുള്ള യാത്രാവേളയിൽ ഒരു നിഗൂഢതയിൽ സ്വപ്നാവസ്ഥയിൽ ജീസസിനെ കാണുന്നു ശ്രവിക്കുന്നു. പലേ ചരിത്രജ്ഞർ പറയുന്നു പോൾ ജീസസിന് സമകാലീനൻ ആയി ജൂദയയിൽ ജീവിച്ചിരുന്നിരിക്കാം. എന്നാൽ പോൾ ജീസസിനെ നേരിൽ കണ്ടിട്ടില്ല കേട്ടിട്ടില്ല. ജീസസ് ക്രൂശിക്കപ്പെട്ടത് പോൾ അറിയുന്നില്ല. എന്നാൽ അറിയുന്നത്, ഉയിർത്തെഴുന്നേൽപ്പ് കഴിഞ്ഞ ശേഷം. പോൾ ഡമാസ്‌ക്കസിന് പോകുന്ന വഴി ജീസസ് സ്വപ്നത്തിൽ സംസാരിക്കുന്നു.
ബൈബിൾ പറയുന്നതനുസരിച്ചു ജീസസ് ക്രൂശിക്കപ്പെടുന്നതിനു മുന്നിലും പിന്നിലും വളരെ സംഭവ ബഹുലമായ പലതും നടന്നിരിക്കുന്നു . പീലാത്തോസിനു മുന്നിൽ നടന്ന പരസ്യ വിചാരണ. കുരിശും ചുമന്നുകൊണ്ടുള്ള യാത്ര. മരണപ്പെട്ടസമയം കല്ലറകൾ തുറക്കപ്പെടുന്നു മരിച്ചവർ വീണ്ടും തെരുവുകളിൽ. ഇതൊന്നും മറച്ചുവയ്ക്കുവാൻ പറ്റുന്ന വാർത്തകളല്ല . എന്തുകൊണ്ട് പോൾ ഇതൊന്നും ആരിൽനിന്നും കേട്ടിട്ടില്ല?
ജീസസ് തന്നോടു സംസാരിച്ചു, നല്ല വാർത്ത മറ്റു സമുദായങ്ങളിൽ കൂടി പരസ്യമാക്കുന്നതിന് തനിക്കു അധികാരം നൽകി. അവിടെ വ്യതിയാനം ആരംഭിക്കുന്നു . ആർക്കും ജീസസ് അനുയായി ആകാം ഒരു ജ്യൂതനായിരിക്കണം സുന്നത്ത് നടന്നിരിക്കണം ആ നിബന്ധനകൾ തള്ളിക്കളഞ്ഞു .
പോൾ തൻറ്റെ സന്ദേശവും ആയി പലേ സ്ഥലങ്ങളിൽ സഞ്ചരിച്ചു. നിരവധി കത്തുകൾ പോൾ എഴുതി വിശ്വാസികൾക്ക് നൽകിയിരുന്നു. അതും, മൂലമായ ഒന്നും കണ്ടുകിട്ടിയിട്ടില്ല. അവയെ ഇന്നു കാണുന്നത് ആദ്യ സുവിശേഷങ്ങൾ ആയി. പോൾ യാത്രകളിൽ അവസാനം റോമിൽ എത്തി അവിടെ നീറോ ചക്രവർത്തി ഇയാളെ ശിരച്ഛേദം നടത്തിയതായി പറയുന്നു.
കോൺസ്റ്റാന്റീൻ ചക്രവർത്തി. അടുത്ത പരിവർത്തനം.
മൂന്നാം നൂറ്റാണ്ടിൽ, റോമൻ ചക്രവർത്തി. കോൺസ്റ്റാൻറ്റീൻ, രംഗത്തെത്തുന്നു ജീസസ് അനുയായി ആയി. ഏതാണ്ട് മെഡിറ്ററേറിയൻ മേഖല മുഴുവൻ ആ സമയം കോൺസ്റ്റാന്റീൻ ഭരണത്തിലായിരുന്നു . ഇവിടാണ് വാസ്തവത്തിൽ ഇന്നു നാം കാണുന്ന ക്രിസ്ത്യാനിറ്റിയുടെ തുടക്കം. ആ സമയംവരെ ജീസസ് നീക്കം എന്നപേരിൽ അനുയായികൾ പ്രവർത്തിച്ചിരുന്നു ഇവർ റോമൻ ഭരണകൂടത്തെ ഭയപ്പെട്ട് അവരുടെ വിശ്വാസം പരസ്യമായി പ്രദർശിപ്പിരുന്നില്ല .അതിനൊരു വ്യതിയാനം വരുത്തുന്നു ജീസസ് നീക്കം റോമിൽ അംഗീകരിക്കുന്നു. കോൺസ്റ്റാൻറ്റീൻ ക്രിസ്ത്യൻ ആരാധനാ ക്രമങ്ങൾ അംഗീകരിക്കുന്നു. ക്രിസ്ത്യാനിറ്റി റോമിലെ ഔദ്യോഗിക മതമായി മാറുന്നു. ആ സമയം ഹീബ്രു ഭാഷയിൽ അറിയപ്പെട്ടിരുന്ന യേശു ഗ്രീക്കിൽ ജീസസ് ക്രൈസ്റ്റ് ആയി മാറുന്നു .
പലേ നേതാക്കൾ പലേ രീതികളിൽ നയിച്ചിരുന്ന ക്രിസ്ത്യൻ സമുദായത്തെ ഒരു കൊടിക്കീഴിൽ കൊണ്ടുവരുന്നതിന് കോൺസ്റ്റാന്റീൻ തുടക്കമിടുന്നു. 325 AD കോൺസ്റ്റാൻറ്റീൻ ആദ്യ സൂനഹദോസ് തുർക്കിയിൽ നീസ് എന്ന സ്ഥലത്തു വിളിച്ചു കൂട്ടുന്നു. തുർക്കിയിൽ കോൺസ്റ്റാൻറ്റിനോപോൾ ഇന്നത്തെ ഇസ്താംബുൾ ആയിരുന്നു റോമ സാമ്രാജ്യ തലസ്ഥാനം.
ആ സമ്മേളനത്തിൽ, മുന്നൂറിലേറെ ബിഷൊപ്പുമാർ സംബന്ധിച്ചു എന്നു കാണുന്നു. അവിടെ ചർച്ചകളും, ഭിന്നാഭിപ്രായക്കാർ തമ്മിലുള്ള വാദപ്രതിവാദങ്ങളും നടന്നു. അതിൽ ശ്രദ്ധേയമായത്. അന്നത്തെ രണ്ടു സഭാ നേതാക്കൾ അലക്സാണ്ടർ കൂടാതെ ഏരിയാസ്. ഇവർ തമ്മിൽ ഒരു വാദമുഖമുയർന്നു ജീസസ് അവസ്ഥ എന്ത്? ജീസസ്, സ്വയംഭൂവായ ദൈവത്തിനു തുല്യനോ, അതോ ദൈവത്തിനു പ്രധാനപ്പെട്ട സൃഷ്ടിക്കപ്പെട്ട മനുഷ്യനോ? ഈ തർക്കത്തിൽ അലക്‌സാണ്ടർ വിജയിച്ചു. ആലോചന സമിതി തീരുമാനിക്കുന്നു ജീസസ് വെറും മനുഷ്യനല്ല ആ സമയം മുതൽ ദൈവമായി മാറുന്നു .ഏരിസിനെ സമ്മേളനത്തിൽനിന്നും ഒഴിവാക്കുന്നു.
സഭയിൽ അംഗങ്ങളുടെ വിശ്വാസം ഉറപ്പിക്കുന്നതിനായി ഒരു മതവിശ്വാസ പ്രാർത്ഥനയും അവിടെ രൂപമെടുത്തു. അത് ഇന്നും എല്ലാദിനവും കുർബാനയിൽ ചൊല്ലപ്പെടുന്നു അതാണ് "നീസിൻ ക്രീദ് "
നാലു സുവിശേഷങ്ങൾ അതിൽ മൂന്ന്, മാർക്ക്, മാത്യു, ലുക്ക് വ്യതിയാനങ്ങൾ ഉണ്ട് എങ്കിൽത്തന്നെയും ഇവയുടെ ഉൽഭവസ്ഥാനം ഒന്ന് എന്നു സുവിശേഷ നിപുണർ പറയുന്നു. ഇതിലൊന്നിലും ജീസസ് താൻ ഒരു ദൈവം എന്ന് അവകാശപ്പെടുന്നില്ല.ദൈവപുത്രൻ , തന്നിൽ കൂടിയേ ദൈവത്തിൽ എത്തുവാൻ പറ്റൂ എന്നെല്ലാം പറയുന്നുണ്ട് . മേരിയും ഒരിടത്തും തൻറ്റെ പുത്രൻ ജനിച്ചത് ദൈവികമായ ഗർഭധാരണം മുഖാന്തിരം എന്നോ, പുത്രൻ ഒരു ദൈവമെന്നോ ഒരിടത്തും സൂചിപ്പിച്ചിട്ടില്ല.
എന്നാൽ അതുപോലല്ല ജോണിൻറ്റെ സുവിശേഷം. ഇത് ഗ്രീക്ക് ഭാഷയിൽ എഴുതപ്പെടുന്നത് ജീസസ് ക്രൂശിക്കപ്പെട്ട് ഏതാണ്ട് 100 വർഷങ്ങൾക്കു ശേഷം. മറ്റൊരു വേദപുസ്തകം എന്നതിലുപരി ഈ സുവിശേഷത്തെ ചരിത്രകാരന്മാർ കാണുന്നത് ഒരു ക്രിസ്തീയദൈവശാസ്ത്ര പുസ്തകമായിട്ട്. ഇതിൽ പലേടത്തും ജീസസ് ദൈവമായിരുന്നു എന്നു സൂചിപ്പിക്കുന്നു .
ആദ്യ മൂന്നു ഗോസ്‌പലുകൾ, സാദൃശ്യമുള്ളവ (സിനോപ്റ്റിക്) എന്ന് ബൈബിൾ പൺഡിതർ നാമകരണം നടത്തിയിരിക്കുന്നു. എന്നാൽ ജോൺ ഗോസ്പൽ വീണ്ടും അൻപതു വർഷങ്ങൾ കൂടി താമസിച്ചു എഴുതപ്പെട്ടത് .ഇതിൽ ആദ്യ മൂന്നു പുസ്തകങ്ങളിൽ കാണുന്ന പലതും കാണുന്നില്ല എന്നുമാത്രമല്ല ഇതിൽ ജീസസിനെ ദൈവമായി ചിത്രീകരിക്കുന്നു.
തുടകത്തിടൽ കാണാം, "അബ്രഹാമിന് മുന്നെ ഞാനുണ്ട് , ഞാനും പിതാവും ഒന്ന് ",എന്നെ കാണുന്നവർ പിതാവിനെയും കാണുന്നുണ്ട്. ഇവിടെ കാണുന്ന ഭിന്നത, എന്തുകൊണ്ട് ആദ്യ മൂന്നു സുവിശേഷങ്ങളിൽ ഇതുപോലെ ജീസസ് പ്രഖ്യാപിക്കുന്നതായി കാണുന്നില്ല?
സുവിശേഷങ്ങൾ ഒരു തുറന്ന ചിന്തയുടെ വെളിച്ചത്തിൽ വായിക്കുക. അതിനുശേഷം എല്ലാവർക്കും, അവർക്ക് അനുയോജ്യമായ നിഗമനങ്ങളിൽ എത്താം. വീണ്ടും സൂചിപ്പിക്കുന്നു ആരുടെയും വിശ്വാസം ചോദ്യം ചെയ്യുന്നില്ല വെറുമൊരു നിഗമനം മാത്രം. ജീസസ് ഒരു ചരിത്ര പുരുഷൻ ആയിരുന്നു എന്നതിൽ തർക്കമില്ല . റോമൻ ഭരണ സമയം ജൂതയിൽ, AD ആദ്യ നൂറ്റാണ്ടിൽ ജനിച്ചു ജീവിച്ചു. യഹൂദ ജനതക്ക് വീണ്ടും ഒരു മോചനവും മോക്ഷവും ആഗ്രഹിച്ചു പ്രഭാഷണങ്ങൾ നടത്തി. അത് പുരോഹിത വർഗ്ഗത്തെയും റോമൻ ഭരണത്തെയും പ്രകോപിപ്പിച്ചു ജീസസ് വധിക്കപ്പെട്ടു. ആഗോളതലത്തിൽ, പലേ രീതികളിൽ,രൂപങ്ങളിൽ, ജീസസ് ആരാധിക്കപ്പെടുന്നു ആദരിക്കപ്പെടുന്നു .
ജീസസ് വധിക്കപ്പെട്ടശേഷം പോൾ ജീസസിനെ യഹൂദ മതത്തിൽ നിന്നും വിമോചിതനാക്കി. അതിനുശേഷം കോൺസ്റ്റാറ്റിൻ രാജാവ്, ആദ്യ നിസിയൻ സുനഹദോസിൽ, ജീസസിനെ ദൈവവും ആക്കി. എന്നാൽ, ഒരു മത വിശ്വാസിയുടെ വീക്ഷണത്തിൽ, വിശ്വാസത്തിൽ, ജീസസ് ക്രിസ്തുമതം സ്ഥാപിച്ചു ജീസസ് ദൈവവുമാണ് .